ആർത്തവ ശേഷമുള്ള ദിവസങ്ങളും ഗർഭാധാനവും

ആര്‍ത്തവശേഷമുള്ള ദിവസങ്ങളും ഗര്‍ഭാധാനവും
===================================
ഋതുകാലേ തു നാരീണാം ത്യജേത് ദിനചതുഷ്ടയം
താവന്നാലോകയേദ്വക്ത്രം പാപം വപുഷി സംഭവേത് 
(ഗരുഡപുരാണം)
ആര്‍ത്തവസമയത്ത് സ്ത്രീകളെ നാലു ദിവസത്തേക്ക് ഉപദ്രവിക്കരുത്. ആ നാലുദിവസം സ്ത്രീകളുടെ മുഖം പോലും കാണരുത്, അല്ലായ്കില്‍ പാപമുണ്ടാകും. (ആര്‍ത്തവക്ഷീണിതയായ സ്ത്രീയെ സംഭോഗപീഢയില്‍ നിന്നും രക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ നിയമം എന്നു തോന്നുന്നു.) 
സ്നാത്വാ സചൈലം സാ നാരീ ചതുര്‍ത്ഥേ(അ)ഹനി ശുദ്ധ്യതി
സപ്താഹാത് പിതൃദേവാനാം ഭവേദ് യോഗ്യാ വ്രതാര്‍ച്ചനേ
സപ്താഹമധ്യേ യോ ഗര്‍ഭാഃ സ ഭവേന്മലിനാശയഃ
പ്രായശഃ സംഭവന്ന്യത്ര പുത്രസ്ത്വഷ്ടാഹമധ്യതഃ
യുഗ്മാസു പുത്രാ ജായന്തേ സ്ത്രിയോ(അ)യുഗ്മാ സു രാത്രിഷു
പൂര്‍‍വം സപ്തകമുത്സൃജ്യ തസ്മാദ് യുഗ്മാസു സംവിശേത്
(ഗരുഡപുരാണം)
(ആര്‍ത്തരക്തസ്രാവദിവസങ്ങള്‍ കഴിഞ്ഞാല്‍) ആര്‍ത്തവസമയത്തുപയോഗിച്ച വസ്ത്രങ്ങളെല്ലാം കഴുകി സ്വയം കുളിച്ച് ശുദ്ധയാവുകകൂടി ചെയ്യാല്‍, ആര്‍ത്തവാരംഭത്തിനുശേഷം നാലാംനാള്‍ സ്ത്രീ ശുദ്ധയാവും. (അന്നു മുതല്‍ ലൈംഗികവേഴ്ചയാവാം എന്നു സൂചന.) ഏഴാംദിവസം മുതല്‍ പിതൃക്കളുടെയും ദേവകളുടെയും വ്രതം അര്‍ച്ചന തുടങ്ങിയവ ചെയ്യാം. (ആര്‍ത്തവദിവസം മുതല്‍ ഏഴു ദിവസം വരെ ഇതൊന്നും ചെയ്യരുത്. ആര്‍ത്തവം മുതല്‍ 7 ദിവസം സേഫ് പീരീഡാണ്, അതായത് ആ സമയത്തുള്ള ലൈംഗികവേഴ്ച സന്താനോല്‍പാദനക്ഷമമായിരിക്കില്ല എന്നര്‍ത്ഥം.) സാമാന്യേന എട്ടാംദിവസം മുതലാണ് സന്താനസാധ്യതയുള്ള ദിവസങ്ങള്‍. ആര്‍ത്തവശേഷമുള്ള 8-10-12-14-16-18-20-22 എന്നീ യുഗ്മദിവസങ്ങളില്‍ രാത്രിയില്‍ (ലൈംഗികവേഴ്ചയുണ്ടാവുകയും, സ്ത്രീ ഗര്‍ഭിണിയാവുകയും ചെയ്താല്‍) പുരുഷസന്താനമുണ്ടാവാനാണ് (പുത്രനുണ്ടാവാനാണ്) സാധ്യത. അതുപോലെ 9-11-13-15-17-19-21-23 എന്നീ ഓജദിവസങ്ങളില്‍ രാത്രിയില്‍ (ലൈംഗികവേഴ്ചയുണ്ടാവുകയും, സ്ത്രീ ഗര്‍ഭിണിയാവുകയും ചെയ്താല്‍) സ്ത്രീസന്താനമുണ്ടാവാനാണ് (പുത്രിയുണ്ടാവാനാണ്) സാധ്യത. (ലൈംഗികവേഴ്ച രാത്രിയില്‍ വേണം, പകല്‍ പാടില്ല. ഇവിടെ ഇവിടെ ഓജയുഗ്മദിവസങ്ങളിലെ സംയോഗത്തെയും പുത്ര-പുത്രീ ജനനസാധ്യതയെയും കുറിച്ചു പറഞ്ഞത് വിശ്വാസാധിഷ്ഠിതമായ ഒരു സാധ്യത മാത്രമാണ്, ഇത് ഇങ്ങനെതന്നെയാവുമെന്ന് ഉറപ്പുപറയാനാവില്ല.)  
ഷോഡാശാര്‍തു നിശാഃ സ്ത്രീണാം സാമാന്യാഃ സമുദാഹൃതാഃ
യാ വൈ ചതുര്‍ദ്ദശീരാത്രിര്‍ ഗര്‍ഭസ്തിഷ്ഠതി തത്ര വൈ
ഗുണഭാഗ്യനിധിഃ പുത്രസ്തദാ ജ്ഞായേത ധാര്‍മികഃ
സാ നിശാ പ്രാകൃതൈര്‍ ജീവൈര്‍ ന ലഭ്യേത കദാചന
(ഗരുഡപുരാണം)
(ആര്‍ത്തവശേഷം ഏഴാംനാള്‍ തുടങ്ങി പിന്നീടുവരുന്ന) പതിനാറ് ദിവസമാണ് സ്ത്രീയ്ക്ക് (ഗര്‍ഭപ്രദമായ) ഋതുകാലം എന്നു പറയപ്പെടുന്നു. (അതിനുശേഷമുള്ള 7 ദിവസം വീണ്ടും ഗര്‍ഭക്ഷമമല്ലാത്ത കാലമാണ്. ആകെ ഏകദേശം 7+16+7 = 30 ദിവസമാണ് ഒരു ആര്‍ത്തവചക്രം. എന്തായാലും ശരി, ആര്‍ത്തവം തുടങ്ങി) പതിനാലാംനാള്‍ രാത്രി നിശ്ചയമായും ഗര്‍ഭക്ഷമമാണ് (ഏറ്റവും കൂടുതല്‍ ഗര്‍ഭസാധ്യതയുള്ള ദിവസമാണ്. അന്നേദിവസം സംയോഗത്തിലേര്‍പ്പെടുകയും സ്ത്രീ ഗര്‍ഭിണിയാവുകയും ചെയ്താല്‍) ഗുണഭാഗ്യനിധിയും ധാര്‍മ്മികനുമായ ഒരു പുത്രസന്താനത്തെ ലഭിക്കും എന്നറിയാണം. (ഇതറിഞ്ഞ് ആ ഒരു ദിവസം മാത്രം ബന്ധപ്പെടേണ്ട ആവശ്യമേ ഉള്ളു.) 
ആര്‍ത്തവത്തിന് മുമ്പും പിമ്പും 7 ദിവസം വീതം (ആകെ 14 ദിവസം) ഗര്‍ഭക്ഷമമല്ല എന്ന അവരുടെ തിരിച്ചറിവും, ആര്‍ത്തവം തുടങ്ങി 16-ആം ദിവസമാണ് ഏറ്റവും ഗര്‍ഭക്ഷമമായ ദിവസം എന്ന തിരിച്ചറിവും വളരെ അഭിനന്ദനീയമാണ്.
തത് ക്ഷേത്രമോഷധീപാത്രം ബീജം ചാന്യമൃതായിതം
തസ്മിന്നുപ്ത്വാ നരഃ സ്വാമീ സമ്യക് ഫലമവാപ്നുയാത്
താംബൂലപുഷ്പശ്രീഖണ്ഡൈഃ സംയുക്തഃ ശുചിവക്ത്രഭൃത്
ധര്‍മമാദായ മനസി സുതല്പം സംവിശേത് പുമാന്‍
(ഗരുഡപുരാണം)
നല്ല വയലില്‍ വിളച്ച അമൃതതുല്യമായ വിത്ത് നല്ല വിളവ് നല്‍കുന്നതുപോലെ, ആ പുരുഷനും ആ സ്ത്രീയില്‍ ഉത്തമസന്താനം ജനിക്കുന്നു. (ക്ഷേത്രബലമുള്ള സ്ത്രീയും ബീജബലമുള്ള പുരുഷനും തമ്മിലുള്ള സംയോഗമേ സന്താനപ്രദമായിത്തീരുകയുള്ളു എന്നു സൂചന.) (സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത) വെറ്റിലചേര്‍ത്ത് മുറുക്കി (വായ്നാറ്റമെല്ലാമകറ്റി), പുഷ്പമാല്യാദികളിഞ്ഞൊരുങ്ങി നന്നായി ചന്ദനം ചാര്‍ത്തി (മണക്കുന്നതിനായാവാം – അതിനാല്‍ പല്ലുതേച്ച് കുളിച്ച് നന്നായി വസ്ത്രധാരണം ചെയ്ത്, സ്പ്രേ അടിച്ച് എന്നെല്ലാം പറഞ്ഞാലും മതി എന്നു തോന്നുന്നു), ധാര്‍മ്മികകാര്യങ്ങള്‍ ചിന്തിച്ച് ശുദ്ധമനസ്കനായി രാത്രി ഭാര്യയുടെ സമീപത്തു ചെന്ന് (നന്നായി അലങ്കരിക്കപ്പെട്ട) നല്ല കിടക്കയില്‍ കിടന്നുകൊണ്ട് ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടണം.   
നിഷേകസമയേ യാദൃങ് നരചിത്തവികല്പനാ
താദൃക് സ്വഭാവസംഭൂതിര്‍ ജന്തുര്‍ വിശതി കുക്ഷിഗഃ
(ഗരുഡപുരാണം)
നിഷേകസമയത്ത് (സംഭോഗസമയത്ത്) പിതാവിന്റെ മനസ്സിലെ ചിന്ത എപ്രകാരമായിരിക്കുമോ അപ്രകാരമായിരിക്കും ആ സമയത്ത് ഗര്‍ഭത്തിലേക്കു പ്രവേശിക്കുന്ന ജീവന്റെ സ്വഭാവവും.
ചൈതന്യം ബീജഭൂതം ഹി നിത്യം ശുക്രേ(അ)പ്യവസ്ഥിതം
കാമാത് ചിത്തം ച ശുക്രം ച യദാ ഹ്യേകത്വമാപ്നുയാത്
തദാ ദ്രാവമവാപ്നോതി യോഷിദ് ഗര്‍ഭാശയേ നരഃ
ശുക്രശോണിതസംയോഗാത് പിണ്ഡോത്പത്തിഃ പ്രജായതേ
 (ഗരുഡപുരാണം)
ജീവചൈതന്യം എല്ലായ്പോഴും ശുക്ലത്തിലാണ് ഇരിക്കുന്നത്. (അല്ലാതെ അണ്ഡത്തിലല്ല.) എപ്പോഴാണോ (ലൈംഗികവേഴ്ചയുടെ സമയത്ത്) കാമവും (ആഗ്രഹവും) ചിത്തവും (ചിന്തയും) ശുക്ലവും ഒന്നായിത്തീരുന്നത്, അപ്പോള്‍ ശുക്ലസ്ഖലനം സംഭവിക്കുകയും, ശുക്ലശോണിതസംയോഗഫലമായി (ബീജാണ്ഡസംയോഗഫലമായി, സ്ത്രീയുടെ ഗര്‍ഭാശയത്തില്‍) ജീവപിണ്ഡം (Zygote) രൂപംകൊള്ളുകയും ചെയ്യുന്നു.
പരമാനന്ദദഃ പുത്രോ ഭവേത് ഗര്‍ഭഗതഃ കൃതീ
ഭവന്തി തസ്യ നിഖിലാഃ ക്രിയാഃ പുംസവനാദികാഃ
(ഗരുഡപുരാണം)
ഗര്‍ഭത്തില്‍ പ്രവേശിച്ച പുത്രസന്താനം (ഭാര്യ ഗര്‍ഭിണിയാവുക എന്നത്, ഒരു സന്താനം ജനിക്കാന്‍ പോവുന്നു എന്നത്) പരമാനന്ദപ്രദമാണ്. (കാരണം അവനാണ് കുലപരമ്പര നിലനിര്‍ത്തുക, അവനാണ് പിതൃഋണാദികളില്‍ നിന്ന് അച്ഛന് മോചനം നല്‍കുക) അതിനാല്‍ അവനായി പുംസവനാദികര്‍മ്മങ്ങളെല്ലാം (യഥാസമയം) യഥാവിധി അനുഷ്ഠിക്കണം.

Comments

Popular posts from this blog

ശിവപൂജ ക്രമം

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം