ആരാണ് ധർമ്മേ ദേവത

ആരാണ് ധർമ്മേ ദേവത
പൗരാണിക കാലം മുതൽ തന്നെ 
ഭാരത ഭൂവിൽ ജ്യോതിഷം എന്ന മഹാ ശാസ്ത്രത്തിന്റെ പ്രാധാന്യം 
വളരെ ശ്രേഷ്ഠ സ്ഥാനം തന്നെയായിരുന്നു എന്ന് വേണം പറയാൻ..  
"വേദസ്യ ചക്ഷു" എന്ന് ശ്രുതി ഉള്ളതിനാൽ വേദത്തിന്റെ നേത്രങ്ങളാണ് ജ്യോതിഷം എന്നാ മഹാ ശാസ്ത്രം എന്ന് അനുമാനിക്കാം. 
"സർവ്വേന്ധ്രിയാണം നയനം പ്രധാനം" എന്നതിനാൽ മനുഷ്യന്റെ ശരീരത്തിലെ മറ്റ് അംഗങ്ങളിൽ നിന്നും കണ്ണുകൾക്കുള്ള പ്രാധാന്യം എത്രെതോളം ഉണ്ടായിരിക്കുമോ? 
അത് പോലെ തന്നെയാണ് ജ്യോതിഷ  ശാസ്ത്രത്തിന്റെ പ്രാധാന്യവും...  പ്രകൃതിയ്ക്കും മാനവരാശിക്കും അത്യധികം പ്രയോജന പ്രദവും ഗുണദായകവും ആണ് ജ്യോതിഷം എന്നാ മഹാശാസ്ത്രം എന്ന് പറയേണ്ടിയിരിക്കുന്നു..  

എത്രെയോ നശിക്കപ്പെട്ട നശിപ്പിക്കപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങൾ പുണരുദ്ധികരിക്കാൻ ഒരുകാലത്ത്  ഈ ജ്യോതിഷം എന്നാ  മഹാശാസ്ത്രവും നല്ല ജ്യോതിഷികളും വഹിച്ച പങ്കു വാക്കുകൾക്കും അക്ഷരങ്ങൾക്കും  അതീതമാണ്....
ഒരു പരിധിവരെ കേരളത്തിൽ ഹൈന്ദവ സംസ്കാരത്തെയും ഹൈന്ദവ ദേവാ ആരാധനകളെയും നാശം സംഭവിക്കാതെ പിടിച്ച് ഉയർത്തുവാനും ഉദ്ധരിക്കുവാനും ജ്യോതിഷികൾക്കു സാധിച്ചു എന്നത് വിശാലമായ ഹിന്ദുസംസ്കാരത്തിനു  
ഈ മഹാശാസ്ത്രത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനകളിൽ ഒന്ന് തന്നെയായിരുന്നു..... 

എന്നാൽ കാലം കലിയുഗത്തിന്റെ തീക്ഷണതയിൽ നടന്നമാടിയപ്പോൾ ചില ജ്യോതിഷികളുടെ പ്രവചനങ്ങൾ ശാസ്ത്രത്തിനു വിരുദ്ധമായി അരങ്ങേറിയിട്ടുണ്ട് എന്നതിൽ ദുഖിക്കുക മാത്രമേ നിർവാഹമൊള്ളൂ.. എത്രെയോ കാലങ്ങളായി അപ്പൻ അപ്പൂപ്പന്മാരായി പാരമ്പര്യമായി ആരാധിച്ചു പ്രാർഥിച്ചു വന്ന ധർമ്മദൈവങ്ങളെ ആവാഹിച്ചു ഒഴിവാക്കുവാൻ പ്രശ്ന വിധി നിർദ്ദേശിച്ചു അപ്രകാരം ചെയ്തു തുടർന്ന് ഒട്ടനവധി ദുരിതം അനുഭവിച്ചു വീണ്ടും ധർമ്മ ദൈവങ്ങളെ പുനർ ആരാധന ആരംഭിച്ച കുടുംബങ്ങളേയും ജീവിതത്തിന്റെ വഴിതാരയിൽ കാണാനിടയായിട്ടുണ്ട്... 

പാരമ്പര്യമായി വൃക്ഷ ചുവട്ടിലും,കൊട്ടിൽ എന്നാ ശാക്തേയ മണ്ഡപങ്ങളിലും മച്ചിലും, കളരിയിലും  എല്ലാം ആരാധിച്ചു വന്ന ധർമ്മ ദൈവങ്ങളെ ശ്രീകോവിൽ വിധാനത്തിൽ ക്ഷേത്ര സമുച്ചയമാക്കി തീർക്കുവാനും,പാരമ്പര്യമായി ശാക്തേയ കൗള സമ്പ്രദായത്തിൽ ആരാധിച്ചു വന്ന  മൂർത്തീഭാവങ്ങളെ ധർമ്മത്തിന് വിരുദ്ധമായി വൈദിക വൽക്കരിക്കുവാനും ചിലർ ഈ മഹാ ശാസ്ത്രത്തെ വിനിയോഗിച്ചു ദുരുപയോഗം ചെയ്തു എന്ന് മനസില്ലാ മനസ്സോടെ പറയേണ്ടിയിരിക്കുന്നു.. അനന്തരം പരിചാരക ഭക്ത വൃദ്ധങ്ങളിൽ ദുരിതം വിതയ്ക്കുകയും ഉണ്ടായി എന്നത് പകൽ പോലെ സത്യമായ വസ്തുതയുമാണ്. 

ഒരു ധർമ്മ ദൈവ പ്രശ്ന ചിന്തന പ്രകാരം ധർമ്മ ദൈവ ബാധയെ നിരൂപിക്കാൻ ആചാര്യൻ പ്രശ്നമാർഗ്ഗം പഞ്ചദശാധ്യായത്തിൽ  ഈ പ്രകാരം പറഞ്ഞിരിക്കുന്നു.. 
"ബാധാ ധീഷേ ഗത വതി സുഖം ബാധക സ്ഥാന സംസ്തേ വേശ്മേഷേ വാ സുഖ പതി ഗൃഹാതിഷ്ടിതെ ബാധകേഷേ വേശ്മേഷേ വാപ്യമുക ഗൃഹഗേ ധർമ്മ ദൈവസ്യ ബാധാ വാച്യാ പ്രഷ്ടു: പുനരാധികതാ ലക്ഷണതിക്യതോ സ്യാ:"

ധർമ്മ ദൈവ ബാധയെ നിരൂപിക്കേണ്ടത്തിനു നാലു ലക്ഷണങ്ങളേയാണ് ഈ ശ്ലോകം കൊണ്ട് ആചാര്യൻ നിർവചിച്ചിട്ടുള്ളത്. ഇവിടെ ധർമ്മ ദൈവം എന്നുള്ളത് കുലത്തിനു അനുസൃതമായി പിതൃ വഴിയോ മാതൃ വഴിയോ ചിലപ്പോൾ രണ്ടും ഉണ്ടാകാം..

ഇവിടെ പൃച്ചകന് ധർമ്മ ദൈവ ബാധയ്ക്കുള്ള കാരണങ്ങൾ എന്താണ് എന്ന് ചിന്തിക്കുകയും അതിനു പരിഹാരം എന്താണ് എന്നുള്ളത് ചിന്തിച്ചു കാലത്തിനും ദേശത്തിനും കുലത്തിനും അനുയോജ്യമായി മാത്രമേ പ്രതിവിധികൾ നിർദ്ദേശിക്കുവാൻ ജ്യോതിഷിക്ക് അർഹതയുള്ളു.. 
ധർമ്മ ദൈവ കോപത്തെയോ ധർമ്മ ദൈവ ബാധ ദുരിതത്തെയോ ധർമ്മ ദൈവത്തെയോ എങ്ങനെയാണു ശൈവ വൈഷ്ണവ ശാക്തേയമായി പ്രതിമയിൽ ആവാഹിച്ചു ദേശക്ഷേത്രങ്ങളിൽ സമർപ്പിക്കുക? 
അപ്രകാരം ധർമ്മദൈവത്തെ ആവാഹിച്ചു മാറ്റി മറ്റു ക്ഷേത്രങ്ങളിൽ സമർപ്പിക്കാൻ ഒരു പ്രമാണം എങ്കിലും ഏത് ജ്യോതിഷ ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും? 

ബാധ എന്നാ വാക്ക് ദുഃഖം എന്നോ ദുഃഖം ഉണ്ടാക്കുന്നത് എന്നോ ചിന്തിക്കേണ്ടിയിരിക്കുന്നു..
ധർമ്മ ദൈവ ബാധ എന്നത് ധർമ്മദൈവത്തിന്റെ കോപം പരിചാരകരിലും,കുടുബങ്ങളിലും ദുഖത്തെ വർധിപ്പിക്കുന്നു എന്ന് വേണം കരുതാൻ.
ഇവിടെ ധർമ്മദൈവ കോപമാണ് ദൈവജ്ഞൻ ധർമ്മ ദൈവ ബാധയായി കരുതേണ്ടത്. 
ആ കോപത്തിന് വേണ്ടതായ പ്രതിവിധി ആവാഹിച്ചു മാറ്റലാണോ? 
അല്ല!
കോപത്തിന്റ കാരണം ചിന്തിച്ചു ധർമ്മ ദൈവത്തിന് പ്രീതിവരുത്തി ധർമ്മദൈവ അനുഗ്രഹത്തെ പൃച്ചകന്റെ ജീവിത്തിലേയ്ക്കു വ്യാപിപ്പിക്കുന്നതാകണം. 
ഒരു ഉത്തമ്മനായ ജ്യോതിഷിയുടെ ധർമ്മ ദൈവ ബാധാ പരിഹാരത്തിനായുള്ള വിധിയെഴുത്തു ഉണ്ടാകേണ്ടത്. 
ഇരുട്ടിൽ അകപ്പെട്ടവനെ ഇരുട്ടിൽ നിന്നും  വെളിച്ചത്തിലേയ്ക്കു വഴി കാണിച്ചു കൊണ്ടുക്കേണ്ടവൻ ഇരുട്ടിൽ നിന്നും കൂരിരുട്ടിലേയ്ക്കു തള്ളി വിടരുത്....  

എത്രെയോ കാലങ്ങൾക്കു മുൻപ് തന്റെ പൂർവ്വ പിതാമഹന്മാരിൽ ഉൾപ്പെട്ട മന്ത്ര സിദ്ധനായ പൂർവ്വ പിതാമഹൻ തന്റെ പ്രാണ ശക്തിയാൽ കുടുംബത്തിലേക്കും വരും പരമ്പരയിലേയ്ക്കും അവരുടെ സംരക്ഷണത്തിനായി കുടിവെച്ച നിഗ്രഹ അനുഗ്രഹ കലയായ ധർമ്മ ദൈവത്തെ എപ്രകാരമാണ് ഇന്നത്തെ തലമുറയ്ക്ക് ആവാഹിച്ചു ഒഴിവാക്കാൻ സാധിക്കുക?   
നിഗ്രഹ അനുഗ്രഹ കലയായ ധർമ്മദൈവങ്ങളുടെ ആരാധനയിലോ  ആചാര അനുഷ്ടാനങ്ങളിലോ ലോപമോ, ആരാധന നഷ്ടമൊ സംഭവിക്കുമ്പോൾ ധർമ്മദേവതയുടെ അനുഗ്രഹ കല ലോപിച്ചു നിഗ്രഹ കല വർധിക്കുമ്പോഴാണ് സത്യത്തിൽ ജ്യോതിഷ ശാസ്ത്ര വിധിപ്രകാരം ധർമ്മദൈവ ബാധയായി സ്പഷ്‌ടമാകുന്നത്...  

നഷ്ടപ്പെട്ടുപോയതോ,നശിക്കപ്പെട്ടു പോയതോ, ഇന്ന് ധർമ്മദൈവ സ്മരണ പോലും നിർവഹിക്കാത്ത കുടുംബാംഗങ്ങളിൽ ധർമ്മ ദൈവം കോപിക്കാം. 
അത് കുടുബാതികളുടെ വർത്തമാന കാല ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.  
ആയതിനാൽ ധർമ്മ ദൈവ ബാധയായി പ്രശ്ന ചിന്തനയിൽ ഉത്തമനായ ഒരു ജ്യോതിഷി  നിരൂപിക്കുകയും ചെയ്യും. 

അപ്രകാരം ധർമ്മദൈവ കോപത്തെ ശാസ്ത്ര വിധിപ്രകാരം നിരൂപ്പിച്ച ജ്യോതിഷി ധർമ്മദൈവത്തെയോ, ധർമ്മദൈവ കോപത്തേയോ ആവാഹിച്ചു ഒഴിവാക്കാൻ പറയുന്നത് ഒരു ദൈവജ്ഞന് ചേർന്ന ധർമ്മമല്ല. 

ധർമ്മദൈവ ബാധാ പരിഹാരാർദ്ധം നഷ്ടപ്പെട്ടുപോയ ധർമ്മ ദൈവ ആരാധന പുനഃസ്ഥാപിച്ചു പൂർവ്വ ആചാര പ്രകാരം ആരാധിച്ചാൽ മാത്രമാണ് ധർമ്മദൈവ കോപം മാറി ധർമ്മ ദൈവ പ്രീതി വർധിച്ചു അനുഗ്രഹ കല വർധിച്ചു കുടുബാതികളിൽ വ്യാപിക്കുകയൊള്ളു.. 
ധർമ്മ ദൈവ ആരാധന പുനഃസ്ഥാപിക്കാൻ സാധിക്കാത്ത പക്ഷം  ധർമ്മദൈവങ്ങളുടെ പ്രീതിക്കായി വാർഷികമായി കുലാചാര പ്രകാരം ഒരു പ്രാവശ്യമെങ്കിലും ധർമ്മ ദൈവ ആചരണം എങ്കിലും സ്ഥാപിക്കാനായി വിധിയെഴുതാനായ് അഭ്യർത്ഥിക്കുന്നു...     

ധർമ്മദൈവ ആരാധന സ്ഥാനങ്ങളിലെ ആചാര അനുഷ്ടാനങ്ങളിലെ ലോപമോ, പൂർവ്വ ആചാരങ്ങൾ മാറ്റി അന്യ ആചാരങ്ങളിലേയ്ക് വൈദികത്തിലേയ്ക്കു പരിവർത്തനം വരുത്തിയത് കൊണ്ടോ, ധർമ്മ ദൈവ ആരാധനയിൽ മുടക്കം വന്നതുകൊണ്ടോ,കുലാചാര പ്രകാരമുള്ള ഉപചാരങ്ങളിലോ നിവേദ്യ പദാർധങ്ങളിലോ ലോപം വരുത്തുകയോ അന്യമന്ത്ര അന്യആചാരങ്ങൾ എന്നിവ ധർമ്മദൈവ ആരാധനകളിൽ സ്ഥാപിച്ചതിന്നാലോ, ധർമ്മദൈവ ആരാധന നഷ്ടപ്പെട്ടു പോയതിനാലോ എല്ലാം ധർമ്മ ദൈവ ബാധയ്ക്കായുള്ള കാരണങ്ങളായി ചിന്തിക്കാം.

ധർമ്മദൈവ ബാധ ദോഷത്തിനുള്ള പരിഹാരം ധർമ്മ ദൈവ പ്രീതി വരുത്തുക എന്നത് മാത്രമാണ്. 
ധർമ്മ ദൈവങ്ങളെ ആവാഹിച്ചു മാറ്റുമ്പോൾ അറിഞ്ഞോ അറിയാതെയോ ധർമ്മ ദൈവത്തിന്റെ പ്രീതി അല്ല അപ്രീതിയാണ് സംബാദിക്കുന്നത് എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു...  

അവനവന്റെ ജനുസിലും, ജന്മത്തിലും, ബീജത്തിലും അണ്ടത്തിലും കുണ്ഡലിനി ശക്തിയിലും പ്രാണ ശക്തിയിലും തുടങ്ങി രക്തത്തിൽ വരെ അലിഞ്ഞു ചേർന്ന തന്റെ ധർമ്മദൈവങ്ങളുടെ സാന്നിധ്യം എങ്ങനെയാണ് ആവാഹിച്ചു ഒഴിവാക്കാൻ സാധിക്കുക. 
എന്നത് മാത്രം മനസിലാക്കിയാൽ അവിടെ അവസാനിക്കും...
ശാസ്ത്രത്തിനും യുക്തിക്കും  വിരുദ്ധമായ ഇത്തരം ജ്യോതിഷ വിധിയെഴുത്തുകൾ....    

പ്രശ്നമാർഗ്ഗ ആചാര്യൻ 15-ആം അധ്യായത്തിൽ ധർമ്മ ദൈവ ബാധ പരിഹാരത്തിനായി സമർത്ഥിച്ച പ്രമാണം പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കട്ടെ... 

"ചതുർധനാഥസ്യ തു ദൈവതം -
യത്തസ്യാനു രൂപം ഖലു ധർമ്മ ദൈവം 
തൽ പ്രീതയെ യൽ ക്രിയതെ സ്വ പൂർവൈ:
പൂജാതികം തത്തു വിധേയമത്ര"  

ദൈവമൂട്ടുകയും തണ്ണിരാമൃതും പായസം പുനഃ കുരുതി പാലുമൂട്ട് പാട്ടുകൾ എന്നിവ..... 
ഏതേത് ചെയ് വത് പണ്ടുള്ളോർ എന്ന് അറിഞ്ഞു ചെയ്തീടിൽ ധർമ്മ ദൈവം പ്രസാധിച്ചേ കിളിർപ്പൂ തറവാടുകൾ...   

      --- #രാവുണ്ണിക്കുറുപ്പ്_ചങ്ങമ്പള്ളി ---

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam