മനുഷ്യന് വിശ്വാസത്തിന്റെ ആവശ്യമുണ്ടോ ?

പ്രിയങ്കരനായ ഗുരോ, മനുഷ്യന് വിശ്വാസത്തിന്റെയാവശ്യമുണ്ടോ?

യാഥാർത്ഥ മതത്തിന് ദൈവം, ചെകുത്താൻ, സ്വർഗ്ഗം, നരകം ഇവയൊന്നുമായി യാതൊരിടപാടുമില്ല.

'മതം ' എന്ന പദത്തെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആ വാക്ക് ശ്രദ്ധേയമാണ്. ഇതിന്റെയർത്ഥം അംശങ്ങളെ ഒരുമിച്ചു ചേർക്കലെന്നാണ്. അങ്ങനെ അംശങ്ങൾ മേലിൽ അംശങ്ങളല്ലാതാകുകയും ഒരു പൂർണ്ണതയായിത്തീരുകയും ചെയ്യുന്നു. മതം എന്ന വാക്കിന്റെ മൗലികമായ അർത്ഥമിതാണ് :അംശങ്ങൾ മേലിൽ അംശങ്ങളായി നിലനിൽക്കാതെ അതൊരു പൂർണ്ണതയായിത്തീരുന്ന വിധത്തിൽ കാര്യങ്ങളെ ഒരുമിച്ചു ചേർക്കുക.

ഓരോ അംശവും, വേറിട്ട നിലയിൽ, മൃതമാകുന്നു :ഒരുമിച്ചു ചേരുമ്പോഴാകട്ടെ, ഒരു പുതിയ ഗുണവിശേഷം പ്രത്യക്ഷമാകുന്നു, പൂർണ്ണതയുടേതായ ഗുണവിശേഷം --ആ ഗുണവിശേഷത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുകയെന്നതാണ് മതത്തിന്റെ ലക്ഷ്യം. അതിനു ദൈവവുമായോ ചെകുത്താനുമായോ യാതൊരിടപാടുമില്ല.

എന്നാൽ മതങ്ങൾ ഈ ലോകത്തിൽ പ്രവൃത്തിച്ചിരിക്കുന്ന വിധത്തിൽ, അവരതിന്റെ സമസ്ത ഗുണവിശേഷവും, ഊടുംപാവും മാറ്റിക്കളഞ്ഞിരിക്കുന്നു. അതിനെ ഉത്ഗ്രഥനത്തിന്റേതായ ഒരു ശാസ്ത്രമാക്കുകയും, തത്ഫലമായി മനുഷ്യനെ വിഘടിതനാകാതെ ഏകനായി നിലനിർത്തുകയും ചെയ്യുന്നതിനു പകരം.... സാധാരണഗതിയിൽ നിങ്ങൾ വിഘടിതനാണ്, ഒരാൾക്കൂട്ടം. ഈ ആൾക്കൂട്ടത്തെ ഉരുക്കി പൂർണ്ണതയുള്ള ഒരു സത്തയാക്കിത്തീർക്കുക, അപ്പോൾ നിങ്ങളിലുള്ള എല്ലാ സംഗതികളും നിങ്ങളിൽതന്നെയുള്ള മറ്റെല്ലാ സംഗതികളുമായി സ്വരച്ചേർച്ചയോടെ പ്രവൃത്തിക്കുവാൻ തുടങ്ങുന്നു, യാതൊരു സംഘർഷവും, യാതൊരു വിഭജനവും, യാതൊരു സംഘടനവുമില്ല --ആരും ഉയർന്നവനല്ല, ആരും താഴ്ന്നവനല്ല... നിങ്ങൾ കേവലം ശ്രുതിലയമുള്ള ഒരു പൂർണ്ണസത്തയായിത്തീരുന്നു.

ലോകമെമ്പാടുമുള്ള മതങ്ങളുടെ പ്രവൃത്തനം മൂലം മനുഷ്യരാശിയാകെ ആ വാക്കിന്റെ അർത്ഥം മറന്നുപോയിരിക്കുന്നു. അവർ ഉത്ഗ്രഥിതനായ മനുഷ്യനെതിരാണ്. ഉത്ഗ്രഥിതനായ മനുഷ്യന് ദൈവത്തെ ആവശ്യമില്ല പുരോഹിതനെ ആവശ്യമില്ല, സഭയെ ആവശ്യമില്ല. വിശ്വാസത്തെ ആവശ്യമില്ല.

ഉത്ഗ്രഥിതനായ മനുഷ്യൻ തനിക്കു താൻ പോന്നവനാണ്. അയാൾ പൂർണ്ണനാകുന്നു. എന്റെ കാഴ്ചപ്പാടിൽ അതയാളെ പരിശുദ്ധനാക്കുന്നു. കാരണം, അയാൾ പൂർണ്ണനാകുന്നു, അയാൾ അങ്ങേയറ്റം സംതൃപ്തനായതിനാൽ, ഒരു പിതൃരൂപത്തിന്റെ മാതൃരൂപത്തിന്റെ --ആകാശത്തിലെവിടെയോ ഇരുന്നു നിങ്ങളെ പരിപാലിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ --മനഃശാസ്ത്രപരമായ യാതൊരാവശ്യവും അയാൾക്കില്ല. അയാൾ ഈ നിമിഷത്തിൽ അങ്ങേയറ്റത്തെ ആനന്ദമനുഭവിക്കുന്നു, നിങ്ങൾക്കയാളെ നാളെയെചൊല്ലി ഭയപ്പെടുത്താനാവില്ല. ഉത്ഗ്രഥിതനായ മനുഷ്യന് നാളെ എന്നത് നിലനിൽക്കുന്നില്ല. ഈ നിമിഷം മാത്രമാകുന്നു, എല്ലാം --ഇന്നലെകളില്ല, നാളെകളുമില്ല.

ഉത്ഗ്രഥിതനായ ഒരു മനുഷ്യനെ, "നിങ്ങൾ ഇങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് സ്വർഗ്ഗവും അവിടുത്തെ സർവ്വസുഖഭോഗങ്ങളും ലഭിക്കും. അങ്ങനെ ചെയ്‌താൽ നിങ്ങൾ നരകത്തിൽ പതിക്കുകയും, നിത്യമായ യാതന അനുഭവിക്കുകയും ചെയ്യും, " എന്നിങ്ങനെയുള്ള ബാലിശവും വിവേകശൂന്യവുമായ കൗശലങ്ങൾ കൊണ്ടു നിങ്ങൾക്ക് കബളിപ്പിക്കാൻ കഴിയില്ല. 

ഉത്ഗ്രഥിതനായ മനുഷ്യൻ ഈ വക അസംബന്ധങ്ങളെയെല്ലാം വെറുതെ ചിരിച്ചു തള്ളുകയേയുള്ളു. അയാൾക്ക്‌ ഭാവിയെക്കുറിച്ചുള്ള ഭയമില്ല, നിങ്ങൾക്കയാളിൽ നരകം സൃഷ്ടിക്കുവാൻ കഴിയില്ല. അയാൾക്ക് ഭാവിയെക്കുറിച്ച് അത്യാഗ്രഹമില്ല, നിങ്ങൾക്കയാളിൽ സ്വർഗ്ഗം സൃഷ്ടിക്കുവാൻ കഴിയില്ല. അയാൾക്ക് സംരക്ഷണമാവശ്യമില്ല, വഴികാട്ടുന്നതിന് അയാൾക്ക് ആരെയും ആവശ്യമില്ല, അയാൾക്ക് ലക്ഷ്യങ്ങളില്ല പ്രേരണകളില്ല. ഓരോ നിമിഷവും അങ്ങേയറ്റം സമ്പൂർണ്ണമായതിനാൽ, ഈ ജന്മത്തിൽ ഏതെങ്കിലും സമയത്തു വരാനിരിക്കുന്നതോ, അല്ലെങ്കിൽ അടുത്ത ജന്മത്തിൽ വരാനിരിക്കുന്നതോ ആയവ മറ്റൊരു നിമിഷത്തിൽ പൂർത്തീകരിക്കപ്പെടുമെന്നു കരുതി അയാൾ കാത്തുനിൽക്കുന്നില്ല... ഓരോ നിമിഷവും നിറവുള്ളതാകുന്നു, തിങ്ങിനിറഞ്ഞത് കവിഞ്ഞൊഴുകുന്നത്. അയാൾക്ക് ആകെക്കൂടി അറിയാവുന്നത് മനോഹരമായ ഈ അസ്തിത്വത്തോട് അയാൾക്കുള്ള അത്യധികമായ കൃതജ്ഞതയെക്കുറിച്ചുമാത്രമാണ്. അതുപോലും അയാൾ പറയുന്നില്ല, കാരണം അസ്തിത്വത്തിന് ഭാഷ മനസ്സിലാകില്ല. ആ കൃതജ്ഞതതയാണ് അയാളുടെ സാക്ഷാൽ അസ്തിത്വം.

അതുകൊണ്ട് അയാൾക്ക് താൻ എന്തൊക്കെ ചെയ്താലും, അതിൽ കൃതജ്ഞതയുണ്ടായിരിക്കും. അയാൾ യാതൊന്നും ചെയ്യുന്നില്ലെങ്കിൽ, വെറുതെ നിശബ്ദനായി ഇരുപ്പുറപ്പിച്ചിരിക്കുകയാണെങ്കിൽ, അതിലും കൃതജ്ഞതയുണ്ടായിരിക്കും. ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നു. ഒരു ക്രിസ്ത്യൻ ചർച്ചിൽ പോയി പ്രാർത്ഥിക്കുന്നു. ഒരു മുഹമ്മദീയനാണെങ്കിൽ ദിവസം അഞ്ചുനേരം പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നു. എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ല. കാരണം പ്രാർത്ഥിക്കാത്ത സമയങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്. നിങ്ങൾ ദൈവത്തെക്കുറിച്ച് ഓർക്കുന്നുണ്ടോ? അതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥന ഒരു ചടങ്ങ് മാത്രമാണ്. അത് നിങ്ങളുടെ ജീവിതമല്ല. ദിവസത്തിൽ കുറച്ചു സമയം ദൈവത്തോട് നന്ദി പറയുകയും ബാക്കി സമയങ്ങളിൽ നിങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നത് !.

സ്വന്തം സത്ത അറിയുന്നവന് ഒരു പ്രാർത്ഥനയുടെയും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും ആവശ്യമില്ല. അവൻ പൂർണ്ണനാണ്....

 പുസ്തകം :-മതമല്ല മതാത്മകത ഞാൻ പഠിപ്പിക്കുന്നു.

💗 ഓഷോ💗 ഓഷോ💗

Comments

Popular posts from this blog

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം

sreevidyopasana kaalyakrithyam