ഒരു അവധൂത സ്പർശ്ശം
ഒരു അവധൂത സ്പർശം
ഒരു വൈകുന്നേരം
ഒരു പെട്ടിക്കടയിൽ നിന്നും മസാല ചായ വാങ്ങി ആസ്വദിച്ചു കുഴിക്കുമ്പോഴാണ്
"ചിന്നസ്വാമി "
എന്ന വിളികേട്ടത്
തിരിഞ്ഞ് നോക്കിയപ്പോൾ ഇരുനിറത്തിൽ
ആരോഗ്യ ദൃഢഗാത്രനായ ഒരാൾ
തിളങ്ങുന്ന കണ്ണുകളും നീളമുള്ള ,ജഡപിടിച്ച മുടിയും നീണ്ട , കെട്ടിയിട്ട താടിയും
കറുപ്പു മുണ്ടും തോളിൽ ഒരു ഭാണ്ഢ കെട്ടും കയ്യിൽ തലയോട്ടി പോലത്തെ ഒരു പാത്രവും ആയി ഒരു സന്യാസി (അന്ന് ചൈനക്കാരുടെ തലയോട്ടി ഇറങ്ങിയിട്ടില്ലാത്തതിനാൽ ഏതെങ്കിലും ചത്തുപോയവൻറെ താവാൻ സാധ്യതയുണ്ട് )
പത്ത് പതിനേഴ് വയസ്സിൽ ഭാരതം മുഴുവൻ തെണ്ടി തിരിഞ്ഞ് നടക്കുന്ന കാലം
നാസിക്കിൽ തൃയംബകേശ്വറിൽ
താമസിക്കുമ്പോഴാണ് സംഭവം
സ്വൽപം സാധനാ പൊങ്ങച്ചവുമായി ഒരു ശിഖയൊക്കെ വെച്ച് ചുവന്ന പട്ടൊക്കെ ഉടുത്ത്, സ്കെയിൽ വെച്ച് ഭസ്മക്കുറി വരച്ച്
വേഷം കെട്ടി നടക്കുന്ന സമയം
എന്നെ കണ്ടപ്പോൾ ഒരു മലയാളി ലുക്ക് തോന്നിയത് കൊണ്ടാവാം അദ്ദേഹം തമിഴിലാണ് തുടർന്ന് സംസാരിച്ചത്
ഒരു ചായ വാങ്ങി കൊടുക്കുമോ ?
അദ്ദേഹം ചോദിച്ചു
ഞാൻ ചായ വാങ്ങി കൊടുത്തു
അയാൾ അത് ഒരു സ്ഥലത്തിരുന്ന് കുടിക്കുമ്പോൾ
വാങ്ങി കൊടുത്ത ആൾ എന്ന അഹങ്കാരത്തിൽ ഞാനും അടുത്ത് പോയിരുന്നു. വെറുതെ ഒന്ന് പരിചയ "പെടാ"മെന്ന് കരുതി
തലയോട്ടിയുടെ കാര്യത്തിൽ ഒരു സൂക്ഷ്മ നിരീക്ഷണവും ആവാം
എന്ന ചിന്തയും എന്നെ അതിന് പ്രേരിപ്പിച്ചു., തെല്ല് ഉൾഭയം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ അറിയുന്ന തമിഴിൽ ഞാൻ ചോദിച്ചു
സ്വാമി എവിടെയാ ?
"ഇപ്പോ ഇവിടെ
അത് മാത്രമേ അറിയൂ "
എന്ന് മറുപടി
പേര് ?
ഞാൻ അർദ്ധോക്തിയിൽ നിർത്തി അദ്ദേഹത്തിന്റെ കണ്ണിലേക്ക് നോക്കി
"കത്ത് വരാനുള്ളവർക്കല്ലേ
പേരും അഡ്രസ്സും വേണ്ടു "
"നമുക്കിപ്പോ അതൊന്നും ഇല്ല
അച്ഛൻ പരമേശ്വരൻ
അമ്മ ശ്രീ ഭഗവതി സ്വദേശം ഭുവനത്രയം അത്ര തന്നെ "
ചൂട് മസാല ചായ ആസ്വദിച്ച്
കുടിച്ച് കൊണ്ട് പറഞ്ഞു
ഞാൻ വാങ്ങിയ ഒരു പാക്കറ്റ് ബിസ്ക്കറ്റ് അദ്ദേഹത്തിന് കൊടുത്തു
അതിൽ നിന്നും ഒരു ബിസ്ക്കറ്റ്
എടുത്ത് കഴിച്ച് ചുറ്റിലും നോക്കി
ഒരു ശബ്ദ മുണ്ടാക്കിയപ്പോൾ
അവിടെ , ഇവിടെയായി നിന്നിരുന്ന നായകൾ ഓടിവന്നു
അദ്ദേഹം സ്നേഹത്തോടെ എന്തൊക്കെയോ കിന്നാരം പറഞ്ഞു കൊണ്ട് ബിസ്ക്കറ്റുകൾ നായകൾക്ക് കൊടുത്തു അവ ഒട്ടും ഭയമില്ലാതെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ബിസ്കറ്റുകൾ
വാങ്ങി കഴിച്ചു കൊണ്ടിരുന്നു.
"പിന്നെ സ്വന്തക്കാരും ബന്ധുക്കളുമായി ഇപ്പോ ഇവരും "
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അദ്ദേഹം തുടർന്നു.
നിങ്ങൾ കേരളാവിൽ എവിടെയാണ് ?
"കോഴിക്കോട് "
അങ്ങ് കേരളത്തിൽ വരാറുണ്ടോ ?
ഉത്തരത്തിനു ഒപ്പം അങ്ങട് ഒരു ചോദ്യവും
ഗുരുവായൂർ ഇടയ്ക്കിടെ വരാറുണ്ട് പെരിയ ഇടം
ചിന്നസ്വാമി പോകാറുണ്ടോ ?
അദ്ദേഹം ചോദിച്ചു.
ഗുരുവായൂരപ്പൻ നമ്മുടെ ചങ്കാണ് ഞങ്ങൾ ഇടയ്ക്കിടെ പോവാറുണ്ട് ഞാൻ തെല്ല് അഹങ്കാരത്തിൽ പറഞ്ഞു
ഗുരുവായൂർ നിങ്ങൾ വിചാരിച്ച ഇടമല്ല
ഗുരുവായൂർ പെരിയ യോഗീശ്വരന്റെ സമാധി ഇടം
ചെറിയ ചിരിയോടെ അദ്ദേഹം അദ്ദേഹം പറഞ്ഞു
ഗുരുവായൂരിനെ കുറിച്ച് കൂടുതൽ അറിയാനായി വളരെ ജിജ്ഞാസയോടെ ഞാൻ അദ്ദേഹത്തിൻറെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു
പിന്നീട് തമിഴും മലയാളവും കലർന്ന ഭാഷയിൽ അദ്ദേഹം തുടർന്നു
തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രധാനക്ഷേത്രങ്ങൾ എല്ലാംതന്നെ യോഗീശ്വരന്മാരുടെ സമാധി സ്ഥലങ്ങളാണ്
നാഗസന്യാസിമാർക്ക്
ഹരിദ്വാറിലെ മഹാ കുംഭമേള
സിദ്ധർക്ക് ചതുരഗിരി
അതേ പോലെ ഞങ്ങൾ അവധൂത ആചാരികൾക്ക്
വളരെ പ്രധാനപ്പെട്ട സ്ഥലമാണ്
സമാധി സ്ഥലങ്ങൾ അവയിൽ
പ്രധാനപ്പെട്ടതാണ്
ഗുരുവായൂർ
പഴനിയിൽ ഭോഗർ ജീവസമാധിയി ലിരിക്കുന്നു.അതേപോലെ ഗുരുവായൂരിൽ യോഗേശ്വരന്റെ മഹാസമാധിയാണ്
ഗുരുവായൂർ ഏകാദശി കഴിഞ്ഞ് ദ്വാദശിക്ക് അവിടെ പ്രിയമാണ്
യോഗീശ്വര പൂജ നടക്കാറുണ്ട്
ഗുരുവായൂർ ക്ഷേത്രത്തിൽ എവിടെയാണ് ഈ സമാധി ഉള്ളത് ഞാൻ ഇത്രയും കാലം ഗുരുവായൂർ പോയിട്ട് അത് കണ്ടിട്ടില്ലല്ലോ സ്വാമിജി ?
ഞാൻ അദ്ദേഹത്തോട് ചോദിച്ചു
ഗുരുവായൂർ ക്ഷേത്രത്തിന് അടിയിലും അറ ഇരുക്ക് അതാർക്കും തെരിയില്ല
നാം സാധാരണ കോവിലിനകത്ത്
കയറാറില്ല ആ തിരക്കും ബഹളവും ഒന്നും എനിക്ക് പിടിക്കില്ല
ആ പ്രദേശത്ത് എവിടെയെങ്കിലും ഒന്നോ രണ്ടോ ദിവസം ഇരിക്കും തിരിച്ചുപോരും
(പിന്നീട് ഗുരുവായൂർ പോവുമ്പോഴൊക്കെ
ക്ഷേത്രപരിസരത്ത് ധാരാളം
അവധൂതൻ മാരെയും
സിദ്ധ സന്യാസികളെയും കാണാറുണ്ട് )
സമാധി ഇടങ്ങളിൽ മൗനവും ധ്യാനവും ആണ് പ്രധാനം
പുണ്യമാന മണ്ണ് അവിടെ എവിടെ
ഇരുന്നാലും പുണ്യം താൻ
ഇത്രയും പറഞ്ഞ് ചായ ഗ്ലാസിലെ അവസാന തുള്ളിയും ആസ്വാദിച്ച് കുടിച്ച് അദ്ദേഹം
എഴുന്നേറ്റു തൻറെ ഭാണ്ഡക്കെട്ട് മെടുത്തു തിരിഞ്ഞു നടക്കാൻ തുടങ്ങി
അങ്ങ് എത്ര ദിവസം ഇവിടെ ഉണ്ടാവും ? ഞാൻ ചോദിച്ചു
അങ്ങനെ നിശ്ചയം ഒന്നുമില്ല
ആരും എവിടെയും കാത്തു നിൽക്കുന്നുമില്ല ഉള്ളിൽ ഒരു വിളി വരും അവിടേക്ക് പോകും
ഈ പ്രാവശ്യം ഗോദാവരിയുടെ മൂല സ്ഥാനത്തേക്കുള്ള വിളിയാണ്
അവിടേക്കുള്ള യാത്രയാണ്
തണ്ണി ഉറവതൻ മൂലം
സമാധികൾ തൻ നിലം
രണ്ടും മഹാ പുണ്യം
ഈശ്വര ചൈതന്യം നിറഞ്ഞ ഇടം
വെറുതെ പോയി ഇരുന്നാൽ മതി
ആനന്ദാനുഭൂതിയുണ്ടാകും
എന്ന് പറഞ്ഞ് തന്റെ ഭാണ്ഢവുമെടുത്ത് നടന്നു.
അദ്ദേഹത്തിന്റെ നടത്തം വളരെ വേഗത്തിലായിരുന്നു. നോക്കി കൊണ്ടിരിക്കെ അയാൾ വളരെ ദൂരെയെത്തിയിരുന്നു.
പക്ഷെ ആ മുഖം എന്റെ മനസ്സിൽ നിന്നും മായുന്നുണ്ടായിരുന്നില്ല
ഞാൻ കടക്കാരന് കാശ് കൊടുക്കുന്നതിനിടയിൽ
എന്റെ മനസ്സ് വായിച്ച വണ്ണം കടക്കാരൻ പറഞ്ഞു
"വലിയ സിദ്ധിയൊക്കെയുള്ള സ്വാമിയാണെന്ന് തോന്നുന്നു.
ഇടക്കിടെ ഇവിടെ വരാറുണ്ട്
ചിലപ്പോൾ കൂടെ ഒരു പാട് പേർ ഉണ്ടാവും ചിലപ്പോൾ ഇതുപോലെ ഒറ്റക്ക് "
വലപ്പോഴും ഇതു പോലെ ഒരു ചായ കുടിക്കും അത്രയും ഹിന്ദിയിൽ പറഞ്ഞ് അയാളും
അയാളുടെ ജോലിയിൽ മുഴുകി
എന്റെ മനസ്സിൽ , ശരീരത്തിൽ, ബോധത്തിൽ എന്തൊക്കെയോ
മാറ്റങ്ങൾ ഉണ്ടാവുന്നത് ഞാനറിഞ്ഞു.
ഒരു ലക്ഷ്യബോധവുമില്ലാതെ
ത്രയംബകേശ്വരനെ മനസ്സിൽ ധ്യാനിച്ച് നടന്നു. എന്റെ നടത്തത്തിനും വേഗത കൂടിയതുപോലെ അനുഭവപ്പെട്ടു.
ആ നടത്തം അവസാനിച്ചത്
ഒരു വലിയ ശ്മശാനത്തിലാണ്
ധാരാളം സമാധി മണ്ഡപങ്ങൾ
ഉള്ള മഹാസതി നടന്ന സ്ഥലം
മഹാസതി
പണ്ട് കാലങ്ങളിൽ
യുദ്ധം നടക്കുമ്പോൾ
യുദ്ധത്തിൽ ജയിച്ച പട്ടാളക്കാർ
പരാജയപ്പെട്ട രാജ്യത്തിലെ വിധവകളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തടവിൽ വയ്ക്കുക പതിവായിരുന്നു
എന്നാൽ രജപുത്രൻ മാരുടെ
ഭാര്യമാർ അതൊരു അഭിമാനക്ഷതം ആയി കാണുകയും യുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ ഭാര്യമാർ എല്ലാവരും
സ്വയം സതി കൂട്ടി അതിലേക്ക് ധൈര്യപൂർവ്വം ആത്മാഹുതി ചെയ്യുന്ന സമ്പ്രദായം ഭാരതത്തിൽ പലസ്ഥലങ്ങളിലും നിലനിന്നിരുന്നു .
ഭർത്താവ് മരിച്ചാൽ ആ ചിതയിലേക്ക് ഭാര്യയെ നിർബന്ധപൂർവ്വം
എറിയുന്ന ആചാരമാണ് സതി
എന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെടുകയുണ്ടായി.
അങ്ങനെ മഹാസതി നടന്ന
ശ്മശാനത്തിൽ വെറുത ഇരുന്നു
കണ്ണടച്ചിരുന്നു എപ്പോഴോ ആഴത്തിലുള്ള ധ്യാനത്തിലേക്ക് വഴുതി വീണു
അല്ലെങ്കിലും വേറെ എവിടെ ഇരുന്ന് ധ്യാനം ചെയ്യുന്നതിനേക്കാളും കൂടുതൽ അനുഭൂതി ലഭിക്കുന്നത് ശ്മശാന ങ്ങളിൽ ഇരുന്ന് ധ്യാനം ചെയ്യുമ്പോഴാണ് .
അവിടെ നാരായണബലി നാഗബലിയുടെ ഭാഗമായി കടലമാവു കൊണ്ട് മനുഷ്യൻറെ രൂപം ഉണ്ടാക്കി ചിത കൂട്ടി കത്തിക്കുന്ന സമ്പ്രദായം ഉണ്ട്
ധ്യാനം കഴിഞ്ഞ് കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടത്
ആകാശത്ത് ജ്വലിക്കുന്ന നക്ഷത്രങ്ങൾ പോലെ
ആ വിജനമായ സ്മശാനത്തിൽ
കത്തിജ്വലിക്കുന്ന ചിതകളാണ്
അപ്പോഴും സന്യാസിയുടെ മുഖം മനസ്സിൽ തന്നെ മായാതെ ഉണ്ടായിരുന്നു
എന്ത് തന്നെ വന്നാലും പിറ്റേന്ന് ഗോദാവരിയുടെ ഉത്ഭവസ്ഥാനത്ത് ലേക്ക് പോകണം എന്ന് തീരുമാനിച്ചു
താമസസ്ഥലത്തേക്ക് നടന്നു
രാത്രി സ്വപ്നത്തിൽ
ആ സന്യാസിയുട രൂപം പല തവണ വന്നു് എന്തൊക്കെയോ
പറഞ്ഞു പോയി
രാവിലെ 5 മണിക്ക്
ഉണർന്ന് കുളിയും ജപവും
കഴിച്ചെന്ന് വരുത്തി ബ്രഹ്മഗിരിയിലെ ഗോദാവരിയുടെ ഉത്ഭവസ്ഥാനം ലക്ഷ്യമാക്കി നടന്നു.
ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി ഉയരമുള്ള പർവ്വതമാണ് ബ്രഹ്മഗിരി. പുരാതന കാലത്ത് ഒരു കോട്ടയായിരുന്നു ഇത്, പഴയ കാലത്തിന്റെ ചില അവശിഷ്ടങ്ങൾ ഇപ്പോഴും ഉണ്ട്.
നദി ഉത്ഭവിക്കുന്ന ഗോദാവരി ക്ഷേത്രവും ശിവൻ തന്റെ ജട നിന്ന് നദിയെ മോചിപ്പിച്ച സ്ഥലവും (ജട) ദർശിക്കാനായി ധാരാളം ഭക്തജനങ്ങൾ വരുന്നു.
ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ 500 ഓളം വരുന്ന കുത്തനെയുള്ള പടികൾ കയറി വേണം അവിടെ എത്താൻ. നല്ല ശാരീരികക്ഷമതയുള്ളവർക്ക് മാത്രം സഞ്ചരിക്കാം
മുകളിൽ എത്തിയാൽ, ക്ഷേത്ര നഗരത്തിന്റെ അതിശയകരമായ കാഴ്ചകൾ കാണാം
കൂടാതെ വഴിയിൽ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളും ഗുഹകളുമുണ്ട്
വിശ്രമം വേണമെന്ന് ഇടക്ക് ശരീരം പറഞ്ഞങ്കിലും കാലുകളുടെ നിയന്ത്രണം മനസ്സ് എറ്റെടുത്തതിനാൽ എവിടെയും നിൽക്കാതെ ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്ത് എത്തി
അവിടെ ആ സന്യാസി കുറച്ച് ശിഷ്യർക്കൊപ്പം ശരീരമാസകലം
ഭസ്മം ധരിച്ച് ജട മുകളിലേക്ക് കെട്ടിവെച്ച് ശിവസ്വരൂപത്തിൽ ധ്യാനത്തിൽ ഇരിക്കുന്നുണ്ടായിരുന്നു
ഞാൻ നിശബ്ദ്ധനായി അരികിൽ കണ്ണടച്ച് എന്നിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിച്ചു കൊണ്ടിരുന്നു.
മണിക്കൂറുകൾ കടന്നു പോയത് ഞാനറിഞ്ഞിരുന്നില്ല
"തമ്പി വരുമെന് എനിക്കറിയാമായിരുന്നു "
എന്ന വാക്ക് കേട്ട് ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ
സന്യാസി അങ്ങേയറ്റം വാത്സല്യത്തോടെ എൻറെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ടു നിൽക്കുന്നു.
അങ്ങയെ കണ്ട് കഴിഞ്ഞതു മുതൽ ഉള്ളിൽ എവിടെയോ എന്തൊക്കെയോ മാറ്റങ്ങൾ ഞാൻ അറിയുന്നു തോന്നലാണോ എന്നറിയില്ല
വീണ്ടും അങ്ങയെ കാണണം എന്ന് തോന്നി ഉടനെ ഇങ്ങോട്ട് പുറപ്പെട്ടു.
എന്താണ് എന്റെ വഴി എന്ന് അന്വേഷിച്ച് നടക്കുകയാണ്
അങ്ങേക്ക് എന്നെ സഹായിക്കാൻ കഴിയുമെന്ന് തോന്നുന്നു.
അതിന് ഞാൻ ജോത്സ്യനോ
മുഖം നോക്കിലച്ചണം പറയുന്ന ആളോ അല്ലല്ലോ തമ്പീ ഒരു തെണ്ടിയല്ലേ ....
എന്ന് പറഞ്ഞ് കൊണ്ട് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു
ഞാനാ ചിരി നോക്കി നിന്നു .
കുറച്ച് നേരം പൊട്ടിച്ചിരിച്ചതിനു ശേഷം വളരെ ഗൗരവ ഭാവത്തിൽ അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ ഓരോരുത്തരും പിറക്കുന്നത് ഓരോ വലിയ
ദൗത്യവുമായിട്ടാണ്
ചിലരത് മനസിലാക്കുന്നു.
ചിലരത് മനസിലാക്കുന്നില്ല !
നമുക്ക് അതെങ്ങനെ കണ്ടുപിടിക്കാനാവും ,?
ജോത്സ്യൻമാർക്ക് ജോത്സ്യൻ
മുരുഹൻ അവനോട് ചോദിക്ക്
അവൻ പറഞ്ഞ് തരും
അത് എങ്ങനെ ചോദിക്കും സ്വാമി ? ഞാൻ ജിഞ്ജാസയോടെ ചോദിച്ചു.
അതിന് ഞാൻ വഴി പറഞ്ഞു തരാം ഇങ്ങടുത്തുവാ
അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു കമണ്ഡലുവിൽ നിന്നും സ്വല്പം ജലമെടുത്ത് എന്നെ തളിച്ചു. ശേഷം ചെറിയ ഒരു പാത്രത്തിൽ നിന്നും അതീവ സുഗന്ധമുള്ള എണ്ണ പോലത്തെ ഒരു ദ്രാവകം എന്റെ
മൂർദ്ധാവിൽ ഒഴിച്ചു ശേഷം
അദ്ദേഹത്തിന്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് എന്റെ ഇരു തോളുകളിലും പിടിച്ച്അദ്ദേഹത്തിനരികിലേക്ക് ശക്തമായി വലിച്ചു എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല ഞാൻ ഒരു തരം ട്രാൻസിൽ ആയിരുന്നു.
എന്റെ മുഖം അദ്ദേഹത്തിന്റെ മുഖവും തമ്മിൽ നേരിയ വിടവ് മാത്രം അദ്ദേഹത്തിന്റെ നിശ്വാസം
എന്റെ നെറ്റിയിൽ തട്ടുന്നത്
എനിക്കറിയാൻ സാധിച്ചു
എന്റെ മൂർദ്ധാവിലും നെറ്റിയിലും
മൂക്കിലും ശക്തമായി ഊതി
എന്റെ ശരീരത്തിന് മുഴുവൻ
ഒരു വിറയൽ വന്നതു പോലെ തോന്നി ശക്തമായ ഒരു വൈദ്യുതി മുക്കിലൂടെ അകത്ത് കയറി നട്ടെല്ലിനടിയിൽ വരെ പോയത് അറിഞ്ഞു.
ശേഷം മുരുകന്റെ മൂലമന്ത്രം
3പ്രാവശ്യം എന്റെ
ചെവിയിൽ പറഞ്ഞു
അപ്രതീക്ഷിതമായി ഇത്രയും സംഭവിച്ചപ്പോൾ ഞാൻ ഏതോ ഒരു പ്രത്യേകഅവസ്ഥയിൽ ആയിരുന്നു.
എന്റെ നെറ്റിയിൽ ഭസ്മം തൊടുവിച്ച് രണ്ടു കയ്യും തലയിൽ വെച്ച് അദ്ദേഹം പറഞ്ഞു.
"ഷഷ്ഠി തിഥിയിൽ ജനിച്ചത്
പൂർവ്വ ജൻമത്തിൽ മുരുകൻ തൻ സേവകൻ ആയതിനാൽ
ഒരു പാട് വലിയ കാര്യങ്ങൾ ചെയ്യാനായി വന്നത്
നേരെ പളനിയിൽ ഭോഗർ സമാധിയിടത്തിൽ പോയി മുരുകനെയും മധുരയിലെ മീനാക്ഷി അബയെയും ഉപാസിക്കു
വഴി തെളിയും"
ഞാൻ ഏതോ ഒരു ലോകത്ത് പെട്ട അവസ്ഥയിൽ ആയിരുന്നു
"സന്ധ്യയാവാറായി തമ്പി പോയ്ക്കോളു"
എന്ന് പറഞ്ഞ് ഒരു പേപ്പറിൽ
മുരകന്റെ മന്ത്രം വടിവൊത്ത ഇംഗ്ലീഷിൽ എഴുതിത്തന്ന് അദ്ദേഹം
എഴുന്നേറ്റു നടന്നു.
ഞാൻ കയ്യിലുണ്ടായിരുന്ന ദക്ഷിണ അവിടെ സമർപ്പിച്ച് പഴനിയെ ലക്ഷ്യം വെച്ച് യാത്ര തുടർന്നു.
പിന്നീട് എപ്പോഴോ ജാതകം നോക്കിയപ്പോഴാണ് ഞാൻ ഞെട്ടിത്തരിച്ച് പോയത്
ഞാൻ ജനിച്ചത് ഒരു ഷഷ്ഠി തിഥിയിൽ ആയിരുന്നു.
ശേഷം ഒരു നിയോഗമെന്നോണം
ഗുരുനാഥനടുത്ത് എത്തിപെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ
ദീർഘകാലം ഒരു ക്ഷേത്രത്തിന്റെ പൗരോഹിത്യം വഹിക്കുകയുമുണ്ടായി
അവിടെ എനിക്ക് പൂജിച്ച് ഉപാസിക്കേണ്ടി വന്നത് ദേവിയെയും മുരുകനെയും
അതിനായി ഗുരുനാഥൻ വിധിപ്രകാരം സുബ്രഹ്മണ്യ മന്ത്രദീക്ഷ തന്നപ്പോൾ വീണ്ടും ഞെട്ടി അന്ന് സന്യാസി ചെവിയിൽ ഉപദേശിച്ച അതേ മന്ത്രം അതേ ശബ്ദം അതേ ക്രമത്തിൽ തലയിൽ ശക്തമായി കൈവെച്ച് അതേ പോലെ തന്നെ
ഒരു തനിയാവർത്തനം
അതിനുശേഷം എപ്പോൾ ഗുരുവായൂരിൽ പോകുംമ്പോഴും രാത്രികാലങ്ങളിൽ ക്ഷേത്രത്തിന് ചുറ്റും നടക്കാറുണ്ട് പേരറിയാത്ത
ആ സന്യാസിയെ തേടി
ധാരാളം അവധൂതൻ മാരെ കാണാൻ സാധിച്ചു. അപാര സിദ്ധിയുള്ള
അനവധി സിദ്ധൻ മാരെ കണ്ടു
എന്നാൽ ഒരിക്കൽ കൂടി അദ്ദേഹത്തെ കണ്ടു ...
(അത് പിന്നെ പറയാം )
ഇന്നും നാമറിയാതെ
ഒരു പാട് മഹാത്മാക്കൾ
ഗുരുവായുരപ്പന്റെ മണ്ണിൽ നാമാരുമറിയാതെ
വന്നു പോകുന്നു , പല വേഷത്തിൽ പല രൂപത്തിൽ
തുടരും ....................
ഡോ. ശ്രീനാഥ് കാരയാട്ട്
Comments
Post a Comment