മന്ത്രദീക്ഷാ


ശ്രീവിദ്യാ മന്ത്ര ദീക്ഷാ
ശ്രീവിദ്യാമന്ത്രത്തിൽ ദീക്ഷ നൽകുന്നതിന് ആദ്യപടിയായി ഗണപതിമന്ത്രദീക്ഷയും , അതിൽ സിദ്ധി വന്നാൽ തുടർന്ന് ശക്തി പഞ്ചാക്ഷരീ, ബാല, ശ്യാമ , വാരാഹി ,  എന്നീ മന്ത്രങ്ങളിലും മന്ത്രദീക്ഷ നൽകുന്നു . ഇവയൊക്കെ സിദ്ധിയായാൽ മാത്രമേ പഞ്ചദശാക്ഷരിയോ ഷോഡശിയോ നൽകുകയുള്ളൂ . 

 ഉത്തമനായ ഗുരുവിൽ നിന്നും യഥാവിധി മന്ത്രദീക്ഷ സ്വീകരിച്ച് പുരശ്ചരണാദികൾ ചെയ്തു മന്ത്രസിദ്ധി വരുത്തിയ ഉപാസകനു മാത്രം വിധിച്ചിട്ടുള്ളതാണ് ശ്രീചക്രപൂജ. 

കല്പസൂത്രത്തിൽ “ അഥാതോ ദീക്ഷാം വ്യാഖ്യാസ്യാമഃ " എന്ന പ്രഥമ സൂത്രം കൊണ്ടു തന്നെ ദീക്ഷയുടെ പ്രാധാന്യം എടുത്തു കാട്ടുന്നു . മന്ത്രോപാസനയ്ക്ക് ദീക്ഷമുഖ്യഘടകമാണ് എന്നത് ഈ പ്രഥമ സൂത്രം കൊണ്ടു സ്ഥാപിക്കുന്നു . 

അഥ എന്ന മംഗളവാചകം തന്നെ ശാസ്ത്രോക്തമായ സകല ഗുണങ്ങളും തികഞ്ഞ ഒരു സാധകൻ മാത്രമേ ദീക്ഷയ്ക്കർഹനാകുകയുള്ള എന്നും ഇവിടെ ജാതിയോ സാമ്പത്തിക ഉച്ചനീചത്വമോ വർണ്ണമോ ഒന്നും ഉപാധിയല്ല എന്നും സൂചിപ്പിക്കുന്നു . ധനം പ്രാണൻ എന്നിവ സന്തോഷത്തോടെ ഗുരുവിനു സമർപ്പിച്ച് ഗുരുവിനെ സേവിക്കുന്നവനാണ് യഥാർത്ഥ ശിഷ്യൻ 

അപ്രകാരമുള്ള ശിഷ്യനെ നിരീക്ഷണ പരീക്ഷണങ്ങളാൽ അർഹത ഉറപ്പിച്ച ശേഷമേ ഗുരു ശിഷ്യനു ദീക്ഷ നൽകാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ

"ശരീരമർത്ഥം പ്രാണഞ്ച സദ്ഗുരുഭ്യോനിവേദ്യ യ:
ഗുരുഭ്യ ശിഷ്യാതോയോഗം 
ശിഷ്യ ഇത്യഭിധീയതേ"
 
 അത്ര ദൃഢവും പാവനവുമാണ് ദീക്ഷ . മഹത്വപൂർണ്ണമായ ഗുരുശിഷ്യബന്ധമാണ് ദീക്ഷയിൽ കൂടി സ്ഥാപിക്കപ്പെടുന്നത് ഇതുതന്നെയാണ് അതിരഹസ്യവും പാവനവും ആർക്കും യഥേഷ്ടം കടന്ന് ചെല്ലാൻ സാധ്യമല്ലാത്തതുമായ തന്ത്രിക സമ്പ്രദായത്തിന്റെ ആധാരശില.

വേദപഠനം ആർക്കുമാകാം . അതു വേദങ്ങൾ തന്നെ സമ്മതിച്ചിട്ടുള്ളതുമാണ് . എന്നാൽ താന്ത്രികമായ രഹസ്യവിധാന ങ്ങൾ സ്വപുത്രനോ ഉത്തമനായ ശിഷ്യനോ മാത്രമേ കൈമാറാൻ അനുവദിച്ചിട്ടുള്ളൂ . ഇത് പാരമ്പര്യമായി കൈമാറ്റപ്പെടുന്നതാണ് . പരസ്യമാക്കാനുള്ളതോ ആർക്കും യഥേഷ്ടം കടന്ന് ചെല്ലാനോ ഉള്ളതായ തുറന്ന മാർഗ്ഗമോ അല്ല . അർഹതയാണ് മാനദന്ധം വ്യക്തിബന്ധങ്ങളല്ല . സ്നേഹം കൊണ്ടോ സാമ്പത്തിക നേട്ടം കണക്കിലെടുത്തോ , നിർബന്ധത്തിനു വഴങ്ങിയോ കുടുംബ മഹിമ നോക്കിയോ , അയാളുടെ ആത്മീയസ്ഥിതി , യോഗ്യത എന്നിവ നോക്കാതെ , പരീക്ഷിക്കാതെ മന്ത്രദീക്ഷനൽകരുതെ ന്നാണ് കർശനമായി വിലക്കിയിട്ടുള്ളത് . അപ്രകാരം ചെയ്താൽ ഗുരുവിന്റെയും ശിഷ്യന്റേയും മന്ത്രശക്തി പാറപ്പുറത്തുവിതറിയ വിത്തുപോലെ നശിച്ചു പോകുന്നതുമാത്രമല്ല ദേവതാശാപത്തി നും ഇത് ഇടയാക്കും .  

"അസംസ്കൃതോപദേശശ്ച 
യ: കരോതി സ പാതക 
വിനശ്യന്തി തന്മന്ത്രം 
സൈകത ശാലിബീജവത്"  

യാതൊരു പരീക്ഷണ നിരീക്ഷണങ്ങളും കൂടാതെ ആളുകള പിടിച്ചിരുത്തി യഥേഷ്ടം മന്ത്രദീക്ഷ നൽകുന്ന അഭിനവ ഗുരുക്കന്മാർ സ്വയം നശിക്കുന്നതു കൂടാതെ 
തന്നെ വിശ്വസിച്ച് വരുന്നവരേയും നശിപ്പിക്കുന്നു . മന്ത്രകോഷ്ട ചിന്ത കൂടാതെ നൽകപ്പെടുന്ന മന്ത്രങ്ങൾ അതു ജപിക്കുന്നവനെ നശിപ്പിക്കുന്നു . അനേക ജന്മം ജപിച്ചാൽ കൂടി മന്ത്രസിദ്ധി കൈവരുകയുമില്ല .    

മനുഷ്യരൂപം പൂണ്ട് ശ്രീപരമേശ്വരൻ തന്നെയാണ് ഗുരുവായി പ്രകടമാകുന്നത് . അതിനാൽ ഗുരുവിനെ വെറും ഒരു മനുഷ്യനായി കാണരുത് . ദേവബിംബങ്ങളെ ശിലാബുദ്ധിയോടെ കാണുന്നതു പോലെ പാപമാണ് . ഗുരുവിനെ വെറും ഒരു മനുഷ്യനായി ചിന്തിക്കുന്നത് . 

ഗുരൌ മനുഷ്യബുദ്ധിംശ്ച മന്ത്രേചാക്ഷരബുദ്ധി കം 
പ്രതിമാസശിലാ ബുദ്ധിം , 
കൂർവാണോ നരകം വ്രജേത്" 

 ഗുരു താൻ ആർജിച്ചതായ ജ്ഞാനം, തപശക്തി ,സിദ്ധി, വിശേഷങ്ങൾ എന്നിവ ഉത്തമനായ ശിഷ്യനിൽ നിന്നും ഒരിക്കലും മറച്ചുവയ്ക്കരുത് . അവ പൂർണ്ണമായും ശിഷ്യനു നൽകണം നിരീക്ഷണ പരീക്ഷണങ്ങളിൽ കൂടി ഉത്തമ ശിഷ്യനാണെന്നു ബോദ്ധ്യമായാൽ ഗുരു താൻ നേടിയ സർവ്വതും ശിഷ്യനിലേക്ക് സന്നിവേശിപ്പിക്കണം . അതിൽ യാതൊരു കുറവു വരുത്താനും പാടില്ല . അതോടെ ഗുരു മുക്തനാകുന്നു . മന്ത്രസിദ്ധിയിൽ കൂടി മുക്തിനേടണമെങ്കിൽ അതിനു ഉത്തമനായ ഗുരുവിൽ നിന്നും ദീക്ഷ സ്വീകരിച്ച് മന്ത്രപുരശ്ചരണം ചെയ്തു  മന്ത്രസിദ്ധി വരുത്തണം . അല്ലാതെ ആരിൽ നിന്നെങ്കിലും മന്ത്രം കേട്ടതുകൊണ്ടോ പുസ്തകത്തിലും പത്രമാസികകളിലും അടിച്ചു വരുന്ന വികലമായ മന്ത്രങ്ങൾ നോക്കി ഉരുവിട്ടതുകൊണ്ടോ യാതൊരുപ്രയോജനവും സിദ്ധിക്കില്ല എന്നു മാത്രമല്ല ആ മന്ത്രം സാധകനെ ബുദ്ധിഭ്രമത്തിനോ മരണത്തിലേയ്ക്കോ തന്നെ നയിക്കും.
  
"പുസ്തക ലിഖിതാൻ മന്ത്രാൻ 
വിലോക്യ പ്രപജന്തിയേ 
ബ്രഹ്മഹത്യാസമം തേഷാം 
പാതകം വ്യാധി ദുഃഖദം"
 
ഉത്തമനായ സാധകൻ ദീക്ഷക്ക് അർഹനാകണമെങ്കിൽ ഏതെല്ലാം കടമ്പകൾ കടന്നിരിക്കണമെന്നും , ആയതിലേക്ക് സൂചകൻ,പ്രേ രകൻ, വാചകൻ ,ദർശകൻ, ശിക്ഷകൻ, ബോധകൻ ,എന്നീ നിലകളിലുള്ള ഗുരുക്കന്മാരുടെ ധർമ്മം എന്താണെന്നും ദീക്ഷ നേടാൻ യോഗ്യത നേടുന്നതിനു മുൻപായി ഉത്തമനായ സാധകൻ നിത്യജീവിതത്തിൽ കർശനമായി അനുഷ്ടിക്കേണ്ടവ എന്താണെന്നുമുള്ള കാര്യങ്ങൾ , മനസ്സിനേയും , ശരീരത്തേയും ദീക്ഷ എന്ന ഉത്തമകൃത്യത്തിനായി പാകപ്പെടുത്തേണ്ടതായ ആവശ്യകത , ഗുരുശിഷ്യബന്ധം , തുടർന്നു പാലിക്കേണ്ടതായ ഉപാസനാപരമായും , നിത്യജീവിതത്തിലും അനുഷ്ഠിക്കേണ്ടവ തുടങ്ങിയ അനേകം ബൃഹത്തായ വിഷയങ്ങളെ ക്രോഡീകരിച്ചു കൊണ്ട് ഒറ്റവാക്കിൽ സൂചിപ്പിക്കുന്നതാണ് " ദീക്ഷ ' എന്ന പദം . മുക്തിദായകമാണ് ദീക്ഷ.

"ദിവ്യഭാവപദാനശ്ച 
ക്ഷാലനാത് കല്മഷസ്യ ച
 ദീക്ഷേതി കഥിതാ സദ്ഭിർ 
ഭവബന്ധ വിമോചനാത്"

 ശാശ്വതമായ മുക്തിനേടുകയോ , ധനം പ്രശസ്തി എന്നിവയ്ക്കു വേണ്ടിയോ ദീക്ഷ പ്രയോജനപ്പെടുത്താം . അത് വ്യക്തിക്കനുസരണമായിരിക്കും . ഭക്തിയും മുക്തിയും ഒരു പോലെ പ്രദാനം ചെയ്യുന്നു . അതിൽ ഏതിനാണ് പ്രാധാന്യം നൽകേണ്ടത് എന്നു നിശ്ചയിക്കാനുള്ള അധികാരം ഉപാസകനിൽ നിക്ഷിപ്തമാണ് . ധനത്തിനും പ്രശസ്തിക്കും വേണ്ടി തന്റെ ഉപാസനാ ബലം ഉപയോഗിച്ചാൻ മുക്തി അകലെയായിരിക്കുമെന്ന് മാത്രം

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം