മഹാ വിദ്യ - ശ്രീമത് ദക്ഷിണ കാളികാ-ഭാഗം -1

മഹാ വിദ്യ - 
ശ്രീമത് ദക്ഷിണ കാളികാ
-ഭാഗം -1 
ഏവർക്കും പ്രണാമം 

വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയം ഇവിടെ ഇന്നു അവതരിപ്പിക്കുന്നു, പലരും പറയുന്നത് കേട്ടിട്ടുണ്ട് വീട്ടിൽ കാളി പൂജ പാടില്ല, കാളിയുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല, കൂടാതെ ഉഗ്ര മൂർത്തി ആയതിനാൽ കാളിയെ ഉപാസന പാടില്ലാ എന്നും, ശ്രീ ചക്രത്തിൻ്റെ കാവൽ ദേവത മാത്രമാണ് കാളി എന്നും .അങ്ങനെ രൂപം കൊണ്ടും ഉപാസനാ രീതി കൊണ്ടും ഒരുപാട് തെറ്റിധരിക്കപ്പെട്ട മഹാ ശക്തിയാണ് ദേവി കാളി, ഇതിനെ കുറിച്ച് ഒരുപാട് നാളായുള്ള അന്വേഷണവും, ഗുരുവര്യന്മാരുടെ കൃപയും സദ് സാധകന്മാരുടെ മാർഗ്ഗ ദർശനവും ഒരു പാട് ഗ്രന്ഥങ്ങളുടെ അദ്ധ്യയനവും സർവ്വോപരി ദേവീ കൃപയും ആ ചിത് ശക്തിയുടെ പ്രേരണയാൽ ദേവിയെ കുറിച്ചു അറിയുന്നത് എഴുതുന്നു.

ഇത് എഴുതും മുന്നേ ഏവർക്കും സുപരിചിതനായ മഹാ സാധകനും പരമ കാളി ഉപാസകനും ആകുന്ന ശ്രീ രാമ കൃഷ്ണ പരമഹംസരുടെ ഉപാസനാ നാളുകളിൽ നടന്ന ഒരു കഥ പറയാം 

ഒരിക്കൽ ഒരു വിദേശി അദ്ദേഹത്തിൻ്റെ കാളിയിൽ ഉള്ള ഭകതി അറിഞ്ഞ് അദ്ദേഹത്തെ കാണാൻ വന്നു, ശ്രീരാമദേവനെ കണ്ട മാത്രയിൽ വിദേശി അദ്ദേഹത്തോട് ചോദിച്ചു സ്വാമി ഞാനൊരു സംശയം ചോദിക്കട്ടെ, അങ്ങ് പറയുന്നു ഈ സകലമാന ബ്രഹ്മാണ്ഡവും അങ്ങയുടെ ഉപാസനാ മൂർത്തിയായ ദക്ഷിണ കാളിയിൽ നിലകൊള്ളുന്നു എന്നു.എന്നാൽ ഞാൻ അങ്ങ് പൂജിക്കുന്ന കാളി വിഗ്രഹം കണ്ടു അത് വളരെ ചെറുതാണ് .എന്നാൽ ഈ ബ്രഹ്മാണ്ഡമോ വളരെ വിശാലവും .ഇത്രയും ചെറിയ വിഗ്രഹത്തിൽ എങ്ങനെ സകല ബ്രഹ്മാണ്ഡവും ഉൾക്കൊള്ളും,പരമഹംസർ മന്ദഹസിച്ചു കൊണ്ട് മറുപടി പറഞ്ഞു , ഭൂമിയിൽ നിന്ന് നോക്കിയാൽ ആ കാണുന്ന സൂര്യൻ എത്ര ചെറുതാണ് എന്നാൽ സൂര്യനോട് അടുക്കും തോറും അതിൻ്റെ വലിപ്പവും വ്യാപ്തിയും മനസ്സിലാകും അത് പോലെ തന്നെ പുറമെ കാണുന്ന ആൾക്ക് കാളിയുടെ വിഗ്രഹം മാത്രമേ കാണാനാകൂ അതിൻ്റെ തത്വം ഗ്രഹിച്ചവന് മാത്രമേ കാളി എന്തെന്ന് അറിയാനാകൂ , സത്യത്തിൽ ഈ ഒറ്റ വാചകത്തിനു ഒരുപാടു വ്യാപ്തിയും അർത്ഥ തലങ്ങളും ഉണ്ടു അടുക്കും തോറും അനന്ദതയുടെ സമാപ്തി ഇല്ലാത്ത അവസ്ഥ അതേ '' മഹാ ശൂന്യം " കാളി

തന്ത്ര ശാസ്ത്രത്തിൽ സർവ്വോപരി വിദ്യകൾ ആകുന്നു ദശ മഹാ വിദ്യകൾ, ദശ മഹാ ദേവിമാരിൽ പ്രമുഖ മഹാ വിദ്യ ആകുന്നു "ശ്രീ ദക്ഷിണ കാളികാ "
ദേവി മഹാ വിദ്യകളിൽ പ്രഥമ മഹാ വിദ്യ കൂടി ആകുന്നു. അത് കൊണ്ട് ദേവിയെ "ആദ്യ " എന്ന ഒരു നാമം കൂടി പറയപ്പെടുന്നു.സർവ്വതിന്റേയും ആദി ആകുന്നു ദേവി കാളി. സർവ്വബ്രഹ്മാണ്ഡത്തിന്റെ മൂല ഉത്പത്തിക്ക് ഹേതു ആകുന്നു ജഗത് ജനനി .അതിനാൽ തന്നെ ആദ്യ 

മഹാ പ്രളയത്തിൽ സർവ്വതും നശിക്കും. അവിടെ കേവലം മഹാ കാളിയും മഹാകാലനും മാത്രം അവശിഷ്ടം ആകും"മഹാ പ്രളയ സാക്ഷിണി" എന്നതും ദേവി തന്നെ സർവ്വതും മഹാപ്രളയത്തിൽ നശിക്കുമ്പോൾ ആ ശൂന്യം മാത്രം ബാക്കി 

എന്താണ് മഹാ ശൂന്യം - 

"സർവ്വാതുത്തരം ദേവി തതഃ ശൂന്യം ഭവിഷ്യതി തതഃ ശൂന്യ പരാ രൂപാ മഹാ സുന്ദരി കലാ മഹാപ്രളയകേജാതെ തതഃ ശൂന്യം ഭവിഷ്യതി "

അർത്ഥം -
ഈ ബ്രഹ്മാണ്ഡ കോടികൾക്കും സമയ ചക്രത്തിനും അപ്പുറം ശൂന്യം എന്ന ഒരു അവസ്ഥ അല്ലെങ്കിൽ ശക്തി വിശേഷം ഉണ്ട് വാക്യാതീതമാണ് ( Beyond the time cycle ) 

പ്രധാനമായി മൂന്ന് മഹാ ശൂന്യങ്ങൾ പറയുന്നു, പ്രഥമ ശൂന്യത്തിൽ ദേവി മഹാ ത്രിപുര സുന്ദരി നില കൊള്ളുന്നു .അതിനു മുകളിലായി ഒരു ശൂന്യമുണ്ട് അവിടെ ദേവി മഹാ താരാ രൂപത്തിൽ നിലകൊളളുന്നു. ഈ മഹാ ശൂന്യങ്ങൾക്ക് മഹാ പ്രളയത്തിൽ പോലും നാശമില്ല 

ഏവം ദേവി മഹാ ശൂന്യയം ശ്രീമദ് ദക്ഷിണ കാളികാ.വ്യാപ്യ തിഷ്ടതി ദേവശി ശൂന്യം കൃഷ്ണ സ്വരൂപകം 

അർത്ഥം - 

നേരത്തെ പറഞ്ഞ രണ്ട് ശൂന്യത്തിനുമപ്പുറം ഒരു മഹാ ശൂന്യം ഉണ്ട്.ആ മഹാ ശൂന്യം ആകുന്നു ശ്രീ ആദ്യ ദക്ഷിണ കാളികാ.ആ ശൂന്യത്തിൽ കൃഷ്ണ സ്വരൂപം ആയി മഹാ തമസ്സായി ദേവി നിലകൊളളുന്നു 

ശക്തിസംഗമം തന്ത്രം. 

അപ്പോൾ പര ബ്രഹ്മത്തിന്റെ മൂല സ്വരൂപം അല്ലെങ്കിൽ പൂർണ്ണ ഇച്ഛ ആകുന്നു മഹാ ശൂന്യത്തിൽ നിലകൊളളുന്ന ശ്രീ ദക്ഷിണ കാളി.ഈ കാളി തന്നെ പരമാ രൂപത്തിൽ ഇച്ഛ കാളി അല്ലെങ്കിൽ ഗുഹ്യ കാളി ആയി അറിയപ്പെടുന്നതും 

ഈ കാരണം ആകുന്നു ദശ മഹാ വിദ്യ യിൽ ദേവി ആദ്യ ആയതും
ശേഷം താര വന്നതും ശേഷം സുന്ദരി വന്നതും, പ്രഥമ, ദ്വിതീയ, തൃതീയ വിദ്യകളായി " ആദോ കാളി തദോ താരാ തദാ ത്രിപുര സുന്ദരി " ഇവ മഹാ ശൂന്യത്രയങ്ങൾ ആകുന്നു. ഈ മഹാ ശൂന്യങ്ങളായി സാക്ഷി ഭൂതമാണ് ദേവി 

എന്താണ് കാളി മഹാ കാലചക്രത്തിൻ്റെ അധീശ്വരി എന്ന് പറയുന്നത് അധവാ സമയമാണു കാളി എന്നു പറയുന്നതു

കാളി വാക്യാർത്ഥം -"കാലം കലയതി ഇതി കാളി "

കാല ചക്രത്തിന്റെ സഞ്ചാലനം ചെയ്യുന്ന മഹാ ശക്തിയെ കാളി എന്നും വിളിക്കും,അപ്പോൾ കാളിയെ അറിയണം എങ്കിൽ കാല ചക്രത്തെ അറിയണം 

കാല ചക്രം - 

ഈ ബ്രഹ്മാണ്ഡം തന്നെ നിലകൊളളുന്നതും. സകല ബ്രഹ്മാണ്ഡത്തിന്റെ സകല കൃത്യങ്ങൾ നടത്തുന്ന മഹാ ചക്രത്തെ മഹാകാല ചക്രം എന്ന് വിളിക്കും

പഞ്ച കൃത്യങ്ങൾ 

സൃഷ്ടി
സ്ഥിതി
സംഹാരം
തിരോധാനം
അനുഗ്രഹം 

ഈ കൃത്യങ്ങൾക്ക് ആധാരഭൂതമാകുന്നു മഹാ കാല ചക്രം 

ഈ മഹാകാല ചക്രം അണു തൊട്ട് വിരാട് മഹാ ബ്രഹ്മാണ്ഡം വരേയും അല്ല അതിനുമപ്പുറത്ത് വ്യാപ്തം ആകുന്നു. 
അപ്പോൾ ഈ മഹാകാല ചക്രത്തിന്റെ കാല ഗണനത്തിന്റെ അയാമങ്ങൾ സ്ഥരം ( അവസ്ഥാ)അനുസരിച്ച് മാറും 
നിമേഷം എന്ന സർവ്വ സൂക്ഷ്‌മ കാല ബിന്ദു തൊട്ട് മഹാ ശൂന്യം എന്ന കാലാതീത അവസ്ഥ വരെ ഈ മഹാകാലം നിലകൊളളുന്നു. 

ഇതിന് ആരാലും വ്യാഖ്യാനം ചെയ്യാൻ ആകില്ല എന്നാലും. 

പൂർവ്വസൂരികൾ ഇതിനെ
5 ഭാഗം ആയി തരം തിരിച്ചു. 

ഖണ്ഡ കാലം
കാലം
ബ്രഹ്മാണ്ഡ കാലം
അനാഘ്യാ കാലം
മഹാകാലം. 

ഖണ്ഡ കാലം - ഭൂതം, ഭവിഷ്യ, വർത്തമാനം ആയി ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്ന കാലം 

കാലം - ഈ ഭൂമി ഉൾക്കൊളളുന്ന നമ്മുടെ സൗരയൂധത്തിൽ ഉള്ള കാല ചക്രം 

ബ്രഹ്മാണ്ഡ കാലം -ഈ ബ്രഹ്മാണ്ഡത്തിൽ സഞ്ചാലനം ചെയ്യുന്ന കാല ചക്രം. 

അനാക്യ കാലം -
അനേക ബ്രഹ്മാണ്ഡതിനെ സഞ്ചാലനം ചെയ്യുന്ന കാല ചക്രം. 

മഹാകാലം -ഈ സകല കാല ചക്രത്തിന്റേയും ആധാര ഭൂതമായി ഇരിക്കുന്ന മുഖ്യ കാലം അല്ലെങ്കിൽ കാല ചക്രത്തിന്റെ മൂല ബിന്ദു.

ഈ പറഞ്ഞ അഞ്ച് മഹാകാലത്തിനും അപ്പുറം ആകുന്നു മഹാ ശൂന്യ ത്രയങ്ങൾ.ആ മഹാ ശൂന്യങ്ങളിലും ഒടുവിലത്തെ ത്രയത്തിലാകുന്നു മഹാകാളിയുടെ സ്ഥാനം.അവിടെ നില കൊള്ളുന്ന ആ മഹാശക്തി സർവ്വതിന്റേയും മുഖ്യ ആധാര ശക്തി ആയി നിലകൊളളുന്നു 

ഇനി ദക്ഷിണ കാളിയുടെ യന്ത്രം ശ്രദ്ധിച്ചാൽ കൂടുതൽ മേൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാകും ,മേൽ പ്രതിപാദിച്ച അഞ്ച് കാലങ്ങളാകുന്നു യന്ത്രത്തിലുള്ള മുഖ്യ പഞ്ച ത്രികോണം "പഞ്ച ത്രികോണ നിലയാകുലസാമരസ്യാ " 

ദക്ഷിണ കാളി പദ അർത്ഥം - 

ദക്ഷിണാമൂർത്തി ആകുന്ന ശിവനാൽ സേവിക്കപ്പെട്ടവളായതു കൊണ്ട് ദക്ഷിണ കാളി എന്ന നാമം. 

ദക്ഷിണ ആമ്നായത്തിന്റെ അധീശ്വരി ആയത് കൊണ്ട് ദക്ഷിണ കാളി എന്ന നാമം. 

ദക്ഷ ആവർത്തമായി ചുറ്റുന്ന കാല ചക്രത്തിന്റെ സഞ്ചാലികാ ശക്തി ആയത് കൊണ്ട് ദക്ഷിണ കാളി എന്ന നാമം 

ദക്ഷിണ ദിശാ നാഥൻ യമനെ പോലും സംഹാരം ചെയ്യുന്ന മഹാ പ്രളയ നായിക ആയതിനാൽ ദക്ഷിണ കാളി. 

ദക്ഷിണ കാളിയും തന്ത്ര ക്രമവും - 

ദക്ഷിണാമ്നായ നായികയാണ് ദേവി,
മഹാകാലനാണ് ഭൈരവൻ, കുലം -കാളി കുലം, ദേവിയുടെ ഗണേശൻ ഏകാക്ഷരി ഗണേശൻ, ശക്തി ഗണേശൻ.,ശിവൻ -ആഘോരൻ,യക്ഷിണി -മധുമതി,യക്ഷൻ -മഞ്ജുഘോഷൻ
ക്രമം - മഹാ നീല ക്രമം
മാർഗ്ഗം -വാമം 

ദക്ഷിണ കാളി യന്ത്രം - 

ഏത് ദേവത ആരാധനയിലും തന്ത്ര പ്രകാരം ആ ദേവതയുടെ യന്ത്രം മുഖ്യമായ ഘടകമാകുന്നു.യന്ത്രം ആ ദേവതയുടെ ലോകത്തിന്റെ പ്രതിനിധീകരണം ആകുന്നു. 

ഈ യന്ത്രങ്ങൾ സാധകൻ്റെ സ്വശരീരവും അതിന്റെ ഗുപ്ത ചക്രങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നു
അതേ പോലെ വിഷ്ടി രൂപത്തിൽ ബ്രഹ്മാണ്ഡത്തിന്റെ രേഖാ ചിത്രം തന്നെ ആകുന്നു യന്ത്രങ്ങൾ,ആ ദേവതയുടെ അവസ്ഥ, സ്ഥാനം, പരിധി എന്നിവ അനുസരിച്ച്.ഇവിടെ ദക്ഷിണ കാളികാ ദേവിയുടെ മഹാ യന്ത്രം ഇപ്രകാരം ആകുന്നു - 

ശ്രീ ദക്ഷിണ കാളി യന്ത്രം 

ആദൗ ത്രികോണം വിന്യസ്യ ത്രികോണം തതഃ ബഹിർ ന്യാസേത്
തതൗ വൈ വിലിഖേന് മന്ത്രൗ ത്രികോണ ത്രയമുത്തമം
വൃത്തം വിലിഖ്യ വിധിവത് ലിഖേത് പദ്മം സുലക്ഷണം
ചതുർസ്രം ദ്വാരമേവം മണ്ഡലമാലിഖേത്

ബിന്ദു
പഞ്ച ത്രികോണം
അഷ്ട ദളം
കേസരം
ഭൂപുരം 

ഇത് മുഖ്യ ക്രമത്തിൽ ഉപയോഗിച്ച് വരുന്ന യന്ത്രം. ഇത് അല്ലാതെയും സമ്പ്രദായ ഭേദം അനുസരിച്ച് മന്ത്ര യന്ത്ര ഭേദങ്ങൾ ഉണ്ട്.സമ്പ്രദായം അനുസരിച്ച് മന്ത്രം, ധ്യാനം, ആവരണം വരെ മാറും,സർവ്വ പ്രചലിത മായ യന്ത്രം ഇവിടെ പറയുന്നു.ദക്ഷിണ കാളി ദേവി മഹാകാല ചക്ര ത്തിന്റെ നായിക ആയി മഹാ ശൂന്യ വാസിനി ആകുന്നു എന്ന് നേരത്തെ പറഞ്ഞ കാര്യങ്ങൾ വഴി വ്യക്തമാണ്, ഈ ദക്ഷിണ കാളി മഹാ യന്ത്രം സാക്ഷാത് മഹാ കാല ചക്രം ആകുന്നു. 

ആ ചക്രത്തിന്റെ ബിന്ദുവിൽ മഹാകാല മഹിഷി ആയി ത്രി മഹാ ശൂന്യത്തിന്റെ മധ്യ ബിന്ദുവിൽ ആ പരാ ശക്തി സ്ഥിതി ചെയ്യുന്നു. 

ബിന്ദു - മഹാ ശൂന്യമാകുന്നു. 

ത്രികോണം പഞ്ചകം -
ഇവിടെ പ്രതിപാദിച്ച മഹാകാല ചക്രമായ കണ്ഡകാലം എറ്റവും പുറത്തുള്ള ത്രികോണം, കാലം അതിനകത്തുള്ള ത്രികോണം, ബ്രഹ്മാണ്ഡ കാലം അതിനും അകത്തുള്ള ത്രികോണം, അനാഘ്യാ കാലം അതിനും അകത്തുള്ള ത്രികോണം, മഹാ കാലംമദ്ധ്യ ത്രികോണം ഇവിടെ 15 നിത്യ ദേവിമാർ ആ ചക്രത്തെ സഞ്ചാലനം ചെയ്യുന്നു, ഇതിലെ ഈ അഞ്ച് ത്രികോണങ്ങളിലും മുമ്മൂന്ന് നിത്യകൾ വച്ച് ഓരോ ചക്രത്തിനേയും സഞ്ചാലനം ചെയ്യുന്നു ,
ഇതല്ലാതെ പഞ്ച കോശം, പഞ്ച കൃത്യങ്ങൾ എന്നിവയായും ബന്ധപ്പെട്ട് നിൽക്കുന്നു ഈ അഞ്ച് ത്രികോണങ്ങൾ . 

അഷ്ട ദളം - അഷ്ട ഭൈരവി, അഷ്ട ഭൈരവൻമാർ എന്നിവർ സകല ബ്രഹ്മാണ്ഡത്തിന്റേയും അഷ്ട ദിശകളിൽ നിന്നും ഈ കാല ചക്രത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര ദൗത്യങ്ങൾ നിർവ്വഹിക്കുന്നു 

ശേഷം ഭൂപുരത്തിൽ അഷ്ട മഹാ യോഗിനിമാർ, ദശ ക്ഷേത്രപാലൻമാർ, ദശ ദിക്പാലൻമാർ, അവരുടെ ആയുധങ്ങൾ, ഗണേശ ആദി യോഗിനി പര്യന്ത ശക്തികൾ തൊട്ട് മുപ്പത്തിമുക്കോടി ദേവതകൾ ഈ ചക്ര ത്തിൽ നിലകൊളളുന്നു
ഇങ്ങനെ ഉള്ള മഹായന്ത്രം ആകുന്നു ശ്രീമദ് ദക്ഷിണ കാളി യന്ത്രം. 

ദക്ഷിണ കാളിയും ദീക്ഷ ക്രമവും - 

ശ്രീ ദക്ഷിണ കാളി ദേവിയുടെ മുഖ്യ വിദ്യ വിദ്യരാജ്ഞി മഹാ മന്ത്രം എന്ന് അറിയ പ്പെടുന്നു ദ്വാവിംശക്ഷരി മഹാ മന്ത്രം ആകുന്നു. ഈ വിദ്യ കാളി കുല പ്രകാരം ക്രമ ദീക്ഷ വിധിയിൽ പൂർണ്ണ അഭിഷേക ദീക്ഷയോടെ കൂടെ ആകുന്നു ഒരു സദ് ഗുരു നൽകുക. 

ഈ പൂർണ ദീക്ഷയ്ക്ക് മുമ്പേ സമ്പ്രദായം ഭേദം അനുസരിച്ച്-
ഏകാക്ഷരി ഗണേശൻ
വടുക ഭൈരവൻ 
ചിന്താമണി ഏകാക്ഷരി കാളി
സ്പർശ മണി കാളി
സിദ്ധി കാളി
സന്തത്തി പ്രദ കാളി
ശേഷം പൂർണ അഭിഷേകമായി വിദ്യരാജ്ഞി മഹാ മന്ത്രം നൽകും 

ഈ മന്ത്ര ദീക്ഷാ ക്രമത്തെ 

മന്ത്ര ദീക്ഷ
ശാക്ത അഭിഷേകം
പൂർണ്ണ അഭിഷേകം 
എന്നീ ക്രമത്തിൽ തരം തിരിച്ചിട്ടുണ്ട്. 

വിദ്യരാജ്ഞി ശ്രീ ദക്ഷിണ കാളി ദേവി മന്ത്രവും വിദ്യ ഭേദവും - 

ശ്രീ വിദ്യാ ക്രമം പോലെ തന്നെ ദക്ഷിണ കാളി മഹാ വിദ്യയിലും കാദി, ഹാദി, ക്രോധാദി എന്ന മന്ത്രഭേദങ്ങൾ ഉണ്ട്.
അത് അനുസരിച്ച് ധ്യാനം, ന്യാസം, പൂജ എന്നിവ മാറും 

കാദി കാളി -കാളി ബീജത്തിൽ തുടങ്ങുന്ന വിദ്യ കാദി കാളി വിദ്യ ആകുന്നു.ഇതിൽ ധ്യാനം ,ആവരണം എന്നിവ ഭേദം ഉണ്ട്. 

ഹാദി കാളി - മായാ ബീജത്തിൽ തുടങ്ങുന്ന കാളി വിദ്യ ഹാദി വിദ്യ ആകുന്നു.ധ്യാനം ആവരണം, ഭേദം വരും പൂജയിൽ. 

ക്രോധാദി കാളി വിദ്യ - ക്രോധ ബീജം കൊണ്ട് ആരംഭിക്കുന്ന കാളി മന്ത്രത്തെ ക്രോധാദി വിദ്യ എന്ന് പറയും. 

വാഗാദി കാളി വിദ്യ -വാഗ് ബീജം കൊണ്ട് തുടങ്ങുന്ന കാളി വിദ്യ വാഗാദി കാളി വിദ്യ ആകുന്നു. 

നാദി കാളി വിദ്യ -നമഃ കൊണ്ട് തുടങ്ങുന്ന കാളി വിദ്യ നാദി കാളി വിദ്യ ആകുന്നു 

ദാദി കാളി വിദ്യ - ദക്ഷിണേ എന്ന പദം കൊണ്ട് തുടങ്ങുന്ന കാളി വിദ്യ ദാദി കാളി വിദ്യ ആകുന്നു. 

പ്രണവാദി - ഓംകാരം കൊണ്ട് തുടങ്ങുന്ന കാളി വിദ്യ പ്രണവാദി കാളി വിദ്യ ആകുന്നു 

ഇങ്ങനെ മുഖ്യമായി വിദ്യാരാജ്ഞി മന്ത്രത്തിന് ഏഴ് മന്ത്ര ഭേദമുണ്ട് 

ആ ഭേദം ഗുരു പരമ്പരാ ക്രമാനുസരണം 22 അക്ഷരത്തിൽ നിന്ന് കൂടിയിട്ടും കുറഞ്ഞിട്ടും വിദ്യാരാജ്ഞി മന്ത്രം തന്നെ ആണ് 

ഈ ഏഴ് വിദ്യാരാജ്ഞി വിദ്യയിലും കാദി കാളി വിദ്യ ആകുന്നു സർവ്വ പ്രചലിതം. ശ്രീരാമ കൃഷ്ണ പരമഹംസർ, വാമ കേപ എന്നിവർ കാദി വിദ്യയായിരുന്നു പിൻതുടർന്നത് 

ഹാദി കാളി വിദ്യ ചില സമ്പ്രദായങ്ങൾ പിൻതുടരാറുണ്ട് വിശേഷിച്ച് ബംഗാളിൽ. 

പ്രണവാദി കാളി വിദ്യയും ചിലയിടത്ത് പിൻതുടരാറുണ്ട് 

ബാക്കി ഉള്ള നാല് ക്രമങ്ങളും ഇന്ന് വളരെ ലുപ്തമായി നിൽക്കുന്നു. 

ദക്ഷിണ കാളിയും ധ്യാന ഭേദവും -
ശ്രീ ദക്ഷിണ കാളിക്ക് അനേക ധ്യാന ഭേദങ്ങൾ ഉണ്ട്. എന്നാലും മൂന്ന് ക്രമം ധ്യാനം ആകുന്നു മുഖ്യമായി എടുക്കാറുള്ളത് 

സൃഷ്ടി ക്രമ ധ്യാനം
സ്ഥിതി ക്രമ ധ്യാനം
സംഹാര ക്രമ ധ്യാനം.

1 ,സൃഷ്ടി ക്രമ ധ്യാനം - 
ഗതാസൂനാം ബഹു പ്രകട കൃത് കാഞ്ചി പരിലസത് നീതംബാം.
ദിഗ്വസ്ത്രാം.......... എന്ന് തുടങ്ങുന്നത്

2,സ്ഥിതി ക്രമ ധ്യാനം- 
ബ്രഹ്മാവിഷ്ണുശ്ച രുദ്രശ്ച ഈശ്വരശ്ച സദാശിവ....... എന്ന് തുടങ്ങുന്നത് 

3,സംഹാര ക്രമ ധ്യാനം -
സദ്യശ്ഛിന്ന ശിര : കൃപാണ അഭയം ഹസ്തൈർ വരം ബിഭ്രതി...... എന്ന് തുടങ്ങുന്നത്

മൂന്ന് ക്രമത്തിലും മന്ത്രം ,ധ്യാനം,ആവരണം, പൂജ ,ഭേദം ഉണ്ട്.പൂജയിലും സൃഷ്ടി, സ്ഥിതി, ലയം എന്നീ ക്രമ ഭേദം വരും. 

ശേഷം അടുത്ത ഭാഗം 
കടപ്പാട്
ഭ്രമകൽപകത്വം ഗ്രൂപ്പ്
ജയ് മാ
കിരൺ

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം