meera
*ഓഷോ മീരയെക്കുറിച്ച് സംസാരിക്കുന്നു*
ആദ്യം, മീരയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ. മീരയുടെ കൃഷ്ണനോടുള്ള സ്നേഹം, മീരയിൽ നിന്നല്ല തുടങ്ങിയത്. സ്നേഹത്തിന്റെ അത്തരമൊരു അപൂർവ്വമായ ഭാവം ആ രീതിയിൽ ആരംഭിക്കാൻ കഴിയുകയുമില്ല. ഈ കഥ പഴയതാണ് . ഈ മീര കൃഷ്ണനോടൊപ്പമുണ്ടായിരുന്ന ഗോപികമാരിൽ ഒരാളാണ്. മീര തന്നെ അത് പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷേ അതിന് ചരിത്രപരമായ തെളിവുകളില്ലാത്തതിനാൽ പണ്ഡിതന്മാർ അത് അംഗീകരിച്ചിട്ടില്ല.
മീര പറയുന്നു, " കൃഷ്ണന്റെ സമയത്തിൽ ഞാൻ അദ്ദേഹത്തിന്റെ ഒരു ഗോപികയായിരുന്നു . എന്റെ പേര് ലളിത എന്നായിരുന്നു . ഞാൻ വൃന്ദാവനത്തിൽ കൃഷ്ണനോടൊപ്പം നൃത്തം ചെയ്തു, ഞാൻ കൃഷ്ണനോടൊപ്പം പാടി. ഈ സ്നേഹം പുരാതനമാണ്." "ഈ സ്നേഹം പുതിയതല്ല" എന്ന് മീര തറപ്പിച്ചു പറയുന്നു. പണ്ഡിതന്മാർ ശരിയല്ലെന്നും, മീര പറഞ്ഞത് ശരിയാണെന്നും വ്യക്തമാകുന്ന വിധത്തിൽ, തുടക്കത്തിൽ തന്നെ മീരയുടെ ജീവിതത്തിൽ അത് പ്രവേശിച്ചു.
മീര പറയുന്നത് ഞാൻ അംഗീകരിക്കുന്നു. സത്യവും അസത്യവും അളക്കാൻ എനിക്ക് താൽപര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം, അത് ചരിത്രമാണോ അല്ലയോ എന്നുള്ളത് അർത്ഥശൂന്യമാണ്. മീര പറയുന്നു- ഞാൻ യോജിക്കുന്നു. മീര സ്വയം തന്നെ പറയുമ്പോൾ, കാര്യം അവിടെ അവസാനിക്കുന്നു. മറ്റൊരാൾ അതിനെക്കുറിച്ച് കൂടുതൽ സംശയം ഉയർത്തുന്ന ചോദ്യം ഉയരുന്നില്ല. ഇതുപോലുള്ള സംശയങ്ങൾ ഉന്നയിക്കുന്നവർക്ക് ഒരിക്കലും മീരയെ മനസ്സിലാക്കാൻ കഴിയില്ല.
മീര കുട്ടിയായിരുന്നപ്പോൾ, ഏകദേശം നാലോ അഞ്ചോ വയസുള്ളപ്പോൾ, ഒരു സന്ന്യാസി അവളുടെ വീട്ടിൽ അതിഥിയായി വന്നു. ഈ സന്യാസി രാവിലെ എഴുന്നേറ്റപ്പോൾ, ഒരു വിഗ്രഹം പുറത്തെടുത്ത് - തന്റെ ബാഗിൽ ഒളിപ്പിച്ചിരുന്ന കൃഷ്ണന്റെ പ്രതിമ - പൂജ ചെയ്യാൻ തുടങ്ങിയപ്പോൾ, തത്ക്ഷണം മീര പൂർണ്ണമായും ഉന്മത്തയായി .
"ദേജാ വു" സംഭവിച്ചു. മുൻകാല അസ്തിത്വത്തിൽ നിന്നുള്ള ഒരു ഓർമ്മ ഉയർന്നു വന്നു. ചിത്രങ്ങൾ വരിവരിയായി തുറക്കാൻ തുടങ്ങി, അങ്ങനെയായിരുന്നു ആ പ്രതിമ. ആ പ്രതിമ ഒരു ഉത്തേജകമായി മാറി - വീണ്ടും ആ കഥ ആരംഭിച്ചു. അത് അവളെ പിടിച്ചു കുലുക്കി. കൃഷ്ണന്റെ രൂപം അവളുടെ ഓർമ്മയിലേക്ക് തിരിച്ചു വന്നു. വീണ്ടും ആ ഇരുണ്ട മുഖം, ആ വിശാലമായ കണ്ണുകൾ, ആ മയിൽ തൂവലിന്റെ കിരീടം, ഓടക്കുഴൽ വായിക്കുന്ന കൃഷ്ണൻ-മീര അവളുടെ ഓർമ്മയിൽ ആയിരക്കണക്കിന് വർഷങ്ങൾ പിന്നിലേക്ക് പോയി.
അവൾ കരയാൻ തുടങ്ങി. പ്രതിമയ്ക്കായി അവൾ സാധുവിനോട് യാചിക്കാൻ തുടങ്ങി. പക്ഷേ, സാധുവിന് തന്റെ വിഗ്രഹത്തോട് വലിയ സ്നേഹമുണ്ടായിരുന്നു. അയാൾ അത് നൽകാൻ വിസമ്മതിച്ചു; അയാൾ യാത്ര തുടർന്നു.
ഒരു ദിവസം മുഴുവൻ കടന്നുപോയി. അവൾ ഭക്ഷണം കഴിച്ചില്ല, വെള്ളം കുടിച്ചില്ല. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി - അവൾ കരഞ്ഞു കൊണ്ടേയിരുന്നു . അവളുടെ കുടുംബം പരിഭ്രാന്തരായി, ഇപ്പോൾ എന്തുചെയ്യാൻ കഴിയും? ആ സാന്യാസി പോയി, അയാളെ എവിടെ കണ്ടെത്താനാകും? അയാൾ അത് തരുമോ ? സാധ്യത ഉണ്ടെന്നു തോന്നുന്നില്ല .-
കൃഷ്ണന്റെ ഈ പ്രതിമ തീർച്ചയായും വളരെ മനോഹരമായിരുന്നു - കുടുംബത്തിലെ മറ്റുള്ളവർക്കും അത് അനുഭവപ്പെട്ടു. അവർ ധാരാളം വിഗ്രഹങ്ങൾ കണ്ടിരുന്നു, എന്നാൽ ഇതിൽ എന്തോ ജീവനുള്ള പോലെ, എന്തോ ഊർജ്ജസ്വലത ഉള്ള പോലെ , ഈ പ്രതിമയുടെ പ്രഭാവലയം മറ്റൊന്ന് തന്നെ ആയിരുന്നു .
തീർച്ചയായും ആരോ അത് സ്നേഹത്തോടെയാണ് നിർമ്മിച്ചത്, കച്ചവടത്തിനുവേണ്ടിയല്ല . ആരോ അത് ഭാവത്തോടെ നിർമ്മിച്ചു . ഒരുവൻ തന്റെ മുഴുവൻ പ്രാർത്ഥന, തന്റെ പൂർണ്ണമായ ആരാധന അതിലേക്കിട്ടു. അല്ലെങ്കിൽ കൃഷ്ണനെ ഒരിക്കൽ കണ്ടിട്ടുള്ള ആളാണ് അത് നിർമ്മിച്ചത്. പക്ഷേ, ആ പ്രതിമയുടെ പ്രഭാവത്താൽ മീര എല്ലാം മറന്നു, അവൾ ഈ ലോകം തന്നെ മറന്നു. അവൾക്ക് ആ വിഗ്രഹം അവൾക്കായി തിരിച്ചു വേണമായിരുന്നു, ഇല്ലെങ്കിൽ അവൾ മരിക്കും. ഇത് നാലാം വയസ്സിൽ വിരഹത്തിന്റെ തുടക്കമാണ് - ദൈവത്തിനായുള്ള തീവ്രമായ അഭിലാഷം.
അന്നു രാത്രി ആ സന്ന്യാസി ഒരു സ്വപ്നം കണ്ടു. ദൂരെ അടുത്ത ഗ്രാമത്തിലാണ് അവൻ ഉറങ്ങിയത്. രാത്രിയിൽ ഒരു സ്വപ്നം - കൃഷ്ണൻ അവിടെ നിൽക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു, "പ്രതിമ ആരുടെയാണോ അത് തിരികെ നൽകുക. നിങ്ങൾ ഇത് വർഷങ്ങളോളം സൂക്ഷിച്ചു, അത് നിങ്ങൾ കാത്തുസൂക്ഷിക്കുകയായിരുന്നു, പക്ഷേ ഇത് നിങ്ങളുടേതല്ല. ഇപ്പോൾ ഇത് അനാവശ്യമായി ചുമക്കേണ്ട കാര്യമില്ല. നിങ്ങൾ തിരികെ പോയി ആ പ്രതിമ കൊടുക്കുക അത് അവളുടേതാണ്, അത് തിരികെ നൽകുക. അത് അവളുടേതാണ്, നിങ്ങളുടെ കാത്തു സൂക്ഷിപ്പ് ഇപ്പോൾ അവസാനിച്ചു. അത് എത്തിക്കേണ്ടിടത്ത് നിങ്ങൾ എത്തിയിരിക്കുന്നു, ഇപ്പോൾ കാര്യം പൂർത്തിയായി. " ഹൃദയത്തിൽ സ്നേഹം അടങ്ങിയിട്ടുള്ളവനു വേണ്ടിയാണ് ആ വിഗ്രഹം. മറ്റാർക്ക് വേണ്ടിയാണ് ?
ആ സന്ന്യാസി ഭയന്നു. കൃഷ്ണൻ മുമ്പൊരിക്കലും തന്റെ മുന്നിൽ പ്രത്യക്ഷ്യപ്പെട്ടിട്ടില്ല . വർഷങ്ങളായി അയാൾ ഈ വിഗ്രഹത്തോട് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു - പൂക്കൾ അർപ്പിച്ചു, മണി മുഴക്കി. കൃഷ്ണൻ ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല. അയാൾ വല്ലാതെ ഭയന്നുപോയി. അർദ്ധരാത്രിയിൽ അയാൾ വീണ്ടും തിരിച്ചോടി . അർദ്ധരാത്രിയിൽ എത്തിയ അയാൾ എല്ലാവരെയും ഉണർത്തികൊണ്ടു പറഞ്ഞു, "നിങ്ങൾ എന്നോട് ക്ഷമിക്കണം, ഞാൻ ഒരു വലിയ തെറ്റ് ചെയ്തു." അയാൾ ആ കൊച്ചു പെൺകുട്ടിയുടെ കാൽക്കൽ വീണു പ്രതിമ കൊടുത്തു തിരിച്ചു പോയി.
നാലോ അഞ്ചോ വയസ്സിൽ നടക്കുന്ന ഈ സംഭവം അവളുടെ ഉൾക്കാഴ്ചയെ വീണ്ടും തുറന്നു. ആ സ്നേഹം വീണ്ടും ഒഴുകി, ആ യാത്ര വീണ്ടും ആരംഭിച്ചു. അങ്ങനെ മീരയുടെ ഈ ജന്മത്തിൽ, കൃഷ്ണനുമായുള്ള ഒരു അഗാധ ബന്ധം വീണ്ടും ആരംഭിച്ചു.
Comments
Post a Comment