മതത്തെ കുറിച്ച് ഓഷോ

മതം
ഞാൻ മതം എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. അല്ലാതെ ഹിന്ദുമതം, മുസ്ലീം, ക്രിസ്തുമതം, ബുദ്ധിസം, ജൈനിസം എന്നൊന്നുമല്ല. അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചില്ല. അവയൊന്നും മതങ്ങളല്ല, അവയെല്ലാം രാഷ്ട്രീയ സ്വഭാവത്തിലായി കഴിഞ്ഞു. അവ രാഷ്ട്രീയ സംഘങ്ങളായി കഴിഞ്ഞു. മതം തികച്ചും വ്യക്തിപരമാണ്. മതം അടിസ്ഥാനപരമായി വ്യക്ത്യാധിഷ്ഠിതമായിരിക്കണം. അത് വ്യക്തിബോധത്തെ പരിവർത്തനപ്പെടുത്താനുള്ള ഉപാധിയാണ്. അതിന് സംഘടനകളുമായി യാതൊരു ബന്ധവുമില്ല. നിങ്ങൾ ഒരു മുഹമ്മദനോ ഹിന്ദുവോ ക്രിസ്ത്യനോ ആയിരിക്കുന്നത് നിങ്ങൾ ആ കുടുംബത്തിലോ രാജ്യത്തിലോ ജനിച്ചതു കൊണ്ടാണ്. ആർക്കും ഒരു മതത്തിലും ജനിക്കാൻ കഴിയില്ല. മതം ബോധപൂർവ്വം തിരഞ്ഞെടുക്കേണ്ട ഒന്നാണ്. ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പിലാണ് മതത്തിന് പ്രാധാന്യം ഉണ്ടാകുന്നത് അല്ലാത്തപക്ഷം അത് അർത്ഥശൂന്യമാണ്. നിങ്ങൾ ഒരു ക്രിസ്ത്യാനി ആയിട്ടാണോ വളർന്നു വന്നത്? നിങ്ങൾക്ക് ക്രിസ്തുവുമായി ഒരു ബന്ധവുമില്ല. നിങ്ങൾക്ക് ക്രിസ്തുവിനെ അറിയില്ല, നിങ്ങൾക്ക് പോപ്പിനെയും പള്ളിയെയും, പുരോഹിതനെയും, ശങ്കരാചാര്യർമാരെയും, ഇമാമുകളെയും മാത്രമേ അറിയൂ. അവർ മതപരതയുള്ള വ്യക്തികളല്ല. അവരുടെ ഉള്ളിൽ ദേശീയത, വർഗ്ഗീയത, വിഭാഗീയത തുടങ്ങിയ രീതിയിൽ സൂക്ഷ്മമായ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട്. ഒരുവേള മതം വെറും ഒരു സംഘടനയാവുകയും തനിക്ക് സ്വന്തമായി ഒരു ബന്ധവുമില്ലാതെ, ഒരു അന്വോഷണവുമില്ലാതെ, ഒരു അനുഭവശാലിയായ ഗുരുവുമായി സമ്പർക്കം പോലുമില്ലാതെ വെറുതെ ജൻമം കൊണ്ട് മാത്രം ജനങ്ങൾ അതിലേക്ക് ചേർക്കപ്പെടുമ്പോൾ മതം വെറും യാദൃശ്ചികത ആയിമാറുന്നു. അത് ഒരിക്കലും ഒരു മതം ആയിരിക്കില്ല, അത് ചൂക്ഷണം ചെയ്യപ്പെടാനുള്ള ഒരു മയക്കുമരുന്ന് ആയി മാറുന്നു. 

അതുകൊണ്ട്, ഞാൻ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നല്ല ഉദ്ദേശിച്ചത്. ഞാൻ മതപരത എന്നാണ് ഉദ്ദേശിച്ചത്. മതം എന്നത് വളരെ സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ്. അതിന്റെ സങ്കീർണ്ണത നാം മനസിലാക്കേണ്ടതുണ്ട്. ഈ ലോകത്തിൽ ഏഴു തരം മതങ്ങളുണ്ട്. ആദ്യത്തെ തരം അജ്ഞതയിൽ അധിഷ്ഠിതമാണ്. ജനങ്ങൾക്ക് അവരുടെ അജ്ഞതയെ അംഗീകരിക്കാൻ വിഷമമുള്ളതുകൊണ്ട് അവർ അത് മറച്ചു പിടിക്കുന്നു. തനിക്ക് ഒന്നുമറിയില്ല എന്ന് സമ്മതിക്കാൻ വലിയ പ്രയാസമാണ്, അത് അഹന്തക്ക് സഹിക്കില്ല അതുകൊണ്ട് ജനങ്ങൾ എന്തിലെങ്കിലും വിശ്വസിക്കുന്നു. അവരുടെ വിശ്വാസ പ്രമാണങ്ങൾ അവരുടെ അഹന്തയെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതാണ്. അവർ വളരെ ഉപകാരികളാണ് എന്നാൽ ദീർഘവീക്ഷണത്തിൽ അവർ വളരെ ആപൽക്കാരികളാണെന്ന് തിരിച്ചറിയാം. തുടക്കത്തിൽ അവർ സഹായികളാണെന്ന് തോന്നും എന്നാൽ അവസാനം നാശോന്മുഖരായി മാറും. അജ്ഞതയിലൂടെയാണ് അവർ ക്രമീകൃതമായിരിക്കുന്നത്. മതപരത വളരെ സരളമാണ്, മതം അറിവാണ്, മതം അവബോധമാണ്, മതം സത്യസന്ധതയാണ്. എന്നാൽ മനുഷ്യസമൂഹത്തിലെ ബഹുഭൂരിപക്ഷവും ആദ്യത്തെ പടിയിലുള്ള മതാനുയായികളാണ്. അത് സത്യത്തെ അവഗണിക്കുന്ന രീതിയിലാണ്, സ്വന്തം ആന്തരികതയിലെ ശരിയായ വസ്തുതയെ അവഗണിക്കുന്ന, ഉള്ളിലെ അജ്ഞതയാകുന്ന തമോഗർത്തത്തെ കണ്ടില്ലെന്നു നടിക്കുന്നതാണ്. ആദ്യത്തെ പടിയിലുള്ള മതാനുയായികൾ മതഭ്രാന്തൻമാരാണ്. ഈ ലോകത്തിൽ പല തരത്തിലുള്ള മതങ്ങൾ ഉണ്ടാകാം എന്നത് അവർക്ക് സഹിക്കാൻ കഴിയില്ല. അവരെ സംബന്ധിച്ച് അവരുടെ മതം മാത്രമാണ് ശരിയായ മതം. ഇവർ അവരുടെ അജ്ഞതെയെ ഭയപ്പെടുന്നതിനാൽ മറ്റ് മതങ്ങൾ ഉണ്ട് എന്ന് സമ്മതിച്ചാൽ അവർ സങ്കോചത്തിലാവും, അവരിൽ സംശയം ഉടലെടുക്കും. പിന്നെ അവർക്ക് തങ്ങൾ വിശ്വസിക്കുന്നതിൽ ഉറച്ചു നിൽക്കാൻ കഴിയില്ല. തങ്ങൾക്ക് ഉറച്ചു നിൽക്കാനായി അവർ ദുർശാഠ്യക്കാരാവുന്നു, ഭ്രാന്തമായ വാശി കാണിക്കുന്നു. അവർക്ക് മറ്റുള്ളവരുടെ മതഗ്രന്ഥങ്ങൾ വായിക്കാൻ കഴിയില്ല, അവർക്ക് സത്യത്തിന്റെ വകഭേദങ്ങളെ ശ്രവിക്കുവാൻ കഴിയില്ല, മറ്റുള്ള ദൈവീക വെളിപാടുകളെ അവർക്ക് സഹിക്കുവാൻ കഴിയില്ല. അവരുടെ വെളിപാടുകൾ മാത്രമാണ് ഏക സത്യം, അവരുടെ പ്രവാചകൻ മാത്രമാണ് ഏക പ്രവാചകൻ. മറ്റുള്ളതെല്ലാം പൂർണ്ണമായും തെറ്റാണ്. ഇവർ ആത്യന്തിക വിഷയങ്ങളെ കുറിച്ച് സംസാരിക്കും എന്നാൽ ശരിയായ അറിവുള്ള വ്യക്തി എപ്പോഴും ആപേക്ഷികമായി പ്രതികരിക്കും. ഇത്തരം വ്യക്തികൾ മതത്തിന് വലിയ രീതിയിൽ ഹാനി വരുത്തിയിട്ടുണ്ട്. ഇത്തരക്കാർ കാരണം മതം തന്നെ വിഡ്ഢിത്തമായി ചിത്രീകരിക്കപ്പെടുന്നു. ആദ്യപടിയിലുള്ള മതാനുയായി എന്ന നിലയിൽ സ്വയം ഒരു ബലിയാടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മനുഷ്യരാശിയുടെ ഏകദേശം തൊണ്ണൂറ് ശതമാനവും ഇത്തരത്തിൽ ആദ്യപടിയിലുള്ളവരാണ്, അവർ മതവിരോധികളെക്കാളും ഒട്ടും മികച്ചതല്ല. ഒരു പക്ഷേ അതിനേക്കാൾ മോശമായിരിക്കും കാരണം മതവിരോധി ഒരിക്കലും ഒരു മതഭ്രാന്തനെ പോലെ പെരുമാറില്ല. ഒരു മതവിരോധി തുറന്ന മനുഷ്യനാണ്, കുറഞ്ഞ പക്ഷം കേൾക്കാനെങ്കിലും തയ്യാറാണ്, കാര്യങ്ങൾ സംസാരിച്ചു തീർപ്പാക്കാൻ ശ്രമിക്കും, സംവാദങ്ങൾക്ക് തയ്യാറായിരിക്കും, അന്വോഷിക്കാനും കണ്ടെത്താനുമെല്ലാം തയ്യാറാണ്. എന്നാൽ ആദ്യപടിയിലുള്ള മതാനുയായികൾ കാര്യങ്ങൾ കേൾക്കാൻ പോലും തയ്യാറായിരിക്കില്ല.
-ഓഷോ

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം