ബലിയും ബലി നിരോധനവും
ബലിയും, ബലി നിരോധനവും!
എന്താണ് ബലി?
ബലപ്പെടുത്തുന്ന ക്രിയയാണ് ബലി. അത്രെയേ ഉള്ളൂ! ക്ഷേത്രത്തിൽ നിവേദ്യം ഭക്ഷണമാണ്, ഭക്ഷണമാണ് ബലപ്പെടുത്തുന്നത്. മാംസാഹാരികളായ ഒരു ജനത അവരുടെ ശരീരത്തെ ബലപ്പെടുത്തുന്ന ഭക്ഷണത്തെ അവരുടെ തന്നെ സ്വരൂപമായ ദേവതയ്ക്കു അർപ്പിക്കുന്നു. എത്ര ശ്രദ്ധയോടെയാണോ സ്വന്തം ആവശ്യത്തിനായി മൃഗത്തെ കൊന്നു ഭക്ഷിക്കുന്നത് അതിലും ശ്രദ്ധയോടെ ഇത് ചെയുന്നു എന്ന് മാത്രം. അന്നം ബ്രഹ്മമാണ് എന്നും ബ്രഹ്മത്തിനായി കൊണ്ട് അർപ്പണം ചെയ്യുന്നതാണ് എന്നും ചൊല്ലാറില്ലേ? അത് പോലെ തന്നെയേ ഇതും ഉള്ളും.. മാംസം അന്നമാണ്, ഞാനാകുന്ന ജീവനെ പോഷിപ്പിക്കുന്ന ഭക്ഷണം ആണ് അത് എന്നിരിക്കെ, എന്റെ ജീവ സ്വരൂപമായ ദേവതയെയും അത് പോഷിപ്പിക്കുന്നു. ഇവിടെ എങ്ങനെയോ അവിടെയും അങ്ങനെ എന്ന പിണ്ഡാണ്ഡ ബ്രഹ്മാണ്ഡ യുക്തിയാണ് തന്ത്രത്തിന്റേതു.
മാംസ ഭക്ഷണം കഴിക്കാൻ ആരംഭിച്ചതിൽ മാത്രമാണ് മനുഷ്യന്റെ പ്രീ-ഫ്രോണ്ടൽ കോർടെക്സ് (മറ്റു ജീവികളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം അതാണല്ലോ) വളരാൻ തുടങ്ങിയത് എന്നാണ് ശാസ്ത്രീയ നിരീക്ഷണം. ഇന്ന് കാണുന്ന ഭാഷയും, സംസ്കാരവും, എല്ലാം മനുഷ്യന്റെ ബുദ്ധി വളർച്ചയുടെ പരിണതി ആണല്ലോ! ആ അർത്ഥത്തിൽ മാംസഭക്ഷണം തെറ്റാണു എന്ന അഭിപ്രായവും തന്ത്രത്തിനില്ല! കേരളത്തിലും നിലവിലുണ്ടായിരുന്ന ബലി ശക്തമായ 'പുതു-വൈദികവത്കരണത്തിൽ'(വേദത്തിൽ തന്നെ ബലിയും, മാംസാഹാരവും ധാരാളം പറഞ്ഞിരിക്കുന്നു, വ്യാഖ്യാന ഫാക്ടറിക്കാർക്കു അജം എന്നാൽ പന്ത്രണ്ടു കൊല്ലം മുളയ്ക്കാത്ത നെല്ലാണ് എന്നൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കാം എന്ന് മാത്രം, ആയുർവേദത്തിലെ അജമാംസ രസായനം മേൽപ്പറഞ്ഞ നെല്ല് കൊണ്ട് ഉണ്ടാക്കുന്നതാണ് എന്നൊന്നും പറയില്ലായിരിക്കും, അതുകൊണ്ടാണ് പുതു വൈദികവൽക്കരണം എന്ന് പറഞ്ഞത് ) നിർത്തലാക്കപ്പെടുന്നതുവരെ. വാസ്തവത്തിൽ ഇന്ന് നമ്മുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ബലി, കേവലമൊരു ആചരണം എന്ന അർത്ഥത്തിൽ നിന്ന് മാറി ചിന്തിച്ചാൽ, അവിടെയെത്തുന്ന സാധാരണക്കാരിൽ സാധാരണക്കാർക്ക്, ഭോഗ് എന്ന പേരിൽ ലഭിക്കുന്ന മാംസ്യം ധാരളമുള്ള ഭക്ഷണമാണ്, ലോകാരോഗ്യ സംഘടനയുടെ കണക്കിൽ പറഞ്ഞാൽ മാംസ്യ ഭക്ഷണം ഏറ്റവും കുറച്ചു കിട്ടാൻ സാധ്യതയുള്ള ഒരു ജനതയ്ക്ക് അത് ലഭിക്കാനുള്ള സാധ്യത കൂടിയാണ്. കാമാഖ്യയിലും, ത്രിപുരേശ്വരിയിലും ഒക്കെ നടക്കുന്ന ബലി.
ബലി നിരോധനം.
ജീവികളുടെ ജീവഹാനിയെ ചൊല്ലിയാണ് ബലി നിരോധനം എങ്കിൽ അത് ബാലിശമായ ഒരു നടപടിയാണ്, ജീവസന്ധാരണം തന്നെ ഒന്ന് മറ്റൊന്നിനെ ആഹരിച്ചു നില നിൽക്കുന്നതാണ്. ജീവൻ എല്ലാത്തിലും ഉണ്ട്, ചെടികളിലും, മരങ്ങളിലും ജീവനില്ലേ? ഉണ്ട്, അവ കരയുന്നില്ലേ? ഉണ്ട്? അത് നാം കേൾക്കുന്നില്ല എന്ന് മാത്രം.. പ്രാണൻ നഷ്ട്ടപെടുന്നത് ഏതൊരു ജീവിക്കും വേദനാജനകമാണ്, പക്ഷെ അത് പ്രകൃതിയുടെ നിയമം ആണ് എന്ന് ഉൾക്കൊള്ളുന്നതാണ് ജീവജാതികളിലെ നിയമം.
ഇതിങ്ങനെയാണെന്നിരിക്കെ ത്രിപുര കോടതി ബലി നിരോധിച്ചതിനു പിന്നിൽ എന്താണ്? കാല കാലങ്ങളായി ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്ന ഒരു അനുഷ്ടാനത്തെ നിയമം മൂലം നിർബന്ധിതമായി നിരോധിക്കുക വഴി സമൂഹത്തിൽ ഒരു ശൈഥില്യം ഉണ്ടാക്കുക മാത്രമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു എന്ന് വ്യക്തമാണ്. ഇതിനെ എതിർക്കേണ്ടത് നമ്മുടെ മുഖ്യ ദൗത്യവുമാണ്. ഈ എതിർപ്പിന്റെ സ്വരം ഉയർന്നു തുടങ്ങുമ്പോൾ സതി തിരിച്ചു വന്നാലോ? നരബലി വന്നാലോ എന്ന കുയുക്തികൾ നിരത്തുന്നത് ബാലിശമാണ്, മഹാനിർവാണ തന്ത്രത്തിൽ വിശാരദനായിരുന്ന രാജാ രാം മോഹൻ റോയ് എന്ന ബംഗാളി താന്ത്രികന്റെ ഇടപെടൽ ആണ് സതി എന്ന 'അനാചാരം' നിർത്തിയത് എന്നും, നരനെ കഴിക്കുന്നവർ ഉണ്ടെങ്കിൽ മാത്രമേ നരബലി എന്ന കാര്യത്തിന് വല്ല യുക്തിയും നില നിൽക്കുന്നുള്ളു എന്നും ചിന്തിക്കണം.
ഒരു ജനതയുടെ ആദിമവും തികച്ചും അവരുടെ നിലനിൽപ്പിന്റെ തന്നെ അഭേദ്യ ഭാഗവുമായിരിക്കുന്ന ഒരു സംസ്കൃതിക്ക് മേലെ കത്തി വെക്കാനുള്ള ശ്രമങ്ങൾ നിസംശയം ചെറുക്കപ്പെടേണ്ടതാണ്. നാട്ടിൽ മാംസഭക്ഷണം നിരോധിക്കാത്തിടത്തോളം, അറവുശാലകൾ പ്രവൃത്തിക്കുന്നിടത്തോളം കോടതിക്ക് ക്ഷേത്രത്തിലെ ബലിയുടെ കാര്യത്തിൽ എങ്ങനെ ഇടപെടാൻ സാധിക്കും?
ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയ സമയത്തു സംപൂജ്യ സ്വാമി ചിദാനന്ദപുരി സ്വാമിജി ഇത് കോടതിയുടെ വിശ്വാസത്തിന്റെ മേലുള്ള കടന്നു കയറ്റമാണ് എന്ന നിലപാടാണ് പങ്കു വെച്ചത്, ഈ നിലപാട് ഒരു പക്ഷെ ഒരു മുഖ്യധാരാ സമൂഹത്തിൽ നിന്ന് ഒരു സന്ന്യാസി എന്ന നിലയിൽ അദ്ദേഹത്തിന് നേരിടാവുന്ന എല്ലാ വിമർശനങ്ങളെയും തൃണവൽഗണിച്ചു കൊണ്ടാണ് അദ്ദേഹം പങ്കുവെച്ചതും
☠A great civilization is not conquered from without until it has destroyed itself within.☠
Will Durant- Story of Civilisation
NB: എന്താണ് ബലി എന്നത് താന്ത്രിക ആചാരങ്ങളുടെ സാമൂഹ്യ വീക്ഷണം എന്ന നിലയിൽ ആണ് എഴുതിയത്, ഉപാസന രഹസ്യങ്ങളുടെ അർത്ഥത്തിൽ നിന്ന് കൊണ്ടല്ല. ആർ രാമാനന്ദുമായി നടത്തിയ ചർച്ചയിൽ നിന്നും
ഡോ: ശ്രീനാഥ് കാരയാട്ട്



Comments
Post a Comment