പരമ്പരാധിഷ്ഠതമായ ശ്രീവിദ്യ മന്ത്രദീക്ഷയുടെ പ്രാധാന്യം

പരമ്പരാധിഷ്ഠതമായ മന്ത്രദീക്ഷയുടെ പ്രാധാന്യം
 ദിവ്യമായ ജ്ഞാനത്തെ പ്രദാനം ചെയ്ത് ശിഷ്യനിലെ ബോധമണ്ഡലത്തിൽ , ജ്ഞാനസ്വരൂപം പ്രകാശിപ്പിക്കുന്നതിനെയാണ് ദീക്ഷയെന്നു പറയുന്നത് . ദീക്ഷയിലൂടെ , ഗുരു തന്നിലുള്ള സാധനാശക്തിയുടെ തപോബലത്താൽ ശിഷ്യനെ ആദ്ധ്യാത്മിക ജ്ഞാനത്തിലേക്ക് ഉയർത്തുകയും , വിജ്ഞാനത്തിന്റെ പരമപദ ത്തിലേക്കു നയിക്കുകയും ചെയ്യുന്നു . 
   ശിഷ്യന്റെ ഉള്ളിൽ ജ്വലിക്കുന്ന ദീക്ഷാഗ്നിയാൽ അവിദ്യയും , അജ്ഞാനവും മാറി തെളിമ കൈവരുവാനും കർമ്മ , മാനസിക , വാക്പ്രപഞ്ചത്തെ സാധനയിലൂടെ പുഷ്ടിപ്പെടുത്തുവാനും , ജ്ഞാനസമ്പാദനത്തിനും , മോക്ഷത്തിനും യഥാർത്ഥ പാരമ്പര്യ ദീക്ഷ സഹായകമാകുന്നു .
   പരമ്പരാധിഷ്ഠതമായ മന്ത്രദീക്ഷയിൽ പരമശിവനിൽനിന്നും തുടങ്ങിയ പാരമ്പര്യത്തിലാണ് ശിഷ്യനെത്തുന്നത് . ഗുരുവെന്നത് സാക്ഷാൽ പരമശിവൻ തന്നെയാകുന്നു . ആദിഗുരുവിൽ തുടങ്ങിയുള്ള സർവ്വഗുരുക്കന്മാരുടെയും അതുല്യമായ വ്യക്തിത്വവും , ഉഗ്ര:തപശക്തിയുമാണ് ദീക്ഷാസമയം ശിഷ്യ നിലേക്കെത്തുന്നത് . 

  ഇപ്രകാരം ഉത്തമമായ ഗുരുപാരമ്പര്യത്തിൽ നിന്നും സ്വീകരിക്കുന്ന മന്ത്രങ്ങൾക്ക് യാതൊരു മന്തദോഷങ്ങളും ഇല്ലായെന്നാണ് ശാസ്ത്രം . എന്നാൽ പുസ്തകത്തിൽനിന്നും മറ്റു വിധേനയും സ്വീകരിക്കുന്ന മന്ത്രങ്ങൾക്ക് മന്ത്രദോഷ മുണ്ടാവുകയും അത് സാധകന്റെ സർവ്വനാശത്തിന് കാരണമാവുകയും ചെയ്യുന്നു . സ്വന്തം സാധനാശക്തിയാൽ അമൃത പൂർണ്ണമായ സഹസാരത്തിൽ നിന്നും 'ശക്തിപാതം ' തുടങ്ങിയ ദീക്ഷാവിധികളിലൂടെയാണ് ചൈതന്യം ശിഷ്യനിലേക്ക് ഗുരു പകരുന്നത് . മന്ത്രദീക്ഷയോടുകൂടി ശിഷ്യൻ പുനർജന്മമാരംഭിക്കുകയാണ് . മന്ത്രം ചൈതന്യപൂർണ്ണമാകുന്നതും , സിദ്ധരൂപം പ്രാപിക്കുന്നതും , മന്ത്രദോഷങ്ങൾ ഇല്ലാതെയാകുന്നതും , അത് ശരിയായ പാരമ്പര്യ ക്രമത്തിൽ ശരിയായ മാർഗ്ഗത്തിലൂടെ തന്നെ ലഭിക്കുമ്പോൾ ആകുന്നു . ദീക്ഷയെന്നത് ഒരുവന്റെ ജന്മത്തിലെ മൂന്നാമത്തെ രാജകീയ ജന്മമാകുന്നുവെന്നു ശാസ്ത്രം . “ ദീക്ഷാ ജന്മ തൃതീയം "

 ശ്രീവിദ്യോപാസനയുടെ പരമലക്ഷ്യം

   പ്രപഞ്ചത്തിന്റെയും വ്യക്തികളുടെയും മനസ്സുകളുടെ താളൈക്യം ക്രമപ്പെടുത്തുവാനുള്ള ഏറ്റവും ഉയർന്ന സാധന പദ്ധതിയാണിത് . കാമേശ്വരനും , കാമേശ്വരിയും തമ്മിലുള്ള ഐക്യതയെ പ്രാപിക്കാനുള്ള ഉപാധിയാണ് ശ്രീവിദ്യാസാധന. ശ്രീചക്രം പ്രപഞ്ചം തന്നെയും ശ്രീവിദ്യ ബ്രഹ്മവിദ്യയും ആകുന്നു .
ശിവശക്തിക്യരൂപത്തിന്റെ സാക്ഷാത്കാരമാണ് ശ്രീവിദ്യാമന്ത്രം. പ്രപഞ്ചസൃഷ്ടിക്ക് കാരണമായ ശക്തി ആണ് ദേവി . വിദ്യ എന്നാൽ ജ്ഞാനം എന്നർത്ഥം .' ശ്രീ' എന്നാൽ മോക്ഷം . മോക്ഷത്തിന് ആവശ്യമായ ജ്ഞാനം ലഭ്യമാക്കാൻ ഉള്ള പരാവിദ്യ മാണിത് . ലളിതാംബികയുടെ അനുഗ്രഹത്താൽ ശ്രീവിദ്യോ പാസകന് സർവ്വവും ലഭിക്കുന്നു . ലളിതാംബിക , ശ്രീ രാജരാജേശ്വരി , ശ്രീ മഹാത്രിപുര സുന്ദരി , ത ത്രിപുരസുന്ദരി , സുന്ദരി എന്നീ പേരുകളെല്ലാം ഈ ഒരേ ഒരു പരബ്രഹ്മചൈതന്യത്തിന്റെ വ്യത്യസ്തമായ നാമങ്ങളാണ് ഈ ദേവിയുടെ മഹിമകളിൽ ഏറ്റവും കൂടുതൽ പ്രകാശിക്കുന്നത് . ആ സൗന്ദര്യം തന്നെയാണ് . ഈ സൗന്ദര്യം ഒരു ആനന്ദം തന്നെയാണ് ദശമഹാവിദ്യയിൽ സുന്ദരി എന്നറിയപ്പെടുന്നത് ഈ ലളിതാമഹാ ത്രിപുരസുന്ദരി ആകുന്നു . സാധകൻ ആ ആനന്ദ ലഹരിയിൽ മതിമറന്നു നിൽക്കുന്ന ഒരു അവസ്ഥാവിശേഷം ഈ സാധനയിൽ കൈവരുന്നുണ്ട് . ഈ അവസ്ഥയിലേക്ക് എത്തുക എന്നു തന്നെയാണ് ശ്രീവിദ്യാസാധകരുടെ ജീവിതലക്ഷ്യം ശ്രീമദ് ആയിട്ടുള്ള ആ ഗുണങ്ങളാണ് ശ്രീവിദ്യോപാസനയിൽ ലഭിക്കുന്നത് . അവയാണ് ഐശ്വര്യം , ധർമ്മം , യശസ്സ് , ശ്രീ, ജ്ഞാനം , വൈരാഗ്യം .

   ശ്രീമഹാത്രിപുരസുന്ദരി എന്ന പരബ്രഹ്മചൈതന്യം പതിനാറാമത്തെ കലയാണ് . ചതുർബാഹുവായ ദേവി പൂർണ്ണ ചന്ദ്രന്റെ പതിനഞ്ച് സൗമ്യകലകളുടെ സമാഹാരം ആകുന്നു . മുണ്ഡകോപനിഷത്തിൽ പതിനഞ്ച് കലകളെക്കുറിച്ചും പ്രശ്നോപനിഷത്തിൽ പ്രപഞ്ചശക്തിയെ ഷോഡശകലാ രൂപമായുള്ള പരാമർശവും കാണുന്നു . ഈ പതിനാറ് എന്നത് പൂർണ്ണമാണ് . കാരണം ഈ സംഖ്യയ്ക്ക് സംഖ്യാശാസ്ത്ര പരമായും , തന്ത്രശാസ്ത്രപരമായും ഒരുപാട് പ്രത്യേകതകൾ ഉണ്ട് . ആയിരം ഇതൾ ഉള്ള സഹസ്രാരത്തിന് ഓരോ ഇതളുകൾക്കും പതിനാറ് കലകളാണുള്ളത് . കല എന്നാൽ കഷണം എന്ന് സാമാന്യാർത്ഥം , കല എന്നത് ചൈതന്യത്തിന്റെ അളവാകുന്നു . പ്രപഞ്ചത്തിലെ സകലതിലും കല എന്നതിന്റെ പ്രസരണം കാണാം.

ശിവശക്തിചൈതന്യം ഊർദ്ധഗാമിയാണെന്നാൽ വിനായകനും , അധോഗാമിയാണെങ്കിൽ സുബ്രഹ്മണ്യനും ഉണ്ടാകുന്നു . ഇപ്രകാരം താഴേക്കുള്ള അമൃതവർഷണത്തെ സൂചിപ്പിക്കു കയാണ് അമൃതാഭിഷേക സൂചകമായ പഞ്ചാമൃതാ അഭിഷേകം സുബ്രഹ്മണ്യനിൽ നടത്തുന്നതിന്റെ രഹസ്യം . 

   മഹാഷോഡശിയുമായി മഹാഗണപതി മന്ത്രത്തിനു ബന്ധമുണ്ട് . ശ്രീ സാധന തുടങ്ങുന്നതും ചെന്നു നിൽക്കുന്നതും ഇരുപത്തിയെട്ട് അക്ഷരങ്ങൾ ഉള്ള മന്ത്രത്തിൽ തന്നെയാണ് . അതായത് മഹാഗണപതി തന്നെയാണ് മഹാഷോഡശിയായി മാറുന്നതും . മഹാഷോഡശിയുടെ വ്യാവഹാരികരൂപമാണ് മഹാഗണപതി . ശൈവശാക്തചൈതന്യങ്ങളുടെ സമ്മേളനത്തിൽ നിന്നുമുണ്ടായ പുതിയ ചൈതന്യമാണ് വിനായകനെന്നത് “ കാമേശ്വര മുഖാലോക കല്പിത ശ്രീ ഗണേശ്വരാ ” എന്ന് ലളിതാ സഹസ്രനാമം . 

   ഏതൊരു ഉപാസനയുടെയും തുടക്കത്തിൽ സാധകന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഗണപതിയുടെ ഒരു പ്രത്യേക ഗുപ്തഭാവത്തിലുള്ള ആരാധനയാൽ മാറുമെന്നാണ് ശാസ്ത്രം പറയുന്നത് . 

ശ്രീവിദ്യോപാസനയും ശ്രീസുബ്രഹ്മണ്യനും


   ശക്തിമത്തായ ഒരു ഗുരുപാരമ്പര്യമാണ് ഭാരതത്തിനുള്ളത് പ്രത്യേകിച്ചും . ദക്ഷിണഭാരതത്തിൽ , കേരളമുൾപ്പെടുന്ന പ്രാചീന ഭാരതത്തിലെ പാരമ്പര്യാടിസ്ഥാന ദേവനാണ് ശ്രീസുബ്രഹ്മണ്യൻ , ശ്രീവിദ്യോപാസനപോലെയുള്ള മറ്റൊരു സാമ്പ്രദായിക ഉപാസന പദ്ധതിയാണ് സുബ്രഹ്മണോപാസന ശ്രീവിദ്യയിലെ ത്രികൂടങ്ങളോടൊപ്പം ശിവകൂടം , ശക്തികൂടം , കുമാരകൂടം എന്നിങ്ങനെയുൾപ്പെടുന്ന ഷഡ്കൂടങ്ങളാലധിഷ്ഠിതമാണ് കുമാരവിദ്യ , ആചാര്യത്വം , ഗുരുത്വം , യോഗീശ്വത്വം എന്നിവയുൾ ക്കൊള്ളുന്ന ത്രിഭാവാധിപതിയാണ് ശുദ്ധചൈതന്യമായ സുബ്രഹ്മണ്യൻ , സുബ്രഹ്മണ്യതത്വം ഗുരുതത്വം തന്നെയാകുന്നു . സാധകന്റെ ജപ , പൂജാസമയം ഗുരുവിനെ സങ്കൽപ്പിക്കുന്നത് ഇടതുഭാഗത്തും , വലത്തുഭാഗത്ത് ഗണപതിയുമാണ് . ശിവശക്തി യുടെ ഇടതുവശമാണ് സുബ്രഹ്മണ്യസ്ഥാനമുള്ളത് . 

  യഥാർത്ഥ ഗുരുതത്വത്തിന്റെ മൂർത്തഭാവമാണ് സുബ്രഹ്മണ്യൻ , സ്വാമിനാഥ എന്ന പദം ശ്രദ്ധിക്കുക . പിതാവായ ശിവൻ ഗുരുസ്ഥാനത്തേക്ക് കുമാരനെ ഉയർത്തിയതിനു ശേഷമാണ് പ്രണവതത്വപൊരുൾ സുബ്രഹ്മണ്യനിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്നതും . 
മൂലാധാരസ്ഥിതയായ കുണ്ഡലിനി ഗുരുതത്വസ്ഥാനമായ ആജ്ഞാചകത്തിൽ എത്തുമ്പോളാണ് സുബ്രഹ്മണ്യസാന്നിധ്യം അനുഭവപ്പെടുന്നത് . മൂലാധാരത്തിൽ നിന്നുമുണർന്ന് അഞ്ച് ആധാരങ്ങളെയും കടന്നു വരുന്ന കുണ്ഡലിനി ആറാമാധാരമായ ആജ്ഞയിലെത്തുമ്പോഴാണ് ഗുരുവായ സുബ്രഹ്മണ്യ സാന്നിധ്യ ഗുരുകടാക്ഷത്താൽ സഹസ്രാരപത്മത്തിലേക്കും , അതിൽ എത്തിക്കും സാധകനെ കൊണ്ടു പോകുന്നത് ആജ്ഞയിൽ കുണ്ഡലിനി ശക്തി എത്തിയാൽ ഗുരുകടാക്ഷം ഉണ്ടെന്നാൽ മാത്രമേ ആജ്ഞാചക്രം ഭേദിക്കൂ . ആജ്ഞാചക്രം ഭേദിച്ചില്ലെന്നാൽ ആ സാധകന്റെ ജീവൻ മഹർലോകത്തേക്ക് മാറ്റപ്പെടുന്നു . ജ്ഞാനം പൂർണ്ണമാകുമ്പോൾ മാത്രമാണ് കുണ്ഡലിനി ആജ്ഞാചക്രം ഭേദിക്കുന്നത് . ആജ്ഞാചക്രത്തിനെ" ജ്ഞാന ചക്രം " പറയുന്നു .

   പൂർണ്ണ ജ്ഞാനശക്തി പ്രതീകമാണ് സുബ്രഹ്മണ്യൻ , ഇച്ഛാ , ക്രിയാശക്തികൾ ഒന്നായി ചേർന്ന് (വള്ളി , ദേവയാനി സങ്കല്പം ) ജ്ഞാനശക്തിയിലേക്കാണ് വരുന്നത് . പ്രധാനപ്പെട്ട പന്ത്രണ്ട് ശ്രീവിദ്യ മന്ത്ര ദൃഷ്ടാക്കളിൽപ്പെട്ടതാണ് സ്കന്ദൻ , സപ്താവരണ ത്തോട് കൂടിയ സുബ്രഹ്മണ്യാപാസനയും , സുബ്രഹ്മണ്യ ശ്രീചക്രവും നിലവിലുണ്ട് .

അറിയപ്പെടുന്ന മറ്റൊരു ശ്രീവിദ്യാസമ്പ്രദായ പരമ്പരയിൽ നവാവരണ പൂജയ്ക്ക് മുന്നേ വിസ്തരിച്ചുള്ള സുബ്രഹ്മണ്യ പൂജയും ശ്രീവിദ്യാ പരമായി തന്നെ കാണപ്പെടുന്നുണ്ട് . പഞ്ചാമൃതാഭിഷേകം ശ്രീചക്രത്തിലും , സുബ്രഹ്മണ്യനുമാണ് കൂടുതൽ ചെയ്യാറുള്ളത് . അഭിഷേകപ്രിയൻ ആണ് ഇദ്ദേഹം . സുബ്രഹ്മണ്യോപാസനയുടെ ഒരു പ്രധാന മന്ത്രഋഷി അഗസ്ത്യ മുനിയാണ് . അഗസ്ത്യമുനിയും , പത്നി ലോപാമുദ്രയും രണ്ട് പ്രധാന ശ്രീവിദ്യാമന്ത്രഋഷികൾ ആകുന്നു . ദക്ഷിണഭാരതത്തിൽ അഗസ്ത്യനായിരുന്നു ശ്രീവിദ്യാസമ്പ്രദായത്തെ വിപുലീകരിച്ചത് . ഭോഗർ അഗസ്ത്യ ശിഷ്യനുമാണ് . ഈ ഭോഗരാണ് പളനിയിലെ നവപാഷാണവിഗ്രഹം സ്ഥാപിക്കുന്നതും . ശ്രീചട്ടമ്പിസ്വാമികൾ , 
തൈക്കാട് അയ്യാസ്വാമികൾ , ശ്രീനാരായണഗുരുദേവൻ , കുമാരനാശാൻ ഇവരെല്ലാം ബാലാസുബ്രഹ്മണ്യോപാസകരും ആയിരുന്നു . മറ്റു ചില ശ്രീവിദ്യാസമ്പ്രദായപരമ്പരയിൽ സുബ്രഹ്മണ്യമന്ത്രം ഗണപതിമന്ത്രത്തോാപ്പം തന്നെ ഉപദേശിക്കാറുണ്ട്.

  സകല ഉത്സവ ചടങ്ങുകളുടെയും ആചാര്യസ്ഥാനം സുബ്രഹ്മണ്യനു തന്നെയാണ് . സാധനയിലെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി സാധകനെ കൈപിടിച്ചുയർത്തുന്ന മാർഗ്ഗം തെളിയിച്ചു തരുന്ന സേനാപതിയാണ് സുബ്രഹ്മണ്യൻ.

   സാധനയിലെ ആദ്യാനുഭവം മഹാഗണപതി എന്നനുഭൂതി യെങ്കിലും എല്ലാ അനുഭൂതികളും എത്തിച്ചേരുക ഗുരുവിങ്കലാണ് . എല്ലാ അനുഭൂതികൾക്കുമപ്പുറമാണിത്. " സകലദേവതാരാധ്യ " എന്ന പദം ശ്രദ്ധേയമാണ് . ഈ സകലദേവതാരാധ്യനാണ് ശ്രീ സുബ്രഹ്മണ്യൻ മുപ്പത്തിയാറ് തത്വങ്ങൾക്കുപരിയായി നിൽക്കുന്ന ഗുരു തത്വമാണ് സുബ്രഹ്മണ്യൻ . 

 ശ്രീവിദ്യോപാസനയും ബാലാംബികയും

 ശ്രീവിദ്യോപാസനയുടെ പ്രഥമഘട്ടത്തിൽ ഉപദേശിക്കുന്ന മന്ത്രമാണ് ബാലാമന്ത്രം . ബാലാമന്ത്രോപാസന വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതാകുന്നു . അനുകൂലമായാൽ വളരെയധികം ഗുണകരവും , പ്രതികൂലമായാൽ ദോഷകരവു മാകുന്ന അതിശക്തമായ തൃക്ഷരിയാണ് ബാലാമന്ത്രം , അതിനാൽ ബീജ സ്വരസ്ഥാനവും , മന്ത്രോച്ചാരണ ആവൃത്തിയും മനസ്സിലാക്കു ന്നതിനു ഗുരു ഉപദേശമത്യാവശ്യമാണ് . 

സാധകന്റെ ഗ്രഹനില ചിന്തിച്ചതിനുശേഷമാണ് ബാലാ മന്ത്രോപദേശം ചിലപ്പോൾ നൽകുക .കാരണം മറ്റു മന്ത്രദീക്ഷകൾ കഴിഞ്ഞതിൻ ശേഷമാകും ചിലരിൽ ബാലാമന്ത്രം ഉപദേശിക്കേണ്ടി വരുന്നത് . പഞ്ചദശിയുടെ , ഷോഡശിയുടെ മഹാഷോഡശിയുടെ മാത്രമല്ല മറ്റുള്ള മുപ്പത്തിരണ്ടുവിധം ഷോഡശി മഹാമന്ത്രങ്ങളുടേയും സർവ്വസാരസത്തായ ബീജങ്ങളാണ് ബാലാമന്ത്രത്തിനുള്ളത് . ബാലാമന്ത്രത്തിനു രണ്ടു ഋഷിമാരാണു കാണപ്പെടുന്നത് . ജപസമയം , ജപരീതികൾ , ജപസംഖ്യ ഇവയെല്ലാം സ്വഗുരുനാഥന്റെ നിർദ്ദേശമാണ് സാധകർ സ്വീകരിക്കേണ്ടത് . 

അരുണോദയത്തിൽ സാധകർ ശ്വേതവസ്ത്രം ധരിച്ചും , വെൺതാമരമണിമാലയോ , സ്ഫടികമാലയോ അണിഞ്ഞും , വെൺചന്ദനപ്പൊട്ടും സിന്ദൂരവും ചാർത്തികൊണ്ടും ആവണം ബാലാമന്ത്രജപസാധന ചെയ്യേണ്ടത് . വെൺതാമര , മുല്ല , മല്ലിക , പിച്ചകം , നന്ത്യാർവട്ട പൂക്കൾ , വെള്ള അരളി , വെൺമന്ദാരം , വെൺചെമ്പകം , എന്നീ പുഷ്പങ്ങളാവണം പൂജയിൽ സാധകൻ ദേവതയ്ക്കായി സമർപ്പിക്കേണ്ടത് . തമിഴിലെ പതിനെട്ട് സിദ്ധയോഗികളും ബാലാമന്ത്രത്തെ ഉപാസിച്ചിരുന്നു . 3 , 6 , 9 എന്നീ ബീജാക്ഷരങ്ങൾ ഉൾപ്പെടുന്ന ബാലാമന്ത്രങ്ങളും കാണപ്പെടുന്നു . മൂന്നു അക്ഷരമുള്ള ബാലാമന്ത്രത്തിൽ നിന്നുമാണ് ബാക്കിയെല്ലാ ബാലാമന്ത്രങ്ങളും ഉണ്ടാകുന്നത് . 

സാരസ്വത മന്ത്രമെന്നറിയപ്പെടുന്ന ബാലാമന്ത്രത്തിൽ വാഗ്ഭവബിജം , കാമരാജബിജം , ശക്തിബീജം എന്നിവ ഉൾപ്പെടുന്നു . ബാലാമന്ത്രത്തിൽ നാല് ബിന്ദുക്കളാണ് ഉള്ളത് . മന്ത്രഋഷികൾ ദക്ഷിണാമൂർത്തിയും , ദുർവ്വാസാവും ആകുന്നു . സാധകന്റെ പാരമ്പര്യക്രമമനുസരിച്ചാവും മന്ത്രഋഷിയെ സ്വീകരിക്കുക . ആദിപരാശക്തിയായ മഹാത്രിപുരസുന്ദരിയെ ഒൻപത് വയസ്സായി ധ്യാനിക്കുമ്പോൾ ബാലയായി കരുതുന്നു . നാല് , അല്ലെന്നാൽ ആറ് കൈകളോടുകൂടിയ ധ്യാനരൂപമാണ് ബാലാദേവിക്കുള്ളത് . ബാലാബീജങ്ങൾക്കും പ്രത്യേകം ധ്യാനങ്ങളാകുന്നു . സർവ്വസാധാരണയായി ;

 പ്രഥമ ബീജത്തിന് - വിദ്യാക്ഷമാലാ.....

ദ്വിതീയ ബീജത്തിന് - ഭുജേൽ .......

 തൃതീയ ബീജത്തിന് - വ്യാഖ്യാന മുദ്രാ....
എന്നും , 

 മൂന്നു ബീജങ്ങൾക്കും കൂടി അരുണകിരണ ..... എന്ന ധ്യാന വുമാണ് ഉപയോഗിക്കാറുള്ളത് . എന്നാൽ പാരമ്പര്യാടി സ്ഥാനത്തിൽ ബാലാബീജങ്ങളുടെ ധ്യാനം വ്യത്യസ്തമാവുകയും ചെയ്യുന്നുണ്ട് . എന്നാൽ തൃബീജങ്ങൾക്കും കൂടി അരുണകിരണ....എന്ന ധ്യാനം തന്നെയാണ് ഉപയോഗിക്കുന്നതും , നവയോനിചക്രത്തിൽ പൂജിക്കപ്പെടുന്ന ദേവതയാണ് ബാലാംബിക ഈ ഒൻപത് ത്രികോണവും , കേരളത്തിലെ ഭദ്രകാളിയ്ക്കുള്ള യന്ത്രവിധാനവും , മന്ത്രതാരതമ്യവും ശ്രദ്ധേയമാണ് അഗസ്ത്യഭോഗപാടലുകളിൽ ബാലാമന്ത്ര പരാമർശമുണ്ട് . അതിസൗമ്യമായ ഒരു ദേവതയാണിത് .

 അന്തർമാതൃകാന്യാസത്തിൽ സ്വാധിഷ്ഠാനത്തെ ഉണർ ത്തുന്ന ആദ്യക്ഷരം . “ ബ ” യും അന്ത്യാക്ഷരം “ ല ” യും ആകുന്നു . ഈ ചക്രത്തിന്റെ പരിപൂർണ്ണദേവതയാണ് ബാല . ആനന്ദത്തിന്റെ , ഉദിച്ചുയരുന്ന ഊർജ്ജത്തിന്റെ ശൈശവഭാവമാണ് ബാല എന്നു തന്നെ പറയുവാൻ കഴിയും . 

 ശ്രീവിദ്യോപാസനയും വാരാഹിദേവിയും

 ശ്രീവിദ്യോപാസനയിൽ ശ്രീലളിതാദേവിയുടെ സമീപ ത്തേക്ക് ഭക്തനെ എത്തിക്കുന്ന ദേവിയാണ് വാരാഹിയെന്നു പേരുള്ള ദണ്ഡിനി , വാരാഹി ശീലളിതാദേവിയുടെ സേനാധിപതിയുമാകുന്നു . ശത്രുബാധ ഇല്ലാതാക്കുവാനും , ദുഃഖവിമോചനത്തിനും , സാധകന് വജ്രപഞ്ജര രക്ഷയ്ക്കും , ഉപാസനയിലെ തടസ്സങ്ങൾ പരിപൂർണ്ണമായി മാറ്റുന്നതിനും വാരാഹിദേവി സഹായിക്കുന്നു . 

അമാവാസി , അഷ്ടമി , നവമി എന്നീ നാളുകളിൽ വാരാഹി ജപം മുടങ്ങരുത് . ചൊവ്വാഴ്ച ദിനമാണ് വാരാഹിക്കു ഏറ്റവും പ്രധാനമായിട്ടുള്ളത് ചുവന്ന വസ്ത്രമാണ് ജപസമയത്ത് ധരിക്കേണ്ടത് വാരാഹി മന്ത്രങ്ങൾ പകൽ ജപിക്കരുത് വാരാഹിയുടെ സാധനയാൽ “ ബാഹ്യാനുവിത്തസമാധി " യിലേക്കാണ് സാധകനെത്തുന്നത് . 
 
ശ്രീവിദ്യോപാസനയും മാതംഗിദേവിയും
 ശ്രീലളിതാമഹാത്രിപുരസുന്ദരിയുടെ കടാക്ഷം എളുപ്പത്തിൽ ലഭിക്കുവാൻ മന്ത്രിണിയായ രാജശ്യാമളയെന്ന മാതംഗിദേവിയുടെ അനുഗ്രഹം അത്യാവശ്യമാകുന്നു രാജമാതംഗി എന്ന നാമത്തിലും അറിയപ്പെടുന്ന മാതംഗിദേവി സംഗീതാദികലകൾക്ക് അധിദേവതയാകുന്നു . ശ്രീലളിതാംബികയുടെ ജ്ഞാനസ്വരൂപ മായ ചൈതന്യമാണ് . മാതംഗി , ബ്രഹ്മപത്നിയായ സരസ്വതി യുമായി സാമ്യമുള്ള ദേവതയാണിത് .

 മന്ത്രസാധനയിലുള്ള പുരോഗതിയും , ബുദ്ധിതീക്ഷ്ണതയും , മഹാജ്ഞാനവും , കവിത്വവും , ക്ഷേമവർദ്ധനവും , നിർമ്മലമായ മനസ്സും , പൂർണ്ണ ആരോഗ്യവും , ധർമ്മചിന്തയും മാതംഗിയാൽ ലഭിക്കുമെന്നാണ് ശാസ്ത്രം മാതംഗി മന്ത്രങ്ങൾ രാത്രി ജപിക്കരുത് . ജപസാധനസമയം പച്ചവസ്ത്രമാണ് സാധകർ ഉപയോഗിക്കേണ്ടത് മാതംഗി സാധനയാൽ " ആന്തരാനുവിത്ത " സമാധി'യിലേക്കാണ് സാധകനെത്തുന്നത് . 

ശ്രീവിദ്യാ സമ്പ്രദായഭേദങ്ങൾ

 ശ്രീവിദ്യോപാസനയിൽ കാശ്മീരസമ്പ്രദായം , കേരള സമ്പ്രദായം , ഗൗഡസമ്പ്രദായം തുടങ്ങി നിരവധി സമ്പ്രദായങ്ങൾ കാണപ്പെടുന്നുവെന്നാലും പ്രധാനമായി മൂന്നു സമ്പ്രദായങ്ങളാണ് ഉള്ളത് .
1. ആനന്ദഭൈരവ സമ്പ്രദായം 2. ദക്ഷിണാമൂർത്തി സമ്പ്രദായം 
3. ഹയഗ്രീവ സമ്പ്രദായം 

സാമ്പ്രദായികമായി ഈ മൂന്നു എണ്ണമാണെങ്കിലും ഓരോരോ ഗുരു പാരമ്പര്യത്താൽ പൂജകൾക്കും , ഉപാസനകൾക്കും മാറ്റം കാണുന്നു . ഇതിൽ കേരളസമ്പ്രദായത്തിലെ ശ്രീവിദ്യാക്രമത്തിന് വീണ്ടും പലവിധത്തിലുള്ള ഉൾപ്പിരിവുകൾ കാണുവാൻ കഴിഞ്ഞിട്ടുണ്ട് . ശ്രീചക്രകല്പനകളിലും പ്രകടമായി ധാരാളം വ്യത്യാസമാണുള്ളത് 

ഉദാഹരണമായി ശ്രീചക്രത്തിലെ ഭൂപുരത്തിനും ഷോഡശദള പത്മത്തിനും മധ്യേയാണ് ത്രിവലയങ്ങളുടെ സ്ഥാനം ഈ വൃത്തത്രയങ്ങളിൽ സമ്പ്രദായമനുസരിച്ചാണ് പൂജകൾ ചെയ്യാറുള്ളത് . 

ആനന്ദഭൈരവ സമ്പ്രദായത്തിൽ ശ്രീചക്രത്തിൽ വൃത്തത്രയങ്ങൾ വരക്കുക മാത്രം ചെയ്യുന്നു . ദക്ഷിണാമൂർത്തി സമ്പ്രദായത്തിൽ വൃത്തത്രയങ്ങൾ വരക്കുകയും , അവയിലെ ദേവതകളെ പൂജിക്കുകയും ചെയ്യുന്നു . ഹയഗ്രീവ സമ്പ്രദായ ത്തിൽ വൃത്തത്രയമില്ല . ഇക്കാരണത്താൽ വൃത്തത്രയത്തിൽ പൂജയുമില്ല . വിജയം , സമ്പത്ത് , സന്തോഷം എന്നിവയെയാണ് ത്രിവലയങ്ങൾ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു . എന്നാൽ ഈ വൃത്തതയങ്ങൾ സോമ , സൂര്യ , അഗ്നിയാകുന്ന ദേവിയുടെ ത്രിനേത്രങ്ങൾ ആണെന്നാണ് മറ്റൊരു അഭിപ്രായം .


ശ്രീവിദ്യാസമ്പ്രദായത്തിലെ ഗുരുമണ്ഡലം

 ശ്രീവിദ്യാസമ്പ്രദായത്തിൽ സാധകന്റെ സ്വഗുരു , പരമഗുരു പരമേഷ്ഠിഗുരു , പരാപരഗുരു എന്നിവർക്കാണ് പ്രഥമസ്ഥാന മുള്ളത് . ശ്രീവിദ്യാസമ്പ്രദായത്തിലെ ഗുരുമണ്ഡലം , സമ്പ്രദായം അനുസരിച്ച് വ്യത്യാസമായിരിക്കും . പഞ്ചദശി ഉപാസകരുടെ ഗുരുമണ്ഡലമാകില്ല ഷോഡശി ഉപാസകരുടെ ഗുരുമണ്ഡലം കാദിവിദ്യയിലാവട്ടെ , ഹാദിവിദ്യയിലാവട്ടെ ഗുരുമണ്ഡലം വ്യത്യസ്തമാണ് . ശ്രീചക്രത്തിന്റെ എല്ലാ രഹസ്യങ്ങളുടെയും സമഷ്ടിയാണ് കേന്ദ്രികോണം ഇവിടെ തന്നെയാണ് കൃതയുഗത്തിന്റെയും , ത്രേതായുഗത്തിന്റെയും , ദ്വാപരയുഗത്തിന്റെയും , കലിയുഗത്തിന്റെയും ഗുരുക്കന്മാരുടെ സ്ഥാനം . 

ശ്രീചക്രപൂജയിൽ ഗുരുമണ്ഡലപൂജ ഏറ്റവും പ്രാധാന്യമർഹിക്കുന്നു . ഗുരുമണ്ഡലം ദിവ്യൗഘം , സിദ്ധൗഘം , മാനവൗഘം എന്നീ പ്രകാരമാണ് കാണപ്പെടുന്നത് . എന്നാൽ പരൗഘം എന്ന മറ്റൊരു ഗോപ്യഗുരുമണ്ഡലം കൂടി ശ്രീവിദ്യയിൽ ഉൾപ്പെടുന്നുണ്ട് . ആദിഗുരുവിൽ നിന്നും ക്രമമായി തുടർന്നുവരുന്ന ഗുരുപാരമ്പര്യത്തിന് "പ്രവാഹം " അല്ലെന്നാൽ “ ഒഴുക്ക് " എന്നർത്ഥത്തോടുകൂടിയ ' ഔഘം ' എന്ന നാമമാണ് നൽകിയിട്ടുള്ളത് . ഔഘ ത്രയങ്ങൾ മൂന്നു യുഗങ്ങളുടെ കല്പനയാണ് . ഇതിൽ ത്രേതായുഗത്തിൽ ദിവ്യൗഘം ദ്വാപരയുഗത്തിൽ സിദ്ധൗഘം , കലിയുഗത്തിൽ മാനവൗഘം എന്നീ പ്രകാരമാണ് വിഭജനമുള്ളത് . ഏറ്റവും പ്രാധാന്യമേറിയ പൗഘത്തിന്റെ പ്രത്യേകതകളും കൂടുതൽ വിവരങ്ങളും സ്വഗുരുവിൽ നിന്നും ഗ്രഹിക്കേണ്ടതാകുന്നു . 

 ശ്രീവിദ്യയിലെ ധ്യാനരഹസ്യം

 ത്രിപുരസുന്ദരി ഉപാസന സ്ഥലം , സൂക്ഷ്മം , പര എന്നീ മൂന്ന് വിധത്തിലാണ് കാണപ്പെടുന്നത് . സ്ഥൂലമെന്നത് ബഹിർയാഗവും , സൂക്ഷ്മമെന്നത് അന്തർയാഗവും , പര എന്നത് ഭാവനയുമാകുന്നു . ബഹിർയാഗത്തെ കായികമെന്നും അന്തർയാഗത്തെ വാചിക മെന്നും പരയെ മാനസികമെന്നും പറയാം

 ഇതിനെ ആധാരമാക്കി സ്ഥലം , സൂക്ഷ്മം , സൂക്ഷ്മതരം , സൂക്ഷ്മതമം , ശുദ്ധബ്രഹ്മരൂപം എന്നിങ്ങനെ ലളിതാംബികാ ധ്യാനത്തെ അഞ്ചായി തിരിച്ചിരിക്കുന്നു . അതായത് ചിത് സ്വരൂപത്തിന്റെ ആന്തരികഭാവന വിവിധ രീതിയിൽ കാണപ്പെടുന്നു . സ്ഥൂലശരീരത്തേയും , സൂക്ഷ്മശരീരത്തേയും , പരശരീരത്തേയും ആധാരമാക്കിയുള്ള ധ്യാനപദ്ധതികൾ ഇവയാണ് . 

സ്ഥൂലശരീര ധ്യാനം : ശ്രീചക്രം ബാഹ്യശരീരത്തിൽ ഭാവന ചെയ്യുന്നു . ദേവതയുടെ കരചരണാവയവങ്ങളോടു കൂടിയ ധ്യാനം . 

സൂക്ഷ്മധ്യാനം : ശ്രീചക്രം ആധാരചക്രങ്ങളിൽ ഭാവന ചെയ്യുന്നു . കുളാഅകുളങ്ങളെ ബന്ധപ്പെടുത്തിയുള്ള ശ്രീചക്രധ്യാനം ദേവതയുടെ ധ്യാനം പ്രകാശരൂപത്തിൽ മാത്രം . 

ശ്രീരഹസ്യം പരധ്യാനം : നിരാലംബ ശൂന്യധ്യാനം എന്നറിയപ്പെടുന്നു ശിവശക്തിമേളനത്തിന്റെ ഏറ്റവും ഉയർന്ന തലമാണിത് . ( ജീവത്മ - പരമാത്മ ഐക്യം) പൂർണ്ണത്വം മാത്രമാണ് ഇവിടെയുള്ളത് . പ്രകാശം സൃഷ്ടികൃതമായ ബിന്ദുവിലേക്ക് ദേവത എത്തി കഴിഞ്ഞുള്ള ധ്യാനം .

 ( ക്രമസമ്പ്രദായത്തിലെ ശ്രീവിദ്യ ഗോപ്യപദ്ധതിയിൽ ഉൾപ്പെട്ട ധ്യാന പദ്ധതികളാണിവയെല്ലാം ) . 

ശ്രീചകധ്യാനം സകളം , നിഷ്കളം , സകള നിഷ്കളം എന്നിങ്ങനെയും കാണപ്പെടുന്നുണ്ട് .സകളം എന്നത് അകുളസഹസ്രാരം മുതൽ ബിന്ദു വരെയുളള നവചക്രങ്ങളെ ആധാരമാക്കിയും നിഷ്കളം എന്നത് ബിന്ദു മുതൽ മുകളിലേക്ക് 9 സ്ഥാനങ്ങളിൽ നവചക്രങ്ങളേയും സകളനിഷ്കളത്തിൽ മഹാബിന്ദുവിൽ നവചക്രങ്ങളെ ആധാരമാക്കിയുള്ളതായ ധ്യാനരീതികളുമാകുന്നു . 

  സാധകന്റെ മനോനിലയും മുൻജന്മവാസനകളുമാണ് ഏത് ആരാധനമാർഗ്ഗമാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് നിശ്ചയിക്കുന്നത് . ചിദംബരം ജില്ലയിൽ 600 വർഷങ്ങൾക്കു മുൻപേ ഉമാപതിശിവം എന്ന ദേവീ സാധകൻ ശിവകാമി കോവിലിന്റെ വടക്ക് പ്രാകാരചുമലിൽ ശ്രീചക്രം പഞ്ചദശാക്ഷരി മന്ത്രം അന്തർമുഖമായി ധ്യാനിച്ചതിന്റെ ഫലമായി ദേവി പ്രത്യക്ഷപ്പെടുകയും , ദേവിയുടെ ദർശനത്താൽ അദ്ദേഹം രചിച്ചതുമാണ് മുന്നൂറ് ശ്ലോകങ്ങളുള്ളതായ “ കുഞ്ചിതാഘ്രസ്തവം ” എന്ന പ്രസിദ്ധമായ ഗ്രന്ഥം .

 ശ്രീവിദ്യാമന്ത്ര ജപരഹസ്യം

 ശ്രീവിദ്യാമന്ത്രജപത്തിന്റെ ശരിയായ ജപവിധി യഥാർത്ഥമായ താന്ത്രികതത്വത്തിലൂന്നിയതാണ് . ഈ ജപവിധിയുടെ മൂലമാർഗ്ഗം ഭാസ്കരരായമഖിയാൽ നിർദ്ദേശിക്കപ്പെട്ടതാകുന്നു . ശ്രീവിദ്യാ മന്ത്രത്തിലെ അക്ഷരങ്ങളെ മൂന്ന് ക്രമത്തിലാണ് വിഭജിച്ചിരി ക്കുന്നത് . ഓരോ അക്ഷരവും എങ്ങനെയാണ് , ഏതുമാത്രയിലാണ് ജപിക്കേണ്ടതെന്നുള്ളതെന്ന് സ്വഗുരുനാഥന്റെ നിർദ്ദേശപ്രകാരമാണ് കണ്ടെത്തേണ്ടത് . ഇതിൽ മാത്രയെന്നത് പ്രധാനമായും സാധകനെ ആശ്രയിച്ചി രിക്കുന്നു . മാത്രയനുസരിച്ച് തന്നെയാകണം ഓരോ മന്ത്രജപവും ചെയ്യേണ്ടത് .

 ഓരോ മന്ത്രവും അക്ഷരലക്ഷം ജപം കഴിഞ്ഞാൽ മാത്രമേ മന്ത്രദേവതാ ചൈതന്യം ഉണരുകയുള്ളു ." ലക്ഷം " എന്നതിന്റെ സൂക്ഷ്മാർത്ഥം ഇപ്രകാരമാണ് മൂലാധാരത്തിന്റെ ബീജമാണ് “ ലം ” എന്നത് . സഹസ്രാരപത്മ ബീജം “ ക്ഷം ” എന്നതാണ് “ ലക്ഷം" എന്നത് മൂലാധാരം മുതൽ സഹസാരം വരെയുള്ള സുഷുമ്നാ മാർഗ്ഗമായിത്തീരുന്നു . ഇഡാ പിംഗളനാഡികളിലൂടെ ചെയ്യുന്ന മന്ത്രജപ സ്പന്ദനങ്ങൾ വളരെ കൃത്യമായി സുഷുമ്നയിൽ സ്പന്ദിക്കുന്ന അവസ്ഥയിൽ മാത്രമേ ഏതൊരു മന്ത്രചൈതന്യവും പ്രബുദ്ധമാകുകയുള്ളു .

  പ്രധാനമായും പന്ത്രണ്ട് വിധത്തിലുള്ള ശ്രീവിദ്യാമന്ത്രങ്ങൾ കാണപ്പെടുന്നുവെന്ന് ആദ്യഭാഗങ്ങളിൽ വിവരിച്ചിട്ടുണ്ട് . ഇതിൽ തന്നെയും ധാരാളം ഭേദങ്ങൾ കാണുന്നു . കാദിവിദ്യ , ഹാദിവിദ്യ എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള ശ്രീവിദ്യാമന്ത്രങ്ങൾ കാദിവിദ്യയുടെ ദേവത കാമേശ്വരിയെന്ന ത്രിപുരസുന്ദരിയും , ഹാദിവിദ്യയുടെ ദേവത കാമേശ്വരനുമാകുന്നു .

  ഏഴാം നൂറ്റാണ്ടിൽ കാശ്മീരിൽ തുടങ്ങിയ ക്രമസമ്പ്രദായം ചിദംബരം വഴി കേരളത്തിലെത്തുകയും , ക്രമസമ്പ്രദായത്തിലെ പതിമൂന്ന് കാളിമാരേയും , കൂട്ടത്തിൽ ഒരു ഉഗ്രദേവതയായ കാലസംകർഷിണിയേയും , ഒപ്പം ത്രിപുരസുന്ദരിയേയും , അഷ്ട മാതൃക്കളേയും യോഗിനിമാരായി ഉപാസിക്കുന്ന സമ്പ്രദായം കേരളത്തിലെ പതിമൂന്ന് കാവുകളിലായി വിന്യസിക്കുകയും പിൻകാലത്ത് രുരുജിത്ത് വിധാനം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . ഈ പതിമൂന്ന് കാവുകളിലും ശ്രീചക്രത്തിൽ ആണ് “ കാളിയെ " പൂജിക്കുന്നത് . ശൈവയോഗി യായ കൊടിക്കുന്നത്ത് ശിവാങ്കളുടെ നാമം ഇവിടെ പ്രത്യേകം പ്രാധാന്യമർഹിക്കുന്നു . മഹാർത്ഥസങ്കേതം എന്നാണ് പൂജയുടെ നാമം . ഈ പൂജ രഹസ്യാത്മകമായിട്ടാണ് ചെയ്തു വരുന്നത് .

 പതിമൂന്ന് ശാക്തേയ കാവുകൾ താഴെ പറയുന്നു .

 പതിമൂന്ന് ശാക്തേയ കാവുകൾ 
1. മന്നം പുറത്ത് കാവ് നിലേശ്വരം 
2 . മാടായികാവ് മാടായി
3. കളരിവാതുക്കൽ കണ്ണൂർ 
4. മാമാനിക്കുന്ന് കാവ് ഇരിക്കൂർ 
 5. തിരുവഞ്ചേരി കാവ് കൂത്തുപറമ്പ് 
6. കളിയാംവള്ളികാവ് വടകര 7. പിഷാരികാവ് കൊല്ലം
8. തിരുവളയനാട് കാവ് കോഴിക്കോട് 
9 . തിരുമാന്ധാംകുന്നത്തുകാവ് അങ്ങാടിപ്പുറം 
10. കൊടിക്കുന്ന് കാവ് കൊടിക്കുന്ന് , പള്ളിപ്പുറം 11.കൊടുങ്ങല്ലൂർ കാവ് കൊടുങ്ങല്ലൂർ 
12 മുത്തൂറ്റ് കാവ് തിരുവല്ല 
13. പനയന്നാർകാവ് മാന്നാർ.

 മഹാഗണപതി തർപ്പണരഹസ്യം

 ശ്രീവിദ്യാമാർഗ്ഗത്തിൽ തന്ത്രത്തിന്റെ ഏറ്റവും ഉയർന്ന രഹസ്യ സാധനയേയും , തന്ത്രസിദ്ധാന്തത്തേയും എല്ലാം പൂർണ്ണമായി ഉൾക്കൊള്ളുന്നു . അതിൽ തന്നെ ഗണപതിവിധാനസംബന്ധമായ വിഷയങ്ങളും ഉൾക്കൊള്ളുന്നുണ്ട് . ഏറ്റവും പ്രധാനം ഗണപതി തർപ്പണമാണ് മഹാഗണപതി വിശേഷപൂജാതർപ്പണത്തെ മഹാഗണപതി ചതുരാവർത്തിതർപ്പണം എന്നും പറയുന്നു . തർപ്പണത്താൽ ദേവനിങ്കൽ അതിയായ ആനന്ദം ഉളവാകുന്നു . തർപ്പണത്തിൽ രണ്ടുകൈകളും ചേരുന്നതുകൊണ്ട് ഇഡ - പിംഗള സംയോജനമുണ്ടാകുകയും അമൃതവർഷണത്തിനു കാരണ മാകുകയും ചെയ്യുന്നു . 

 സാധനയിൽ പുറമേ നിന്നും ഉള്ളിൽനിന്നുമുണ്ടാകുന്ന എല്ലാ വിഘ്നങ്ങളേയും ഇല്ലാതാക്കുന്നതാണ് മഹാഗണപതി തർപ്പണം . തർപ്പണം എന്നത് ദേവനിൽനിന്നും സാധകനിലേക്ക് എത്തുന്ന അമൃത പ്രവാഹമാകുന്നു എന്നു പറയാം . ആയുസ്സ് , ആരോഗ്യം , ഐശ്വര്യം , ബലം , മനഃശക്തി , പുഷ്ടി , ശ്രീത്വം , കവിത്വം , മുക്തി , തുടങ്ങിയ ഗുണങ്ങളെല്ലാം മഹാഗണപതിതർപ്പണത്താൽ സാധകനിലുണ്ടാകുന്നതാണ് ഓരോ തവണയും മൂന്നു ഘട്ടങ്ങളായിട്ടാണ് ഈ തർപ്പണം ശ്രീവിദ്യോപാസകർ സാധാരണ ചെയ്യാറുള്ളത് .

ഓരോ ശ്രീവിദ്യോപാസകനും യഥാവിധിയനുസരിച്ച് ചെയ്യേണ്ടതാകുന്നു . മഹാഗണപതി തർപ്പണം 444 മതങ്ങൾ കൊണ്ട് “ മഹാതർപ്പണം " വിധിപ്രകാരം ചെയ്താലുള്ളനുഭവ സ്വയം ചെയ്ത് ബോധ്യപ്പെടേണ്ടതാകുന്നു . പഞ്ചമകാരസാധന

 “ യാതൊരു തത്വവും അവശേഷിപ്പിക്കാത്തതെന്താണോ അതു തന്നെയാണ് പഞ്ചമകാരങ്ങൾ " . മദ്യം , മത്സ്യം , മാംസം , മുദ്ര , മൈഥുനം ഇവയാണ് പഞ്ചമകാരങ്ങൾ എന്ന് അറിയപ്പെടുന്നത് . പ്രഥമ , ദ്വിതീയ , തൃതീയ , ചതുർത്ഥ , പഞ്ചമ എന്നിങ്ങനെയും ഇവയെപ്പറ്റി പരാമർശമുണ്ട് . പഞ്ചമകാരങ്ങൾ പഞ്ചഭൂതങ്ങളുടെ പ്രതീകമായും , കുണ്ഡലിനിയോഗത്തിലെ ചില ഘടകങ്ങളുടെ പ്രതീകങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നു . പഞ്ചമകാരത്തിലെ പ്രത്യക്ഷ ദ്രവ്യങ്ങൾക്കു പകരം പ്രതിനിധി എന്ന രീതിയിൽ ദ്രവ്യങ്ങളെ സൂചിപ്പിക്കുന്നത് “ അനുകല്പം ” എന്നാണ് . പ്രത്യക്ഷ ദ്രവ്യങ്ങൾ ഏതെങ്കിലും കാരണത്താൽ ലഭ്യമാകാതെ വന്നാൽ 
ക്രിയാഭംഗം വരാതിരിക്കുവാൻ അനുകല്പം സ്വീകരിക്കാമെന്ന് ശാസ്ത്രം പറയുന്നുണ്ട് . എന്നാൽ അനുകല്പം ഒരിക്കലും പ്രത്യക്ഷത്തിന് തുല്യമോ പകരമോ ആകില്ല . ഗുരുപാരമ്പര്യ ത്തിലൂടെ ഈ ദ്രവ്യങ്ങളും ക്രിയകളും ഉപയോഗിച്ചുള്ള അനുഷ്ഠാനങ്ങൾ ചക്രപൂജകളിൽ നടത്തിയിരുന്നു .

 ശ്രീവിദ്യോപാസനയിലെ പഞ്ചമകാരസാധന അനുഷ്ഠിക്കാൻ പറ്റിയ ശാരീരിക , ധൈഷണിക , മാനസികശേഷിയുള്ളവർ മാത്രമേ ഇത്തരം സാധനാമാർഗ്ഗം അനുഷ്ഠിക്കാവൂ . അല്ലെന്നാൽ പേരിനും സുഖാസ്വാദനത്തിനും പഞ്ചമകാരസാധനയെ ദുരുപയോഗ പ്പെടുത്തിയാൽ അത് സാധകനുടെയും , കുലത്തിന്റെയും സർവ്വനാശത്തിന് കാരണമാകും ഓരോ വ്യക്തിയിലും ജ്ഞാനമാർജ്ജിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിൽ കൂടിയാണല്ലോ ? ഈ പഞ്ചേന്ദ്രിയങ്ങളെ കാര്യക്ഷമമാക്കുവാൻ വേണ്ടിയാണ് യഥാർത്ഥത്തിൽ പഞ്ചമകാരങ്ങൾ ഉപയോഗിക്കുന്നത് . പഞ്ചമകാര സാധനയും മകാരരഹസ്യങ്ങളും , അവ പൂജയിൽ ഉപയോഗി ക്കുന്ന രീതികളും സ്വഗുരുക്കന്മാരിൽ നിന്നു തന്നെ മനസ്സി ലാക്കുന്നതാണ് ഉത്തമം 

 ശ്രീചകമേരുവിലുള്ള സാധനാവിഷയങ്ങൾ

  പാരമ്പര്യസമ്പ്രദായ ഗുരുക്കന്മാരിൽ നിന്നും വിധിപ്രകാരം കുറഞ്ഞ പക്ഷം പഞ്ചദശി മന്ത്രവും , പൂജാവിധാനവും അറിയാവുന്ന ശ്രീസാധകർ മാത്രം ശ്രീചകമേരു വാങ്ങി അതിൽ സാധന ചെയ്യുന്നതാണുത്തമം . സ്വഗുരുനാഥന്റെ അനുജ്ഞയാൽ മാത്രം ശ്രീമേരു വാങ്ങുക . അതല്ലാതെ വാങ്ങുന്ന ശ്രീചക്രമേരു ഗുണത്തേക്കാളധികം ദോഷം ചെയ്യും . 

 സാധകൻ ഇന്നേവരെ ആർജ്ജിച്ചു വന്ന ചൈതന്യം ഒരൊറ്റ ക്ഷണത്തിൽ പൂർണ്ണമായും നഷ്ടപ്പെടുവാൻ തെറ്റായളവുള്ള ശ്രീചകമേരു ഹേതുവാകുന്നു . അളവിൽ വ്യത്യാസമുള്ള ശ്രീമേരു കാരണം ദുരിതമനുഭവിക്കുന്ന പല സാധകരുമുണ്ട് . ശ്രീചക ഭൂപ്രസ്താരമാണ് സംബന്ധിച്ചിടത്തോളം തുടക്കത്തിൽ നല്ലത് . അതും സ്വഗുരുനാഥന്റെ അനുവാദത്തോടു കൂടി വാങ്ങിക്കുക . ശ്രീചക്രം പ്രത്യേകിച്ച് ശ്രീമേരു എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല . ഉദാഹരണത്തിന് സന്യാസിമാർ ഉപയോഗി ക്കുന്ന വിധത്തിലുള്ള ശ്രീചക്രമല്ല ഗൃഹസ്ഥർക്കുള്ളത് ( സന്യാസിമാർക്ക് ശ്രീചക്ര ആവശ്യമില്ലന്നാൽ തന്നെയും) വൈഷ്ണാവാദി ശ്രീവിദ്യാപരമ്പരയിലുള്ള ശ്രീചക്രവിധാനം മറ്റൊരു വിധത്തിലാകുന്നു . ശ്രീമേരുവിൽ പൂജ സാധകന് പറഞ്ഞുവെന്നാൽ ആ സമയം ശ്രീമേരു സാധകനെ സ്വയം തേടിയെത്തിയ സംഭവങ്ങളുമുണ്ട് . അനുഭവസ്ഥരുമുണ്ട് . 

ശ്രീസാധനയിലെ പ്രധാന ഉപദേശങ്ങൾ

 1 . ഏകഗുരുവിനെ മാത്രമേ സ്വഗുരുവായി സ്വീകരിക്കാവു അതാണ് ശാസ്ത്രസമ്മതിയും , അവരവരുടെ ദേവത , ഗുരു സമ്പ്രദായം എന്നിവയിൽ പൂർണ്ണ വിശ്വാസം ഉണ്ടാകണം . മറ്റു ശാസ്ത്രത്തെയോ , ദർശനങ്ങളെയോ , ഗുരുക്കന്മാരെയോ ഉപാസകർ നിന്ദിക്കരുത് . കാമ , ക്രോധ , ലോഭ , മോഹ , മദ , മാത്സര്യങ്ങൾ ഉപാസകൻ ഒഴിവാക്കുക . സാധനയിലു ണ്ടാകുന്ന അനുഭവങ്ങൾ സ്വഗുരുനാഥനോടു മാത്രം പങ്കു വയ്ക്കുക .
 
2 .ലളിതോപാസകർ കരിമ്പ് ഭക്ഷിക്കരുത് . പകൽ വാർത്താ ളിയെ സ്മരിക്കരുത് . പകൽ വാർത്താളി ജപം ചെയ്യരുത് .

3. മാതംഗിദേവതയുടെ ഉപാസകർ കദംബത്തെ മുറിക്കരുത് . നൃത്യ , നാട്യകലകളോട് താൽപര്യക്കുറവ് കാണിക്കരുത് . കലാകാരന്മാരേയും , ഗായകരേയും നിന്ദിക്കരുത് രാത്രി മാതംഗി ജപം ചെയ്യരുത് .
4 . പഞ്ചമകാരങ്ങളെ നിന്ദിക്ക രുത് . അവ ഗോപ്യമായി വയ്ക്കണം. ബാഹ്യമായ വിനോദത്തിന് ഇവ ഉപയോഗിക്കരുത് . പൊതുസ്ഥലങ്ങളിൽ ഇവയെക്കുറിച്ചുള്ള പരാമർശം ശ്രദ്ധിക്കണം . 
5. സ്ത്രീകളെ ബഹുമാനിക്കണം . വീരസ്ത്രീകളെ പ്രാപിക്കരുത് . വീരന്മാരെ കൊല്ലരുത് . ദ്രവ്യം അപഹരിക്കരുത് , രാജപത്നി , ജ്യേഷ്ഠപത്നി , പത്നിമാതാ , സ്വന്തം മാതാവ് ഇവരെയും വളരെയധികം ബഹുമാനിക്കേണ്ടതാണ് . 

6. നവഗ്രഹങ്ങളുടെ താന്ത്രിക മന്ത്രങ്ങൾ ജപിക്കുന്നത് സാധനയിലുണ്ടാകുന്ന തടസ്സങ്ങളകറ്റുന്നതാണ് .

7 . സാമ്പ്രദായിക ശ്രീചക്രപൂജയിൽ മറ്റു സമ്പ്രദായത്തിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല . അഥവാ പങ്കെടുപ്പിക്കുകയെന്നത് നിർബന്ധമാണെന്നാൽ സമ്പ്രദായം അറിഞ്ഞതിനുശേഷം പ്രവേശിപ്പിക്കാം . അതേസമയം സ്വപൂജാ വിഷയങ്ങൾ ഗോപ്യമായി വയ്ക്കണം . 

8. കുലഭ്യഷ്ടരുമായി സഹവസിക്കരുത് . തർക്ക സംഭാഷണങ്ങളിൽ ഏർപ്പെടരുത് . ഉപാസകൻ ഗൃഹസ്ഥനാണെങ്കിൽ കുടുംബത്തെ കൂടി പരിഗണിച്ചു കൊണ്ടാവണം ഉപാസന ചെയ്യുവാൻ . കുല പുസ്തകങ്ങൾ അഥവാ കുലജ്ഞാനം ഗോപ്യമായി സൂക്ഷിക്കണം .സാധകൻ പുറത്തു പറയേണ്ടതായ രഹസ്യങ്ങളെന്നു കരുതുന്നവ പൂർണ്ണമായി വിവരിക്കുവാൻ പാടുള്ളതല്ല . 

9. കുലവൃക്ഷങ്ങളായ ഉങ്ങ , വേപ്പ് , നറുവരി ( ചെറുകുമിഴ് ) , അരയാൽ , കടമ്പ് , കൂവളം , അത്തി , പേരാൽ , പുളിമരം , എന്നി ഒൻപതു വൃക്ഷങ്ങളെ വെട്ടി മുറിക്കുവാൻ പാടില്ല . അവയുടെ ഇലകളിൽ ഭക്ഷണം കഴിക്കരുത് കുലവൃക്ഷങ്ങളെ ഭക്തിപൂർവ്വം പൂജിക്കുക . സാധകൻ ഇവയുടെ ചുവട്ടിൽ കിടന്ന് ഉറങ്ങുകയും ചെയ്യരുത് . 

10. സർവ്വ ജീവജാലങ്ങളിലും തന്റെ ഇഷ്ടദേവതയെ ദർശിക്കുക . മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങളെ കാണാതെ ഗുണങ്ങളെ കാണുക . 

11. ശാക്ത സാധകൻ മറ്റൊരു ഉപാസകന്റെ ഗൃഹത്തിൽ പോകുമ്പോൾ അവരെയും ആദരിക്കുക . 
 12. ശ്രീ ഉപാസകർ ഖഡ്ഗമാല നിത്യവും പാരായണം ചെയ്താൽ സാധനയിൽ പുരോഗതിയുണ്ടാകുന്നു . “ ശക്തി വന്ദനം " ശ്രീവിദ്യോപാസകർ ഗുരു പാരമ്പര്യമനുസരിച്ച് നിത്യവും ചെയ്യേണ്ടത് അനിവാര്യമാണ് . ദേവീമാഹാത്മ്യം എന്നും ജപിക്കുന്നത് സാധകന് ഗുണകരമാകുന്നു .

 അനുബന്ധം – 1 

1 . ഉപാസനകൾ , സാധനകൾ ചെയ്യുക എന്നതെല്ലാം വ്യക്തിപരമാണ് . നിങ്ങൾക്ക് അനുയോജ്യമായ സാധന നിങ്ങൾ തെരഞ്ഞെടുക്കുക . കുലദേവതയേയും , മറ്റ് ചില വസ്തുതകളെയും ആശ്രയിച്ചിരിക്കുന്നു . സാധനയിൽ പരിപൂർണ്ണമായ തീരുമാനമെടുക്കുന്നത് നിങ്ങൾ സ്വീകരിക്കുന്ന ഗുരുവാണ്

2 പാരമ്പര്യത്തിലുള്ള ഗുരുവിൽ നിന്നല്ലാതെ ഈ മഹത് ഉപാസന സാധ്യമല്ല . താന്ത്രിക സമ്പ്രദായത്തിൽ ഒരിക്കൽ ഒരു ഗുരുവിനെ സ്വീകരിച്ചു കഴിഞ്ഞാൽ കഴിവതും ആ ഗുരുവിനെ തന്നെ സ്വീകരിച്ചു സ്വഗുരുവായി തന്നെ കരുതി പോകുക . ശിഷ്യനിൽ മന്ത്രം നൽകിയ ഗുരു , ദീക്ഷ പൂർത്തിയാക്കാതെ സമാധിയായാൽ , അതേ പരമ്പരയിലുള്ള മറ്റൊരു ഗുരുവിൽ നിന്നും ശിഷ്യൻ ദീക്ഷ പൂർത്തികരി ക്കേണ്ടതാകുന്നു .

3. മാതാപിതാക്കൾ , കുടുംബം ഇവരെയൊന്നും സാധനയുടെ പേരിൽ ഉപേക്ഷിക്കാതിരിക്കുക .

 4 . വിദ്യാഭ്യാസം , സാമ്പത്തിക ഭദ്രതയോടു കൂടിയ ജോലി ഇവയെല്ലാം യഥാകാലം ശരിയായ രീതിയിൽ നിർവ്വഹിക്കുക . സാധനയുടെ പേരും പറഞ്ഞ് സ്വകടമകൾ ഒന്നും ചെയ്യാതിരിക്കരുതെന്ന് സാരം . പ്രത്യേകിച്ച് സാധകനെ പ്പോഴും സാമ്പത്തിക ഭദ്രത കൈവരിച്ചിരിക്കണം . അല്ലെന്നാൽ അത് സാധന ചെയ്യുന്നതിൽ വൈഷമ്യങ്ങ ളുണ്ടാക്കുന്നതാണ് .

5. എല്ലാവരേയും സ്നേഹിക്കുക . സ്ത്രീകളോടു ബഹുമാനം പുലർത്തുക . മുതിർന്നവരേയും സഹസാധകരേയും ബഹുമാനിക്കുക . മറ്റുള്ള സമ്പ്രദായങ്ങളെല്ലാം സ്വസമ്പ്ര ദായം പോലെ മഹത്തായതെന്നു കരുതുക . ശ്രീവിദ്യ വിഷയങ്ങൾ ഒരിക്കലും വാദത്തിന് ഉള്ളതല്ല . ഉപാസനയിൽ ഉള്ള നിബന്ധനകളിൽ ഒന്നാണിത് . 

 6. വിവാഹം കഴിക്കുകയും ഏക പത്നീ/പതി എന്ന രീതിയിൽ തന്നെ കുടുംബ ജീവിതം നയിക്കുകയും ചെയ്യുക . 

7. ഒരേ വിഷയം വിവിധ ഗുരുക്കന്മാർ അവരുടെ സമ്പ്രദായമനുസരിച്ചാവും , അനുഭവമനുസരിച്ചാവും ചെയ്യുന്നത് . അതിനാൽ അവരവരുടെ സ്വസാധനാ പാരമ്പര്യം മാത്രം പൂർണ്ണമായും പിന്തുടരുകയും മറ്റുള്ളവ മനസ്സിലാക്കുകയും ചെയ്യുക . എല്ലാ വഴികളും ചെന്നെത്തുന്നത് ഒന്നിലേക്കെന്ന സത്യം മനസ്സിലാക്കുക .
ശ്രീരഹസ്യം (പ്രദീപ് ശംഭവി)

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം