ഓഷോ സെക്സ് ഗുരു
#ഓഷോ
1. #സമ്പന്നന്റെ_ഗുരു അല്ലേ താങ്കൾ??
2. #സെക്സ്_ഗുരു" എന്ന് അങ്ങയെക്കുറിച്ച് പറയാറുണ്ട്. അതിനെക്കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളത്???
1 - അതെ, കാരണം ഒരു സമ്പന്നനു മാത്രമേ എന്റെ അരികിൽ വരാൻ കഴിയൂ. എന്നാൽ ഞാൻ സമ്പന്നനെന്നു പറയുമ്പോൾ അയാൾ ഉള്ളിൽ വളരെ ദാരിദ്രനായിരിക്കുന്ന ഒരാളല്ല. സമ്പന്നൻ എന്നുപറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് ധിഷണയിൽ സമ്പന്നൻ എന്നാണ്. ഈ ലോകത്തിന് അയാൾക്ക് നൽകാൻ കഴിയുന്ന എല്ലാം അയാൾക്കുണ്ടായിരിക്കുകയും, എന്നാൽ അത് നിഷ്ഫലമാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന ഒരുവൻ എന്നർഥം.
അതെ, ധനികനായ ഒരു വ്യക്തിക്കു മാത്രമേ മതാത്മകനായിതീരാൻ കഴിയുകയുള്ളൂ. ഒരു ദാരിദ്രനായ വ്യക്തിക്ക് മതാത്മകനായിതീരാൻ കഴിയില്ല എന്നല്ല ഞാൻ പറയുന്നത്., എന്നാൽ അത് വളരെ വിരളമാണ്, അത്യപൂർവ്വം. ദാരിദ്രനായ ഒരു വ്യക്തി പ്രതീക്ഷിച്ചു കൊണ്ടേയിരിക്കുന്നു, ഒരു ദാരിദ്രൻ ധനമെന്താണെന്ന് അറിഞ്ഞിട്ടേയില്ല, അയാൾ വിരക്തനായി തീർന്നിട്ടില്ല. അയാൾക്കെങ്ങനെയാണ് സമൃദ്ധികൾക്കപ്പുറം പോകാൻ കഴിയുക? അയാൾ ഇപ്പോഴും അവയിൽ നിന്ന് വിരക്തനായിട്ടില്ല. ചിലപ്പോൾ ഒരു ദാരിദ്രനും എന്റെ അടുക്കൽ വരാറുണ്ട്, എന്നാൽ അയാൾ വരുന്നത് എനിക്ക് നൽകാൻ കഴിയാത്ത ചിലതിനു വേണ്ടിയാണ്. അയാൾ വിജയം ആവശ്യപ്പെടുന്നു, അയാളുടെ മകന് തൊഴിൽ ലഭിക്കുന്നില്ല, കച്ചവടത്തിൽ നഷ്ടമുണ്ടാകുന്നു - ഇതൊക്കെയാണ് അവർക്ക് പറയാനുള്ളത്.
ഒരു ധനികനായ വ്യക്തി എന്റെ അടുത്തു വരുമ്പോൾ അയാൾക്ക് പണമുണ്ട്, തൊഴിലുണ്ട്, വീടുണ്ട്, ആരോഗ്യമുണ്ട് - ഒരാക്കുണ്ടാവുന്ന എല്ലാം അയാൾക്കുണ്ട്. അങ്ങനെയിരിക്കെ പെട്ടെന്ന് യാതൊന്നും സാഫല്യമുണ്ടാക്കുന്നില്ല എന്ന ഒരു തിരിച്ചറിവിൽ അയാൾ എത്തിച്ചേർന്നിരിക്കുന്നു. അപ്പോൾ ദൈവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു.
അതെ, ചിലപ്പോൾ ഒരു ദാരിദ്രനും മതാത്മകനാകാൻ കഴിയും, എന്നാൽ അതിനുവേണ്ടി അതിമഹത്തായ ധൈഷണികത ആവശ്യമുണ്ട്. ഒരു ധനികൻ, അയാൾ മതാത്മകനല്ലെങ്കിൽ മണ്ടനായിരിക്കും. ഒരു ദരിദ്രൻ അയാൾ മതാത്മകനാണെങ്കിൽ, അങ്ങേയറ്റം ധിഷണശാലിയായിരിക്കും. ഒരു ദരിദ്രൻ മതാത്മകനല്ലെങ്കിൽ, അയാൾക്ക് മാപ്പു കൊടുക്കാവുന്നതാണ്. ഒരു ധനികൻ മതത്മകനല്ലെങ്കിൽ, അയാളുടെ പാപം മാപ്പർഹിക്കാത്തതാണ്.
ഞാനൊരു സമ്പന്നന്റെ ഗുരുവാണ്, പരിപൂർണ്ണമായും അങ്ങനെ തന്നെ. നിങ്ങളുടെ പണം ഇല്ലായിരുന്നുവെങ്കിൽ, നിങ്ങൾ ഇവിടെ എത്തുകയില്ലായിരുന്നു. നിങ്ങൾ ഇവിടെ എത്തിച്ചേരുവാൻ കാരണം നിങ്ങൾക്ക് പണത്തിൽ വിരക്തിയുണ്ടായിരിക്കുന്നു എന്നതാണ്. നിങ്ങൾ ഇവിടെ എത്തിച്ചേരൻ കാരണം നിങ്ങൾക്ക് വിജയത്തിൽ വിരക്തിയുണ്ടായിരിക്കുന്നു എന്നതാണ്. നിങ്ങൾ ഇവിടെ എത്തിച്ചേരൻ കാരണം, നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് വിരക്തിയുണ്ടായിരിക്കുന്നു എന്നതാണ്. ഒരു യാചകന് ഇങ്ങോട്ട് വരാനാവില്ല, കാരണം അയാളിപ്പോഴും വിരക്തനായി കഴിഞ്ഞിട്ടില്ല.
മതം ഒരു ആർഭാടമാകുന്നു - ആത്യന്തികമായ ആർഭാടം എന്ന് ഞാൻ അതിനെ വിളിക്കും. കാരണം അത് ഏറ്റവും വലിയ മൂല്യമാകുന്നു. ഒരു മനുഷ്യൻ വിശന്നിരിക്കുമ്പോൾ, അയാൾ സംഗീതത്തെക്കുറിച്ച് ആലോചിക്കുന്നില്ല - അത് സാധ്യമല്ല. അയാളുടെ മുന്നിൽ നിങ്ങൾ സിത്താർ വായിക്കുവാൻ തുടങ്ങിയാൽ, അയാൾ നിങ്ങളെ കൊന്നുകളയും! അയാൾ പറയും "നിങ്ങൾ എന്നെ അപമാനിക്കുന്നു, ഞാൻ വിശന്നിരിക്കുന്നു, എന്നാൽ നിങ്ങൾ സിത്താർ വായിക്കുകയാണ് - ഇതാണോ സിത്താർ വായിക്കുവാനുള്ള സമയം, ആദ്യം എനിക്ക് ആഹാരം തരിക! ഞാൻ അത്രമാത്രം വിശന്നിരിക്കുന്നതു കാരണം എനിക്ക് സംഗീതം മനസ്സിലാവുകയില്ല, ഞാൻ മരിച്ചു കൊണ്ടിരിക്കുകയാണ്". ഒരു മനുഷ്യൻ മരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു വാൻഗോഗ് പെയിന്റിംഗിനോ, സുന്ദരമായ ഉപനിഷത്തുകൾക്കോ, സംഗീതത്തിനോ എന്ത് പ്രസക്തിയാണവിടെ?? അർഥമില്ലാത്തത്. അയാൾക്ക് അന്നമാണ് വേണ്ടത്.
ഒരാൾ തന്റെ ശരീരത്തിൽ സന്തുഷ്ടനായിരിക്കുമ്പോൾ ആവശ്യത്തിന് ഭക്ഷണം, താമസിക്കാൻ നല്ലൊരു വീട് - ഇതെല്ലാം ഉണ്ടാകുമ്പോൾ അയാൾക്ക് സംഗീതത്തിലും, കവിതയിലും, സാഹിത്യത്തിലും, കലയിലുമെല്ലാം താത്പര്യമുണ്ടാകുന്നു. അപ്പോൾ ഒരു പുതിയ വിശപ്പ് ഉയർന്നുവരുന്നു. ശരീരികമായ ആവശ്യങ്ങളെല്ലാം നിറവേറ്റിയിരിക്കുന്നു, ഇപ്പോൾ മനഃശാസ്ത്രപരമായ ആവശ്യങ്ങൾ ഉയർന്നു വരുന്നു. ആവശ്യങ്ങൾക്ക് ഒരു പൂർവ്വപരബന്ധമുണ്ട്, ആദ്യത്തെ ആവശ്യം ശരീരികമാണ്; അതാണ് അടിസ്ഥാനം. അത് നിങ്ങളുടെ സ്വത്വത്തിന്റെ ഏറ്റവും അടിനിലയാകുന്നു. അടിനിലയില്ലാതെ, ഒന്നാം നിലയ്ക്ക് നിലനിൽപുണ്ടാകുന്നില്ല.
നിങ്ങളുടെ ശാരീരിക ആവശ്യങ്ങളെല്ലാം നിറവേറ്റപെട്ടു കഴിയുമ്പോൾ, മനഃശാസ്ത്രപരമായ ആവശ്യങ്ങൾ ഉയർന്നുവരുന്നു. നിങ്ങളുടെ മനഃശാസ്ത്രപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റപെട്ടു കഴിയുമ്പോൾ, അപ്പോൾ നിങ്ങളുടെ ആധ്യാത്മിക ആവശ്യങ്ങൾ ഉയർന്നു വരുന്നു. ഒരു വ്യക്തി ലോകത്തിൽ ലഭ്യമായിട്ടുള്ള സംഗീതമെല്ലാം ശ്രവിച്ചു കഴിയുമ്പോൾ, അതിന്റെയെല്ലാം സൗന്ദര്യം കണ്ടുകഴിയുമ്പോൾ, അവയെല്ലാം സ്വപ്നങ്ങളായിരുന്നെന്ന് കണ്ടെത്തുമ്പോൾ - എല്ലാ മഹാകവികളുടെയും കവിതകളെല്ലാം ശ്രവിക്കുകയും സ്വയം മറക്കുവാനുള്ള കേവലം ഒരു വഴി മാത്രമാണ്, നിങ്ങളെ ഉന്മത്തനാക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ് കവിത, അത് നിങ്ങളെ എവിടെയും കൊണ്ടുചെന്നെത്തിക്കുന്നില്ല എന്ന് കണ്ടെത്തിക്കഴിയുമ്പോൾ - എല്ലാ ചായചിത്രങ്ങളും കലയും എല്ലാം കണ്ടും ആസ്വദിച്ചും കഴിഞ്ഞാൽ ..... പിന്നീടെന്ത്??
കൈകൾ ശൂന്യമായി അവശേഷിക്കുന്നു, മുൻപൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത അത്രയും ശൂന്യം. ഇപ്പോൾ കവിതയും സംഗീതവുമൊന്നും മതിയാകുന്നില്ല. അപ്പോൾ ധ്യാനത്തിനുള്ള മോഹം, ദൈവത്തിന് വേണ്ടിയുള്ള ദാഹം, സത്യത്തിനുവേണ്ടിയുള്ള ഒരു ദാഹം ഉയർന്നു പൊങ്ങുന്നു. മഹത്തായ ഒരു അഭിനിവേശം നിങ്ങളെ ആവേശിക്കുന്നു. അങ്ങനെ നിങ്ങൾ സത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാകുന്നു. കാരണം ഇപ്പോൾ നിങ്ങൾക്കറിയാം, അസ്തിത്വത്തിന്റെ ഏറ്റവും രഹസ്യമായ സത്യം എന്താണെന്ന് - അതറിയാത്തടുത്തോളം, യാതൊന്നിനും നിങ്ങളെ തൃപ്തിപെടുത്താനാവില്ലെന്ന്. മറ്റെല്ലാം നിങ്ങൾ ശ്രമിച്ചു നോക്കിയിരിക്കുന്നു, അവയെല്ലാം പരാജയപ്പെട്ടിരിക്കുന്നു.
മതം ആത്യന്തികമായ ആർഭാടമാകുന്നു, ഒന്നുകിൽ ഈ ആർഭാടത്തിലേത്തിച്ചേരുവാൻ, നിങ്ങൾ വളരെ ധനികനായിരിക്കണം. അല്ലെങ്കിൽ നിങ്ങൾ അങ്ങേയറ്റം ധിഷണാശാലിയായിരിക്കണം. എങ്കിലും രണ്ടു നിലയിലായാലും നിങ്ങൾ സമ്പന്നൻ തന്നെ - പണം കൊണ്ട് സമ്പന്നൻ അല്ലെങ്കിൽ ധിഷണ കൊണ്ട് സമ്പന്നൻ. വാസ്തവത്തിൽ ദാരിദ്രനായ ഒരു മനുഷ്യൻ - ധിഷണയിൽ ദരിദ്രൻ, സമ്പത്തിൽ ദരിദ്രൻ - ഒരിക്കലും മതാത്മകനാകുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല.
ഒരു കബീർ മതാത്മകനായി തീർന്നു, അദ്ദേഹം കോടീശ്വരനായിരുന്നില്ല - എന്നാൽ അങ്ങേയറ്റം ധിഷണാശാലിയായിരുന്നു.
ബുദ്ധൻ മതാത്മകനായിതീർന്നു - കാരണം അദ്ദേഹം അങ്ങേയറ്റം ധനികനായിരുന്നു.
കൃഷ്ണനും രാമനും മഹാവീരനും മതാത്മകരായി തീർന്നതിനു കാരണം അവർ അത്യധികം സമ്പന്നരായിരുന്നതാണ്.
റെയ്‌ദാസ്, ഫരീദ്, സൂർദാസ് - അവർ മതാത്മകരായിതീർന്നതിനു കാരണം അവർ അങ്ങേയറ്റം ധിഷണാശാലികളായിരുന്നതാണ്. എന്നാൽ ഒരു സവിശേഷമായ സമ്പന്നത അതിനാവശ്യമാണ്.
അതെ, നിങ്ങൾ പറഞ്ഞത് ശരി തന്നെ - ഞാൻ സമ്പന്നന്റെ ഗുരുവാകുന്നു.
2 - എന്നെ സെക്സ് ഗുരുവായി ചിത്രീകരിക്കുന്ന നിർവചനം വ്യാജമാണെന്ന് മാത്രമല്ല അസംബന്ധവുമാണ്. ശരിയായി പറഞ്ഞാൽ, ഈ ലോകത്ത് സെക്സ് വിരുദ്ധനായ ഒരേയൊരാൾ ഞാനാണ്. പക്ഷെ അതിന് അപാരമായ ധാരണ വേണം. മീഡിയയിൽ നിന്ന് അത്തരമൊരു ധാരണ പ്രതീക്ഷിക്കാനാവില്ല.
സെക്സിനെക്കുറിച്ച് ഞാൻ പറഞ്ഞുകൊണ്ടിരുന്നത് അതിനെ രൂപാന്തരപ്പെടുത്താൻ കഴിയും എന്നതുകൊണ്ടാണ്. ഞാനൊഴികെ മറ്റെല്ലാ ഗുരുക്കന്മാരെയും സെക്സ് ഗുരു എന്ന് വിളിക്കാവുന്നതാണ്. കാരണം, ലൈംഗികത അടിച്ചമർത്തണമെന്ന് ഉദ്ബോധിപ്പിക്കുന്നവരാണ് അവരെല്ലാം. അത് മനുഷ്യനെ സ്ഥിരമായ ലൈംഗികചിന്തയിൽ തളച്ചിടും, അവനൊരിക്കലും പരിവർത്തനം വരികയില്ല. ലൈംഗികതയ്ക്ക് അപ്പുറത്തേക്ക് അവനൊരിക്കലും പോവുകയില്ല. ഏതിനോടും നിങ്ങളെ ബന്ധിപ്പിച്ചു നിർത്താനുള്ള മാർഗ്ഗമാണ് അതിനെ അടിച്ചമർത്തൽ.
ലൈംഗികതയുടെ പ്രകാശനമാണ് ഞാൻ ഉദ്ബോധിപ്പിക്കുന്നത്. അങ്ങനെ പ്രകാശിപ്പിച്ചുകൊണ്ട് നിങ്ങൾക്കത് ഒഴിവാക്കാൻ കഴിയും. നിങ്ങളുടെ അബോധത്തിൽ അത് പിടിച്ചു വയ്ക്കുന്നില്ല. നിങ്ങളുടെ ലൈംഗികത കുറ്റബോധമില്ലാതെ, പാപചിന്തയില്ലാതെ കൂടുതൽ കൂടുതൽ പ്രകടിപ്പിക്കുന്നതോടെ അതിൽ ഒന്നുമില്ലെന്ന അവബോധത്തിൽ നിങ്ങളെത്തിച്ചേരും. അത് പാപമല്ല, അത് പ്രകൃതിസഹജമായ ഒരു തൃഷണയാണ്. ചെറിയൊരു തലവേദനക്ക് ഇടയാക്കുമെന്നല്ലാതെ അതിലൊന്നുമില്ലെന്ന് അനേകർക്ക് മനസ്സിലാകും!
എങ്കിലും യന്ത്രമനുഷ്യരെപോലെ അവരത് ചെയ്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിൽ മറ്റൊന്നും ചെയ്യാനില്ലാത്തതാണ് അതിന് കാരണം. നമ്മുടെ ജീവിതങ്ങൾ അതിദരിദ്രമാണ്. അതിൽ അധികമൊന്നും ചെയ്യാനില്ല. ഒരു കാര്യമറിഞ്ഞാൽ നിങ്ങൾ അദ്‌ഭുതപെട്ടുപോകും. മഹാനായ ഒരു ചിത്രകാരൻ ചിത്രരചനയുടെ ആവേശത്തിൽ ആഴ്ചകളോളം, മാസങ്ങളോളം സെക്സ് പൂർണമായും മറന്നു പോകുമായിരുന്നു. ഒരു മഹാകവിയാകട്ടെ കാവ്യരചനാവേളയിൽ സെക്സ് അപ്പാടെ മറന്നുപോകുന്നു, എന്താണ് അവിടെ സംഭവിക്കുന്നത്??
സർഗ്ഗശേഷിയുള്ളവരുടെയെല്ലാം അനുഭവം ഇതാണ്; അവർ എന്തെങ്കിലും സൃഷ്ടിക്കുമ്പോഴൊക്കെ സെക്സ് തീർത്തും അപ്രധാനമായി മാറും. ഒരു പക്ഷെ അതേ ഊർജ്ജമായിരിക്കാം അവർ സൃഷ്ടിയിൽ ഉപയോഗിക്കുന്നത്. അതിനുശേഷം ഉർജ്ജമൊട്ടും അവശേഷിക്കുന്നില്ല. സർഗാത്മകത അത്രമാത്രം നിറവ് നൽകുന്നതായതുകൊണ്ട് അത് പാഴാക്കി അടുത്ത ദിവസം അതിന്റെ ക്ഷീണവുമായിരിക്കാൻ അവരാഗ്രഹിച്ചില്ല. അവരുടെ സർഗാത്മകത ഊർജ്ജം നഷ്ടപ്പെടുത്തുന്നില്ല. ഒരു തരത്തിൽ അതവർക്ക് ഊർജ്ജം പകരുകയാണ് ചെയ്യുക.
നിങ്ങളുടെ മതഗ്രന്ഥങ്ങൾ വായിക്കുകയാണെങ്കിൽ അദ്‌ഭുതപെട്ടുപോകും, അവ നിറയെ ലൈംഗികതയാണ്. ലൈംഗികതയെ അതിഷേപിക്കുന്ന വിശുദ്ധന്മാർ പോലും അതിനെ അധിഷേപിക്കുന്നത് അത്ര ആസ്വദിച്ചാണെന്ന് നമുക്ക് അനുഭവപ്പെടും. അത്ര വിശദമായി, അത്ര ആനന്ദത്തോടെയാണ് അവരത് വിവരിക്കുന്നത്.
മതഗ്രന്ഥങ്ങളിൽ ലൈംഗികതയെ അത്ര ആനന്ദത്തോടെയാണ് അതിഷേപിക്കുന്നത് എന്നറിയുമ്പോൾ നിങ്ങൾ അദ്‌ഭുതപെട്ടുപോകും. ഈ മതഗ്രന്ഥങ്ങൾ എഴുതിയവരുടെ മനസ്സിൽ എല്ലാം അടിച്ചമർത്തിയിരിക്കുകയായിരുന്നെന്ന് ആ വാക്കുകൾ കണ്ടാലറിയാം. ഒരു കവിയുടെ ഡയറിയിലോ ചിത്രകാരന്റെ ഡയറിയിലോ ഒരു ശില്പിയുടെ കത്തുകളിലോ കാണുന്ന പോലുള്ള ഒരൊറ്റ വരിയും അവയിൽ കാണില്ല, ഒരൊറ്റ പരാമർശം പോലും നിങ്ങൾക്ക് കാണാൻ കഴിയില്ല.
ഞാൻ ചൂണ്ടിക്കാട്ടൻ ശ്രമിക്കുന്നത് ഇതാണ്; ലൈംഗികതയെന്നത് ലളിതവും സ്വഭാവികവുമായ ഒരു പ്രതിഭാസമാണെന്ന അവബോധം എന്റെ സന്യാസിമാർക്ക് ഉണ്ടാക്കുവാനാണ് ഞാൻ ശ്രമിക്കുന്നത്. അത് അനുഭവിക്കുക, പൂർണമായും അനുഭവിക്കുക - അപ്പോൾ മാത്രമേ അതിനെ മറികടക്കാൻ കഴിയൂ, ഈ മറികടക്കലാണ് എന്റെ ലക്ഷ്യം. എന്റെ സന്യാസിമാർ, ധ്യാനത്തിൽ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് പോയപ്പോൾ ലൈംഗികതയോടുള്ള താത്പര്യം കുറഞ്ഞുവന്നു. വാസ്തവത്തിൽ, പുരുഷ സന്യാസിമാർ ഒഴിവുകഴിവുകൾ കണ്ടെത്തി ഒഴിഞ്ഞുമാറുകയാണെന്ന് സ്ത്രീസന്യാസിമാർ എന്നോട് പരാതിപെട്ടിട്ടുണ്ട്. സാധാരണ ലോകത്ത് ഇതിന്റെ നേർവിപരീതമാണ് കാണുക; സ്ത്രീകളാണ് എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുന്നത്.
ലോകത്തിലെ ഏറ്റവും ലൈംഗികവിരുദ്ധനായ വ്യക്തിയാണ് ഞാൻ. എന്നാൽ എന്തുകൊണ്ട് ലൈംഗികതയെ ഞാൻ പിന്താങ്ങുന്നുവെന്നും 'അത് പ്രകടിപ്പിക്കുക, അത് ജീവിക്കുക, അങ്ങനെ അതവസാനിപ്പിക്കുക - എത്രയും നേരെത്തെ അത് ചെയ്യുന്നുവോ അത്രയും നല്ലത്, അതുകൊണ്ട് ഏതാനും വർഷത്തേക്കെങ്കിലും ധ്യാനത്തിന് പൂർണ്ണമായും സമർപ്പിതമായി അതീന്ദ്രിയജീവിതം ജീവിക്കാൻ കഴിയും'. എന്ന് എന്തുകൊണ്ട് ഞാൻ പറയുന്നുവെന്നും മനസ്സിലാക്കാൻ ആരും ശ്രമിക്കാത്ത ഭ്രാന്തു പിടിച്ച ലോകമാണിത്.
എന്നെ സെക്സ് ഗുരു എന്ന് വിശേഷിപ്പിക്കുന്നത് തികച്ചും അസംബന്ധമാണ്. എന്നാൽ ജനങ്ങൾക്കു വേണ്ടതെന്തോ - കോലാഹലങ്ങൾ - അതാണ് പത്രപ്രവർത്തകർ നൽകി കൊണ്ടിരിക്കുന്നത്. അവർ കഥകൾ കെട്ടിച്ചമയ്ക്കുന്നു, അവർ കഥകൾ കണ്ടുപിടിക്കുന്നു.
എന്റെ പേരിൽ കുറഞ്ഞത് നാന്നൂറ് പുസ്തകങ്ങളെങ്കിലും ഉണ്ടായിരിക്കും. അതിൽ ഒന്നുമാത്രമാണ് സെക്സിനെക്കുറിച്ചുള്ളത്. ആ പുസ്തകത്തെക്കുറിച്ച് മാത്രമാണ് വിവാദം. മറ്റ് 399 പുസ്തകങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ആ 399 പുസ്തകങ്ങളാണ് ഏറ്റവും നല്ല പുസ്തകങ്ങൾ. സെക്സിനെക്കുറിച്ചുള്ള പുസ്തകം ഒരന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. അപ്പോൾ മറ്റ് പുസ്തകങ്ങളെ മനസിലാക്കുവാനും ഉന്നതങ്ങളിലേക്ക് പോകുവാനും കൊച്ചുകൊച്ച് പ്രശ്നങ്ങൾ ഉപേക്ഷിച്ച് മനുഷ്യാവബോധത്തിന്റെ ഉന്നതങ്ങളിലേക്ക് എത്തിച്ചേരാനും കഴിയും.
Comments
Post a Comment