സാധനയുടെ വിഭിന്ന തലങ്ങളും അനുഭൂതികളും
സാധനയുടെ വിഭിന്ന തലങ്ങളും അനുഭൂതികളും
ഒരു കാര്യം പറഞ്ഞ് തുടങ്ങുന്നു ഉപാസനയുടെ ഓരോ ഘട്ടത്തിലും ഒരു ഉപാസകന് വരുന്ന അനുഭവതലങ്ങൾ തീർത്തും വ്യക്തിഗതമാണ് എന്നാലും പൊതുവായി വരുന്ന ചില അവസ്ഥകളെക്കുറിച്ച് ഇവിടെ എഴുതുന്നു
എന്താണ് ഉപാസന ?
സർവ്വതിനും കാരണഭൂതനായ ആ മഹാശക്തിയെ പരബ്രഹ്മമെന്ന്, പരമേശ്വരനെന്നും ,പരമേശ്വരിയേന്നും,നാരായണനെന്നും ഋഷീശ്വരന്മാർ കല്പിച്ചു കാരണം നിർഗുണമായ ഒന്നിനെ ആരാധിക്കാൻ സാധ്യമല്ല, അതിനാൽ സഗുണരൂപത്തിൽ അതായത് ദൃശ്യാവസ്ഥയിൽ ആ മഹാ ശക്തിക്ക് വിഭിന്ന രൂപം കല്പിച്ചു, ഗുണം, തത്ത്വം, അവസ്ഥ എന്നിവ ആധാരമാക്കി ആ ശക്തിയെ ആരാധിക്കാനുള്ള മാർഗ്ഗങ്ങളും അവർ നിർദേശിച്ചു ആ മാർഗ്ഗങ്ങളെയാണ് ഉപാസനാ രീതികൾ എന്ന് പറയുന്നത്
അനേക രൂപം കല്പിച്ച ശേഷം ഋഷീശ്വരന്മാർ മൂല രൂപമായ ഒരു വാക്യവും കല്പിച്ചു ( സത് ചിത് ഏകം ബ്രഹ്മ ) ഒരേ ഒരു പരമാത്മാവ് മാത്രം മറ്റെല്ലാം അതിൻ്റെ തന്നെ രൂപഭേദങ്ങളാണ്, ആ പരമാത്മാവിൽ എത്താനുള്ള പടി പടിയായ യാത്ര ആകുന്നു ഉപാസന
ഉപ + ആസന = ഉപ എന്നാൽ അടുത്ത് ആസന എന്നാൽ ഇരിക്കുക ഉപാസന = അടുത്ത് ഇരിക്കുക
ഉപാസനയുടെ ഓരോ ഘട്ടത്തിലും ഉപാസകൻ്റെ അവസ്ഥ മാറി അവൻ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്ന അവസ്ഥകൾ കൈവരിക്കും,
സാലോക്യം ആ ദേവതയുടെ ലോകത്ത് എത്തുക ,
സാമീപ്യം ദേവതയുടെ തൊട്ടടുത്ത് ഇരിക്കുക അഥവാ ദേവതയുടെ ഗണങ്ങളായി തീരുക ,
സാരൂപ്യം ദേവതയുടെ സ്വരൂപം കൈവരിക്കുക,
സായൂജ്യം ദേവതയിൽ ലയിക്കുക,
നമ്മൾ സഗുണാവസ്ഥയിൽ നിൽക്കുന്നവരാണ് ആ അവസ്ഥയിൽ നിന്ന് നിർഗ്ഗുണാവസ്ഥ പ്രാപിക്കണം
ഇപ്പോൾ ശിവനെ ആണ് ഉപാസിക്കുന്നത് എങ്കിൽ ഉപാസകൻ സാലൂക്യ അവസ്ഥയിൽ എത്തും പിന്നെ ശിവ ലോകത്തിരുന്ന് സഗുണഭാവത്തിൽ നിന്നും നിർഗ്ഗുണ ബ്രഹ്മ തത്ത്വത്തിൽ എത്തും അവിടെ നിന്നും സായൂജ്യാവസ്ഥ കൈവരും
ഉപാസനയും ഘട്ടങ്ങളും
ഉപാസനയുടെ ഘട്ടങ്ങളെ മുഖ്യമായി സപ്ത ഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു
ബാല്യം
കൗമാരം
യൗവ്വനം
പ്രൗഢം
സമനി
ഉന്മിനി
തദന്തം
ഉപാസനയുടെ ഓരോ തലങ്ങളിലും ഉപാസകൻ്റെ വ്യക്തിത്വത്തിനും, ബോധതലത്തിനും മാറ്റം വരും അതനുസരിച്ച് ഉപാസനയുടെ ഘട്ടങ്ങളിലും മാറ്റം വരും
ബാല്യവസ്ഥ -
ഒരു ഉപാസകൻ മന്ത്രോപാസന തുടങ്ങുന്നത് ബാല്യാവസ്ഥയിലാണ് ബാല്യം എന്ന പദത്തിൽ നിന്ന് തന്നെ ആ അവസ്ഥ വ്യക്തമാണ് എന്തിനോടും കൗതുകം ആകും ആ അവസ്ഥയിൽ പുതിയ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കും ഒരിടത്തും ഉറച്ച് നിൽക്കാത്ത മനസ്സ്, ഈ സമയം അവൻ്റെ മനോനില ബഹിർമുഖമായിരിക്കും ലൗകിക വ്യവഹാരത്തോടു കൂടി ഉപാംഗമായി അവൻ ഉപാസന ചെയ്യും ഈ ബാല്യാവസ്ഥയിൽ പരീക്ഷണ ഘട്ടങ്ങൾ ഒരുപാട് നേരിടും മാനസികവും ശാരീരികവുമായി പല വെല്ലുവിളികളും നേരിടേണ്ടി വരും കാരണം മന്ത്രോർജ്ജം പ്രകടമാകുന്ന സമയമാണിത് അതിനാൽ തന്നെ ആ ഊർജ്ജ പ്രവാഹത്തിൽ ചുറ്റുപാടുകൾ മാറി തുടങ്ങും, കുണ്ഡലിനി ചലനം സംഭവിക്കുമ്പോൾ അമിതമായ കാമ വികാരം പ്രകടമാകും ചിലപ്പോൾ ഇതു വിപരീതമായും വരും, അതിന് പ്രധാന കാരണം മൂലാധാര ചക്രത്തിൽ നിന്ന് ഊർദ്ധ്വമുഖമായി കുണ്ഡലിനി ഉണർന്ന് സ്വാധിഷ്ഠാന ചക്രത്തിൽ പ്രവേശിക്കുന്ന സമയം സ്വാധിഷ്ഠാനത്തിൽ സമ്മർദ്ധം അനുഭവപ്പെടും സ്വാധിഷ്ഠാന ചക്രത്തിൻ്റെ മുഖ്യ തത്ത്വം കാമ തത്ത്വം ആകുന്നു, പ്രത്യക്ഷത്തിൽ കാമേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചക്രമാണ് സ്വാധിഷ്ഠാനം ,അവിടെ ചലനം സംഭവിക്കുമ്പോൾ അമിതമായി കാമാസക്തി വർദ്ധിക്കും ,ക്രമേണ ഉപാസനയിൽ ഉള്ള ശ്രദ്ധ വ്യതിചലിക്കുകയും മുന്നോട്ട് പോകാൻ മനസ്സ് അനുവദിക്കാത്ത ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്യും
പിന്നെ മറ്റൊരവസ്ഥ ഉപാസനയിലും ഉപാസനാമൂർത്തിയിലും ഗുരുവിലും സംതൃപ്തി ഇല്ലാത്തതാകുന്നു, ഒരു ബാലൻ കളിപ്പാട്ടം മാറി മാറി ആവശ്യപ്പെടും പോലെ അവൻ്റെ മനസ്സും ഉപാസനയിലും ഗുരുവിലും ഉറച്ച് നിൽക്കാത്ത സാഹചര്യം കൈവരും, ഈ അവസ്ഥയിൽ തന്നെ ഭൂരിഭാഗവും ഉപാസന അവസാനിപ്പിക്കും,
കൗമാരാവസ്ഥ
പേര് പോലെ തന്നെ കുമാരാവസ്ഥ ഈ ഘട്ടത്തിൽ അവന് മന്ത്രസിദ്ധി ലഭിച്ചു കൊണ്ടിരിക്കുന്ന സമയമാകും ,ഈ സമയം മന്ത്ര രഹസ്യങ്ങൾ വെളിപ്പെടും ,സ്ഥിരതയുടെ ആരംഭം കൂടിയാണ് ഈ അവസ്ഥ മന്ത്ര ദേവതയുമായി അടുക്കുന്ന സമയം അതിനാൽ തന്നെ ഉപാസകന് അവൻ്റെ ഇഷ്ട ദേവത ബോധ്യമായി കഴിഞ്ഞു ഈ സമയം ഗുരു മാറിയാൽ പോലും ഇഷ്ടദേവതയെ മാറ്റില്ല, ഈ സമയം പൂജകളിൽ ഉപരി പ്രയോഗ വശങ്ങളുടെ മായാ വലയത്തിലാകും, ഈ സമയത്ത് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ക്രോധം അതിനാൽ തന്നെ ഒന്ന് പറഞ്ഞ് മറ്റൊന്നിൽ എതിരാളിയെ ധ്വംസിക്കാനുള്ള പ്രകൃതമാകും കുറച്ച് അന്തർമുഖനാകും , പ്രയോഗങ്ങളിൽ ഫലം കണ്ട് തുടങ്ങുമ്പോൾ ശ്രദ്ധയും അതിലേക്ക് കേന്ദ്രീകരിക്കും ഈ സമയം സ്വാധിഷ്ഠാന ചക്രം ഭേദിച്ച് അവൻ്റെ കുണ്ഡലിനി മണിപ്പൂരക ചക്രത്തിൽ പ്രവേശിക്കും ആ സമയം അസഹനീയമായ ചൂട് ശരീരത്തിൽ അനുഭവപ്പെടും അത് മനസ്സിനേയും, ശരീരത്തേയും, ചുറ്റുപാടിനേയും സ്വാധീനിക്കും
യൗവ്വനം
സാധനയുടെ മൂന്നാമത്തെ ഘട്ടമാണ് യൗവ്വനം ,പേര് പോലെ തന്നെ ഉപാസകന് ഊർജ്ജവും, പ്രസന്നതയും തീക്ഷ്ണതയും ഉണ്ടാകുന്ന അവസ്ഥ, മന്ത്ര രഹസ്യങ്ങളിൽ നിന്ന് ദേവതാ രഹസ്യങ്ങൾ ബോധിക്കുന്ന അവസ്ഥ ,കൂടാതെ ദേവതയുടെ അംഗ ഉപാംഗ വിദ്യകളെ അറിഞ്ഞ് തുടങ്ങുന്ന അവസ്ഥ, ഈ അവസ്ഥയിൽ ഗുരുവിലും ദേവതയിലും വിശ്വാസം ഉറച്ച് തുടങ്ങും, ആ സമയം ക്രമേണ ഉപാസകൻ ഉൾവലിഞ്ഞ് തുടങ്ങും അവൻ്റെ ചുറ്റുപാടും നിൽക്കുന്ന പലരുമായും അകന്ന് തുടങ്ങും ഇതിന് പ്രധാന കാരണം മന്ത്രോർജ്ജത്തിൻ്റെ വിസ്ഫോടനം കൊണ്ട് ഉണ്ടാകുന്ന ഊർജ്ജ പ്രസരണം ആകുന്നു അതു ചുറ്റുപാടുള്ളവർക്ക് താങ്ങാൻ ആകില്ല ക്രമേണ അവർ അകന്ന് തുടങ്ങും ,ഉപാസകൻ്റ ഊർജ്ജത്തിന് അനുയോജ്യമായ ബന്ധങ്ങൾ മാത്രം നിലനിൽക്കും ഇതു കൊണ്ടാണ് പ്രധാനമായും തന്ത്ര ദീക്ഷയിൽ ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് ദീക്ഷ നൽകുന്നത് ഒരാൾക്ക് മാത്രമായാൽ മറ്റൊരാളുടെ ഊർജ്ജം താങ്ങാനാവാതെ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകും മനോനില വ്യത്യാസം വരുമ്പോൾ അഭിപ്രായങ്ങളിലും വ്യത്യാസം വരും. ഈ അവസ്ഥയിൽ ഉപാസകൻ്റെ കുണ്ഡലിനി അനാഹത ചക്രത്തിലാകും നിൽക്കുക, ഈ സമയം ലോലവും വികാരപരമായ പല ചിന്തകളും അവനെ മാനസ്സികമായ സമ്മർദ്ധത്തിൽ എത്തിക്കും ഈ സമയം ഉപാസകൻ ഭൗതികാസ്ഥയിലും ആദ്ധ്യാത്മിക അവസ്ഥയിലും നടുവിലുള്ള അവസ്ഥയിലാകും , ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ കൂടിയാണിത്, ഈ സമയം ഉപാസകന് കീർത്തി യശസ്സ് എന്നിവ വന്നു ചേരും , ഈ സമയം ലോഭം, മോഹം എന്നിവ വർദ്ധിക്കും അതായത് അത്യാർത്തി കൂടും അതിന് വേണ്ടി എന്തും ചെയ്യും എന്ന അവസ്ഥ
പ്രൗഢം
പേര് പോലെ തന്നെ ഇരുത്തം വന്ന അവസ്ഥ, ഈ സമയം ദേവതയുടെ സഗുണഭാവത്തിലുള്ള സകല അറിവുകളും ഉപാസകൻ അറിഞ്ഞ് കാണും , ശിഷ്യൻ എന്ന അവസ്ഥയിൽ നിന്ന് ഗുരു എന്ന അവസ്ഥയിൽ പരിവർത്തനം ഭവിക്കും ഒരുപാട് ശിഷ്യ ഗണങ്ങൾ വന്ന് തുടങ്ങും, സ്വാദ്ധ്യായത്തിൽ നിന്നും അദ്ധ്യാപനം തുടങ്ങും അവൻ്റെ വാണിയിൽ സരസ്വതീ കടാക്ഷം തെളിയും എന്തിനെക്കുറിച്ചും അവനു ഉത്തരം കാണും, ദേവതയുടെ ചക്ര രഹസ്യങ്ങളും തന്ത്ര രഹസ്യങ്ങളും അവന് തെളിയും ഈ സമയം ഉപാസകൻ്റെ കുണ്ഡലിനി വിശുദ്ധി ചക്രത്തിലാകും അതിനാൽ തന്നെ വാഗ് സിദ്ധി ഉണ്ടാകും, ഈ അവസ്ഥയിൽ ഉപാസകന് മദം ,മാത്സര്യം ( അഹങ്കാരം , മത്സര ബുദ്ധി ) എന്ന രണ്ട് അവസ്ഥ അഭിമുഖീകരിക്കേണ്ടി വരും ഈ രണ്ട് രിപുക്കൾ കാരണം അവന് തൻ്റെ അറിവിൽ അഹങ്കാരം തുടങ്ങും തൻ്റെ മുകളിൽ ആരും ഇല്ല എന്ന തോന്നൽ വന്ന് തുടങ്ങും എൻ്റെ ഗുരു, എൻ്റെ സമ്പ്രദായം, എൻ്റെ ദേവത അതിനപ്പുറം മറ്റൊന്നിനേയും അംഗീകരിക്കാത്ത മനസ്ഥിതി ഈ അവസ്ഥയിൽ തൊണ്ണൂറ് ശതമാനം സാധകരും പതിക്കും , വീണ്ടും ഒരു ജന്മത്തിലേക്കുള്ള ബീജാവാപം ചെയ്യും, ദ്വൈതത്തിൽ നിന്ന് അദ്വൈതം എന്ന അവസ്ഥയിലേക്ക് അവർക്ക് പരിവർത്തനം നടക്കില്ല " അഹം ദേവി ന ചന്യാസ്മി " ഞാൻ ദേവി തന്നെ ആകുന്നു എന്ന അവസ്ഥയിൽ എത്തില്ല ദ്വൈതഭാവം വന്നാൽ ദേവി,ഞാൻ എന്ന രണ്ടവസ്ഥാ വിശേഷം അവിടെ നിൽക്കും അവിടെ ഉപാസനയും നിൽക്കും രാവണന് സംഭവിച്ചതും ഇത് തന്നെ
സമനി
സ + മനി, സ എന്നാൽ അത് എന്നും ജീവൻ എന്നും അർത്ഥമുണ്ട്, മനി എന്നാൽ മനസ്സ് ,ഈ അവസ്ഥയിൽ സാധകൻ്റെ മനസ്സ് പൂർണ്ണമായും സ്വച്ഛന്തമാകും സംസാര ലോകം അവനു മായയാണെന്ന പൂർണ്ണ ബോധ്യം വരും , ഉദാ - ഒരു സിനിമ കാണുമ്പോൾ നായകൻ വില്ലനെ കൊല്ലുന്നു അധവാ വില്ലൻ നായകനെ കൊല്ലുന്നു നമ്മൾക്കു അറിയാം അതു യാഥാർത്ഥ്യമല്ല സിനിമയാണ് എന്ന് അതിനാൽ തന്നെ എന്തു സംഭവിച്ചാലും അതു സിനിമ മാത്രമാണ് എന്ന ഭാവത്തോടെ പൂർണ്ണ സാക്ഷീ ഭാവത്തിൽ കാണുന്ന അവസ്ഥ , സമിനി അവസ്ഥയിൽ എത്തിയ ഉപാസകന് ഈ സംസാര ലോകം ഒരു നാടകശാലയായി തോന്നും ചുറ്റുമുള്ളവർ അതിലേ കഥാപാത്രങ്ങളും അവരവരുടെ വേഷമാടി അവർ വേഷം അഴിച്ചുവയ്ക്കും ഈ സംസാരത്തിലേ ജനന- മരണ ചക്രവും ബന്ധങ്ങളും ഒരു പ്രകൃതിയുടെ പ്രതിഭാസം മാത്രമാണ് എന്ന ഉറച്ച ബോധ്യം.ആ അവസ്ഥയിൽ എത്തിയ വ്യക്തിക്കു ചുറ്റുപാടുകൾ ബാധകമല്ല, കാലം തന്ന ശരീരത്തിൻ്റെ കാലാവധി പൂർത്തിയാക്കുന്നതു വരെ ആ ശരീരത്തിൽ നിൽക്കുന്നു എന്നു മാത്രം ഈ അവസ്ഥയേ 'വിദേഹി അവസ്ഥ' എന്നും തന്ത്രത്തിൽ പറയും, മേധാ, മഹാ മേധാ ദീക്ഷ എല്ലാം ഈ അവസ്ഥയിലോട്ടു സാധകനെ നയിക്കും, പ്രൗഢാവസ്ഥയിൽ നിന്നു ഉപാസകൻ മുന്നോട്ടു പ്രയാണം ആരംഭിക്കുമ്പോൾ ഉപാസകൻ്റെ കുണ്ഡലിനി ക്രമേണ ആജ്ഞാ ചക്രത്തേ ഭേധിച്ചു ഊർദ്ധ്വ ഗമനത്തിലാകും ആ കുണ്ഡലിനി ക്രമേണ ബിന്ദു, അർദ്ധ ചന്ദ്രം, രോധിനി, നാദം, നാദാന്തം, ശക്തി, വ്യാപിക, സമന എന്ന സൂക്ഷ്മ ബിന്ദുക്കളെ സ്പർശിക്കും ഇതെല്ലാം ഓരോ ഉപ അവസ്ഥകളുമാണ് ,സമന എന്ന ബിന്ദുവിൽ കുണ്ഡലിനി എത്തുമ്പോഴാണു സമനി അവസ്ഥ.
സഗുണാവസ്ഥയുടെ അവസാനവും നിർഗുണാവസ്ഥയുടെ ആരംഭവും ആണ് ഈ അവസ്ഥ, ഇഷ്ട ദേവതയുടെ നിർഗുണാവസ്ഥ ഇവിടം മുതൽ ബോധ്യമാകും തന്ത്രത്തിൽ പരമാവിദ്യാ എന്നും വിളിക്കും
എതൊരു മഹാ വിദ്യയ്ക്കും നാല് അവസ്ഥയുണ്ടു പരാത്പര, അപര, പരാ, പരമാ അതിൽ പരമാവസ്ഥയാണ് സാധകൻ സമിനി അവസ്ഥയിൽ അറിയുന്നത്
ഉദാ - ശ്രീവിദ്യാ ഉപാസകനെങ്കിൽ പരാ ഷോഢശിയുടെ അവസ്ഥയാണ് സമിനി,
കാളി ഉപാസകനെങ്കിൽ നിർവ്വാണ ഗുഹ്യ കാളിയുടെ അവസ്ഥയാണ് സമിനി
ഈ അവസ്ഥയിൽ ഉപാസകൻ ബാഹ്യ പൂജ എല്ലാം വെടിഞ്ഞു സദാ തത്ത്വചിന്തനത്തിൽ മുഴുകും, അവിടെ ആനന്ദാവന്ഥ കൈവരിക്കും
ശ്രീരാമകൃഷ്ണ പരമഹംസർ ,വിവേകാനന്ദനാഥൻ തുടങ്ങിയവർ ഈ അവസ്ഥയിലായിരുന്നു
ഉന്മനി
ഉ +ന്മനി ഉ എന്ന പഥം കൊണ്ടു പൂർണ്ണം എന്ന അർത്ഥമെടുക്കാം 'ന്മനി' എന്നതു കൊണ്ടു മനസ്സ് എന്നു എടുക്കാം ഉന്മനി എന്ന പഥം കൊണ്ടു പരിപൂർണ്ണമായ സ്വച്ഛന്ത മനസ്സ് അധവാ പരമ ബോധം എന്നും മനസ്സിൻ്റെ പൂർണ്ണാവസ്ഥാ എന്നും പറയാം, അവനു ഇവിടെ ഈ സംസാര ലോകമേ ഇല്ല പൂർണ്ണമായും അന്തർമുഖനാകും അവധൂതാവസ്ഥാ എന്നും പറയാം ,അടുത്ത കാലത്തെടുത്താൽ മായിയമ്മ, വാമകേപ തുടങ്ങിയ സാധകർ ആ അവസ്ഥയിലായിരുന്നു കുണ്ഡലിനി ശക്തി സമന എന്ന ബിന്ദുവിൽ നിന്നു ഉന്മന എന്ന ബിന്ദുവിലേക്കു പ്രവേശിക്കുമ്പോൾ ഈ അവസ്ഥ ഉപാസകനു കൈവരിക്കും ബാഹ്യമായ ഒരു വ്യവഹാരവുമില്ല അവനില്ല ആ അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും ശരീരം അവനു ഉപേക്ഷിക്കാം ,തന്ത്രത്തിൽ മഹാ ശൂന്യാവസ്ഥയുടെ ആരംഭം കൂടിയാണ് ഈ അവസ്ഥ അവിടെ മന്ത്രവും, ധ്യാനവും, പൂജയും ഒന്നുമില്ല ശങ്കരവിരാജിത നിർവ്വാണാഷ്ടകം പഠിച്ചാൽ ഈ അവസ്ഥ വ്യക്തമാകും വാക്യതീതമാണ് ഈ അവസ്ഥ, അവിടെ ചിത് ആനന്ദാവന്ഥയാണ്
തദന്തം
ഒരു ഉപാസകൻ്റെ അവസാനാവസ്ഥ തദ് + അന്തം തദ് എന്നാൽ അത് ,അന്തം എന്നാൽ അവസാനം ,അത് അവസാനിക്കുന്നു.
എന്ത് അവസാനിക്കുന്നു ?
ജന്മ മരണചക്രം അവസാനിക്കുന്നു ഉപാസകൻ്റെ കുണ്ഡലിനി ഉന്മന എന്ന ബിന്ദുവിൽ നിന്നു മഹാ ബിന്ദുവിൽ എത്തുമ്പോൾ ഉപാസകൻ തദന്തം എന്ന അവസ്ഥ കൈവരിക്കും, പൂർണ്ണാ സമാധിയാണ് ഈ അവസ്ഥ ഈ അവസ്ഥയിൽ ഉപാസകൻ മഹാ ശൂന്യത്തിൽ ലയിച്ചു കഴിഞ്ഞു, സമനി അവസ്ഥയിൽ ആനന്തേത്തെയും, ഉന്മിനി അവസ്ഥയിൽ ചിതാനന്ദത്തേയും, തദന്തം അവസ്ഥയിൽ സദ് കൂടി അറിഞ്ഞു സദ് ചിതാനന്ദാവസ്ഥയും പ്രാപിച്ചു ,
ഈ അവസ്ഥ വ്യാഖ്യാനിക്കാനാകില്ല പരയ്ക്കപ്പുറം ഉള്ള മഹാ ശൂന്യവസ്ഥയേ വൈഖരിയിൽ ഇരുന്നു കൊണ്ടു വ്യാഖ്യാനിക്കാൻ സാധ്യമല്ല അതിനാൽ അതിനു മുതിരുന്നില്ല.
ജയ് മാ
കിരൺ
Comments
Post a Comment