കാശ്മീര ശൈവം
കാശ്മീര ശൈവം
Dr R Ramanand
പ്രപഞ്ചത്തിന്റെ കാരണമെന്ത് ? എന്നന്വേഷിക്കാത്ത മതമോ, തത്വചിന്തയോ ശാസ്ത്രമോ നമ്മുക്ക് പരിചയമുണ്ടോ? അത്യന്താധുനികതയുടെ പരമകോടിയിൽ വിരാജിക്കുന്ന ശാസ്ത്രത്തിന് അതിനു ഉത്തരം ഇതുവരെയില്ല മഹാസ്ഫോടന സിദ്ധാന്തവും, പ്രപഞ്ചവികസന സിദ്ധാന്തവും ഇതിനു മുൻപോ ശേഷമോ ഉണ്ടായിട്ടുള്ള നിരവധി പ്രപഞ്ചാരംഭ സിദ്ധാന്തങ്ങളോ കൃത്യമായ ഒരു ഉത്തരം നൽകി കാണുന്നില്ല, എന്നാൽ നാളെ നൽകിക്കൂടാ എന്നില്ല, കാരണം നിരന്തര പരിണാമ ത്വരയുള്ളതാണ് ശാസ്ത്രം. കണികാ ഭൗതികവും, ക്വാണ്ടം ഭൗതികവും തുടങ്ങിയ ആധുനിക ഭൗതികശാസ്ത്രം സഞ്ചരിക്കുന്ന പാത ആശാവഹമായ ഒരു ദിശയിലാണു സഞ്ചരിക്കുന്നത്. ശാസ്ത്രത്തിന്റെ കാര്യം മാറ്റിവെച്ചാൽ. പ്രപഞ്ചത്തിനു ആധാരമെന്തു എന്ന ചോദ്യത്തിന് നിയതമായ ഉത്തരം ഉള്ള രണ്ടു വിഭാഗങ്ങളെ കാണാം ഒന്നാമത്തത് തീർച്ചയായും മതം ആണ് രണ്ടാമത്തേത് ദർശനം ആണ്. മതത്തിന് ഈ ചോദ്യത്തിന് കൊടുക്കാവുന്ന പരമാവധി ഉത്തരം ‘ദൈവം’ എന്നതാണ്. അവിടെ എല്ലാ ചോദ്യങ്ങളും അന്വേഷണങ്ങളും വഴിമുട്ടി അവസാനിക്കുന്നു.
എന്നാൽ പ്രപഞ്ചത്തിനു കാരണമെന്ത് എന്ന ചോദ്യത്തിന് ദർശനങ്ങൾ കൊടുക്കുന്ന ഉത്തരങ്ങൾ നിരവധിയാണ്. ഓരോ ദർശനവും അതിന്റെ നിരന്തര അന്വേഷണത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ജ്ഞാനതന്ത്ര (Epistemology) വ്യവസ്ഥയിൽ നിന്ന് കൊണ്ട് വിവിധ ഉത്തരങ്ങൾ നൽകുന്നു. ഇതിൽ മൂലവസ്തുവിന്റെ പരിണാമമാണ് പ്രപഞ്ചത്തിനു കാരണമെന്നു തന്ത്ര ദർശനവും , സാംഖ്യ, യോഗ ദർശന പദ്ധതിയും , മൂലവസ്തുവിന്റെ വിവർത്തമാണ് കാരണമെനന്ന് അദ്വൈത വേദാന്തവും , മുലവസ്തുവിൽ നിന്നുള്ള ആരംഭമെന്നു ശ്രമണ പാരമ്പര്യത്തിലെ ആജീവിക, ജൈന ദർശന പദ്ധതികളും പറയുന്നു. ഇവരിൽ മൂലവസ്തു എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം അത്ഭുതപെടുത്തുന്ന വിധത്തിൽ സമാനമാണ്. ബോധം ആണ് മൂലവസ്തു എന്നാണ് മേൽപ്പറഞ്ഞ മൂന്ന് ധാരയിലുംപെട്ട ദർശനങ്ങളുടെയും ഉത്തരം. ഇന്ന് ബോധം എന്ന പ്രഹേളികയെ കുറിച്ച് മനഃശാസ്ത്രജ്ഞരെക്കാൾ കൂടുതൽ ഭൗതിക ശാസ്ത്രജ്ഞർ വാചാലരാവുന്നതു കേൾക്കുമ്പോൾ മേൽസൂചിപ്പിച്ച ആശാവഹമായ ഒരു ഗതി ഭൗതിക ശാസ്ത്രത്തിന് കൈവന്നിരിക്കുന്നു എന്ന് കാണാം.
ബോധത്തിന്റെ സ്വരൂപം എന്ത് എന്ന ചോദ്യത്തിന് ചൈതന്യമാണ് (ചിദിന്റെ ഭാവമാണ് ചൈതന്യം ) സ്വരൂപം എന്നും ആ ചൈതന്യം ആത്മാവാണ് എന്നും ആത്മാവ് ശിവൻ തന്നെയാണ് എന്നും ഉത്തരം നൽകുന്ന ദർശന പദ്ധതിയാണ് കാശ്മീര ശൈവ ദർശന പദ്ധതി. ശുദ്ധബോധമായ ശിവൻ ശക്തിയാകുന്ന തന്റെ പ്രകടനത്തിലൂടെ ക്ഷിതിവരെയുള്ള തത്വങ്ങളായി മാറുന്ന രഹസ്യമാണ് കാശ്മീരശൈവത്തിന്റെ പദ്ധതിയിലുള്ളത്. ശിവ-ശക്തിമയമായ പ്രപഞ്ചത്തിന്റെ ആരംഭവും വികാസവും അതിന്റെ ഘടനയും 36 തത്വങ്ങളിലൂടെ ചിന്തിക്കുക്കയാണ് കാശ്മീര ശൈവം ചെയുന്നത്. ശരിയായ അർത്ഥത്തിൽ 'തത്വ'ചിന്ത'
ശിവൻ എന്നും ശൈവം എന്നും കേൾക്കുമ്പോൾ ഒരു മത സംവിധാനമായാണ് ആ പേര് നമ്മുക്ക് അനുഭവപ്പെടുന്നത്. എന്നാൽ കേവലം മതാത്മകവും വിശ്വാസനിഷ്ഠവുമായ ഒരു പാതയിലൂടെ നമ്മെ നയിക്കുകയല്ല കാശ്മീര ശൈവത്തിന്റെ രീതി. മറിച്ച് സാംഖ്യം തുടങ്ങിയ ജ്ഞാനതന്ത്രങ്ങളുടെതു പോലെ കൃത്യമായ ഒരു തത്വചിന്താ പദ്ധതിയിലൂടെ നമ്മെ വളർത്തി എടുക്കുകയാണ് ഇവിടെ. എന്നാൽ സാംഖ്യ ദർശനത്തിൽ കാണുന്നതു പോലെ ബൗദ്ധികപരമായി മാത്രമല്ല കാശ്മീര ശൈവ പദ്ധതി ഇത് നിർവഹിക്കുന്നത്. തത്വചിന്തയെ ക്രിയാപരമായി കണ്ടു കൊണ്ടുള്ള സാധനാ രീതികളെ കൂടെ ഉൾകൊള്ളിച്ചുകൊണ്ട് , ശിവം എന്ന ശുദ്ധബോധം ഞാൻ തന്നെയാണ് എന്ന അനുഭൂതി ഉള്ളിൽ നിറയ്ക്കാനുള്ള ശാസ്ത്രപദ്ധതിയാണ് ശൈവം നമ്മുടെ മുന്നിൽ തുറന്നു വെക്കുന്നത്. ഭാരതത്തിൽ നടപ്പിൽ വരുത്താൻ പറ്റാത്ത തത്വചിന്തയില്ല എന്ന് പറയാറുണ്ട്, തത്വചിന്തയെ ക്രിയാപരമാക്കുമ്പോൾ അത് സ്വാഭാവികമായും അനുഷ്ഠാനങ്ങളും, ആചാരങ്ങളും എന്ന രൂപഘടന സ്വീകരിക്കും. ഈ സ്വഭാവം ഇവിടെ നിലനിൽക്കുന്ന എല്ലാ തത്വചിന്തകൾക്കും ഉണ്ട് ആയതിനാൽ അവയെ മതം എന്ന് കരുതിപ്പോരുന്നു. ആ അർത്ഥത്തിൽ കാശ്മീര ശൈവ ചിന്തയെ ഒരു ശൈവമതമായി കണക്കാക്കാം എന്ന് മാത്രം.
ഈ അർത്ഥത്തിൽ പറയുമ്പോൾ കേവലതത്വചിന്തയിൽ നിന്നുപരിയായ പ്രായോഗികത കാശ്മീര ശൈവത്തിൽ കാണുന്നു അതിനാൽ അവയെ തന്ത്രം എന്ന് വിളിക്കുന്നു ഒരു പക്ഷെ ഇന്ന് ഭൂമുഖത്തുണ്ടായി വന്നിട്ടുള്ള എല്ലാ തന്ത്രപദ്ധതിയുടെയും ഹൃദയം കാശ്മീര ശൈവ ദർശനമാണ് എന്ന് അതിനെ അടുത്തിടെ പഴകുന്ന ആർക്കും മനസിലാവും. തന്ത്രങ്ങളുടെ ആരംഭത്തെ കുറിച്ച് ശൈവചിന്തയ്ക്കു ദിവ്യമായ ഒരു ഉദ്‌ഭവ കഥയും തുടർന്ന് ഋഷിമാരിലേക്കും മനുഷ്യരിലേക്കും അത് ഒഴുകിയത് എങ്ങനെയെന്നും പറയുന്ന രീതിയാണ് ഉള്ളത്. ഒരു പക്ഷെ ശൈവ ചിന്തകരിൽ വളരെ പ്രസിദ്ധനായ അഭിവഗുപ്തചാര്യന്റെ ഗുരുപരമ്പര പോലും തിരഞ്ഞു പോകുമ്പോൾ ഒടുവിൽ ശിവനിൽ എത്തി ചേരുന്ന ഒരു രീതി ശൈവത്തിൽ കാണുന്നു. ഇത് വൈദേശികമായ യുക്തിചിന്തയ്ക്കു ദഹിക്കാത്തതും എന്നാൽ ഭാരതത്തിൽ അറിവ് ഈശ്വരനിൽ നിന്നാണ് പ്രവഹിക്കുന്നത് എന്ന അടിസ്ഥാനധാരണയുള്ള ഏതൊരാൾക്കും പൂർണമായും സ്വീകാര്യവുമായ ഒരു ഉദ്ഭവ ചരിത്രമാണ്.
തന്ത്രങ്ങളുടെ ഉദ്ഭവം
പ്രപഞ്ചാരംഭത്തിൽ ശിവൻ ചിദ്ശക്തി, ആനന്ദശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാ ശക്തി എന്നീ തലകളും അവയിൽ ഈശാനൻ, തത്പുരുഷൻ, അഘോര, വാമദേവ, സദ്യോജാതൻ എന്നീ മുഖങ്ങളും ആയി അവതരിച്ചു സൃഷ്ടി സ്ഥിതി സംഹാരം തിരോഭാവം അനുഗ്രഹം എന്നീ അഞ്ചു കൃത്യങ്ങളെയായാണ് ഈ തലകളും മുഖങ്ങളും പ്രതിനിധീകരിക്കുന്നത്.
ശിവന്റെ ഈ ഭാവം സ്വച്ഛന്ദഭൈരവൻ എന്ന പേരിൽ അറിയപ്പെടുന്നു. പ്രപഞ്ചമാകുന്ന സത്യത്തെ ശോഭനമാക്കാൻ ഭൈരവന്റെ ഓരോ മുഖത്തും നിന്നും ഓരോ തന്ത്രങ്ങൾ ഉത്ഭവിച്ചു. പിന്നീട് രണ്ടു രണ്ടു മുഖങ്ങളിൽ നിന്ന് ഒരൊ തന്ത്രങ്ങൾ വീതം പുറത്തു വന്നു. പിന്നീട് മൂന്ന് മുഖങ്ങൾ ചേർന്ന് ഓരോ തന്ത്രങ്ങൾ, തുടർന്ന് നാല് മുഖങ്ങൾ ഒടുവിൽ അഞ്ചു മുഖവും ചേർന്ന് പുറത്തു വന്ന എല്ലാ തന്ത്രങ്ങളും ചേർന്നാണ് ശൈവത്തിലെ മുഴുവൻ തന്ത്രങ്ങളും ഉണ്ടാകുന്നത്. തന്ത്രങ്ങൾ പൊതുവിൽ മൂന്ന് സ്വഭാവങ്ങളോട് കൂടിയതാണ്, ദ്വൈത ചിന്തയുള്ള ഭേദ തന്ത്രങ്ങളായ ശിവ തന്ത്രങ്ങൾ, ദ്വൈതാദ്വൈത സ്വഭാവമുള്ള ഭേദാഭേദ രുദ്ര തന്ത്രങ്ങൾ അദ്വൈത ഭാവനയുള്ള അഭേദ ഭൈരവ തന്ത്രങ്ങൾ.
സ്വച്ഛന്ദനാഥനിൽ നിന്ന് ഒഴുകിയ തന്ത്രധാര കലിയുഗത്തിൽ ശ്രീകണ്ഠനാഥനിലൂടെ ദുർവ്വാസാ മഹർഷിയിലേക്കു പ്രവഹിച്ചു. ജാതി, മത, വർഗ്ഗ, ലിംഗ, ഭേദമില്ലാതെ ഭൈരവ തന്ത്രം എല്ലാവരിലേക്കും പകർന്നു കൊടുക്കുക എന്നതായിരുന്നു ദുർവ്വാസാവിനു ലഭിച്ച നിർദേശം. ക്രോധഭട്ടാരകൻ എന്ന പേരിൽ പ്രസിദ്ധനായ വളരെ ഉയർന്ന യൗഗിക നിലയിൽ ഉള്ള മഹാസിദ്ധനാണ് ദുർവ്വാസാവ്. എന്നാൽ തനിക്കു ലഭിച്ച മഹാജ്ഞാനം പകർന്നു കൊടുക്കാൻ യോഗ്യതയുള്ള ആരെയും ഊർധ്വരേതാവസ്ഥയിലുള്ള3 ഋഷിക്ക് കണ്ടെത്താനായില്ല. ഉടനെ അദ്ദേഹം യോഗ സിദ്ധി കൊണ്ട് ഒരു മാനസ പുത്രനെ സൃഷ്ടിച്ചു.
ത്രയംബകനാഥൻ എന്ന ഈ മകന് അഭേദ ഭൈരവ തന്ത്രങ്ങൾ പഠിപ്പിച്ചു കൊടുത്ത അദ്ദേഹം. ആമർദ്ദകനാഥൻ, ശ്രീനാഥൻ എന്നീ രണ്ടു മക്കളെ കൂടെ സൃഷ്ടിച്ച് ഭേദാഭേദ തന്ത്രങ്ങളായ രുദ്ര തന്ത്രങ്ങളും ഭേദ തന്ത്രങ്ങളായ ശിവതന്ത്രങ്ങളും ഉപദേശിച്ചു. തുടർന്ന് അർദ്ധത്രയംബക എന്ന ഒരു മകളെ സൃഷ്ടിച്ചു അവളെ ഭൈരവതന്ത്രങ്ങളിൽ ദീക്ഷിതയാക്കി. അർദ്ധത്രയംബകാ സമ്പ്രദായം എന്ന പേരിൽ പ്രസിദ്ധമായ ഈ മാർഗത്തിൽ സ്ത്രീകൾ സ്ത്രീകളെ മാത്രം ഉപദേശിച്ചു വന്നിരുന്ന ഒരു രീതിയാണ് തുടർന്നത്. ഇന്ന് ആ സമ്പ്രദായം നിലനിൽക്കുന്നില്ല എങ്കിലും ഗുപ്തയോഗിനികൾ ഈ സമ്പ്രദായത്തെ രഹസ്യമായി നിലനിർത്തുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
ത്രയംബകനാഥൻ തന്ത്രവിദ്യ ഉപദേശിക്കാനായി ദുർവ്വാസാ മഹർഷി ചെയ്തതുപോലെ ത്രയംബകാദിത്യൻ എന്ന മാനസപുത്രനു ജന്മം നൽകി. ഈപ്രകാരത്തിൽ പതിനഞ്ചു സിദ്ധന്മാർ ജനിച്ചു . പതിനഞ്ചാമൻ യോഗശക്തി കുറഞ്ഞു പോയതിനാൽ മാനസപുത്രനെ ഉല്പാദിപ്പിയ്ക്കാൻ പരാജയപെട്ടു പോയതിനാൽ അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്തി സംഗമാദിത്യൻ എന്ന പുത്രന് ജന്മം നൽകി. സംഗമാദിത്യൻ വർഷാദിത്യനും, വർഷാദിത്യൻ അരുണാദിത്യനും, അരുണാദിത്യൻ ആനന്ദനും, ആനന്ദൻ സോമാനന്ദനും ജന്മം നൽകി. സോമാനന്ദനു ശേഷം പൈതൃകമായി തുടർന്ന വിദ്യ പൂർണമായും ഗുരു-ശിഷ്യ പരമ്പരയിലേക്കു മാറി. സോമാനന്ദന്റെ ശിഷ്യനായ ഉത്പലനും പിന്നീട് വന്ന ലക്ഷ്മണഗുപ്തനും, കാശ്മീര ശൈവ പരമ്പരയിലെ ഏറ്റവും ഉയർന്ന ശിരസ്സായ അഭിനവഗുപ്തനും എല്ലാം ഈ ഗുരുപരമ്പരയിലെ തെളിമയാർന്ന കണ്ണികളാണ്. എത്ര മഹത്തരമായ വിധത്തിലാണ് ഗുരുപരമ്പരയിലെ ഈ കണ്ണികളെ ഇഴ ചേർത്തിരിക്കുന്നത് എന്ന് കാണുമ്പോൾ തന്ത്ര മാർഗ്ഗത്തിന്റെ മഹത്വം അറിയാനാകും.
ശൈവ തന്ത്രങ്ങളുടെ മേൽപ്പറഞ്ഞ ഉദ്ഭവത്തെയും ഒഴുക്കിനെയും മാറ്റിവെച്ചു അവയുടെ ഘടനയെ ചിന്തിച്ചാൽ അവയെ വളരെ വിശദമായി പഠിച്ച അലക്സിസ് സാന്ഡേഴ്സൺ, കാശ്മീരശൈവത്തിനു നൽകുന്ന ഉയർന്ന സ്ഥാനം ഇത്തരുണത്തിൽ സമരണീയമാണ്. ശൈവ തന്ത്രങ്ങളുടെ വിശാലമായ ഭൂമികയിൽ കാശ്മീര ശൈവം എവിടെ വരുന്നു എന്ന് നോക്കാം.
ശൈവ തന്ത്രങ്ങളുടെ ഘടന
ശിവശാസനകകൾ രണ്ടായി പിരിഞ്ഞുഎന്നാണ് പറയുക. തനി ശിവ സംബന്ധിയായ അതിമാർഗ്ഗം ആണ് ഒന്നാമത്തെ പിരിവ്, ഒട്ടും ശക്തിക്കു പ്രാധാന്യം കൊടുക്കാത്ത സമ്പ്രദായമാണ് അതിമാർഗ്ഗം. ശൈവ സന്യാസ മാർഗ്ഗമാണിത്, പാശുപതം, ലാകുലം അഥവാ കാപാലികം അഥവാ മഹാപാശുപതം, മൗസലം, കാളമുഖം, കരൂരകം, വൈമലം തുടങ്ങിയ മാർഗ്ഗങ്ങൾ അതിമാർഗ്ഗമാണ്. പാശുപതസൂത്രങ്ങൾ, നിശ്വാസതത്വസംഹിത തുടങ്ങിയ ഗ്രന്ഥങ്ങൾ അതിമാർഗ്ഗ സംബന്ധിയാണ്. ഒരു ബ്രാഹ്മണന്റെ മൃത ശരീരത്തിൽ ശിവൻ അവേശിച്ച് ലകുലീശൻ എന്ന പേര് സ്വീകരിച്ചു കൊണ്ട് അതിമാർഗ്ഗത്തെ രക്ഷിച്ചു പോരുന്നു എന്ന വിശ്വാസം അതിമാർഗ്ഗികൾക്കുണ്ട്. ഒരു കാലത്ത് വളരെ പ്രചാരം നേടിയ ഈ സമ്പ്രദായങ്ങൾ കാലക്രമേണ ശോഷിച്ചു പോയതായി കാണുന്നു.
ശൈവശാസനകളുടെ രണ്ടാമത്തെ പിരിവു മന്ത്രമാർഗ്ഗം ആണ് ശിവനും ശക്തിക്കും പ്രാധാന്യം കൊടുത്തിട്ടുള്ള രീതിയാണ് മന്ത്രമാർഗ്ഗം. ശക്തിയിൽ നിന്ന് ഭിന്നനായി നിൽക്കുന്ന രുദ്രനാണു അതിമാർഗ്ഗികൾക്ക് എങ്കിൽ ശക്തിയോടു ചേർന്ന ഭൈരവൻ ആണ് മന്ത്രമാർഗ്ഗികളുടെ സമ്പ്രദായത്തിൽ കാണുന്നത്. മുന്നേ സൂചിപ്പിച്ച ഭേദ തന്ത്രങ്ങൾ ഭേദാഭേദ തന്ത്രങ്ങൾ എന്നിവ ചേർന്ന ശൈവസിദ്ധാന്തം. അഭേദ തന്ത്രങ്ങൾ ഉൾപ്പെട്ട ഭൈരവ തന്ത്രങ്ങൾ എന്നീ രണ്ടു പിരിവുകൾ മന്ത്രമാർഗ്ഗത്തിന് ഉണ്ട്. ഇവയിൽ മുൻപേ സൂചിപ്പിച്ച അമൃതേശ്വര ഭൈരവന് പ്രാധാന്യമുള്ള അമൃതേശ്വരം, സ്വച്ഛന്ദഭൈരവന് പ്രാധാന്യമുള്ള മന്ത്രപീഠം, ശക്തിക്കു പ്രാധാന്യമുള്ള വിദ്യാപീഠം എന്നീ പിരിവുകൾ നിലനിൽക്കുന്നു. വിദ്യാപീഠം വീണ്ടും മൂന്നായി പിരിയുന്നു, യാമള തന്ത്രങ്ങൾ, ശക്തി തന്ത്രങ്ങൾ, വാമ തന്ത്രങ്ങൾ എന്നിവയാണ് അവ. ഇവയിൽ ശക്തിതന്ത്രങ്ങൾ വളരെ പ്രസിദ്ധമായ കൗളത്രികമെന്നും കാളിതന്ത്രം അഥവാ കാളികുലം എന്നീ രണ്ടു പിരിവുകൾ സ്വീകരിക്കുന്നു. കാളികുലം വളരെ അധികം വികസിച്ച സമ്പ്രദായമാണ് കാലസംകർഷിണിവിധാനം തുടങ്ങിയ മഹാവിദ്യകളിലേക്ക് വികസിച്ചത് കാളികുല സമ്പ്രദായമാണ്. കൗളത്രികം കുലേശ്വരനും കുലേശ്വരിക്കും പ്രാധാന്യമുള്ളള്ള പൂർവ്വാമനായം, ശ്രീവിദ്യ അഥവാ ത്രൈപുര സംബന്ധിയായ ദക്ഷിണാമ്നായം, കുബജികാമതം അഥവാ കൗബ്ജികം എന്ന പേരിൽ പ്രസിദ്ധമായ പശ്ചിമാമ്നായം, ഉത്തരാമനായം എന്നീ പിരിവുകൾ സ്വീകരിക്കുന്നു. ഉത്തരമാനായം അതിമാർഗ്ഗത്തിലെ ലാകുല സംബ്രദായത്തിനോട് ചേർന്ന് നിൽക്കുന്ന മാതാക്രമം, ഗുഹ്യകാളി ക്രമം, മുന്നേ സൂചിപ്പിച്ച കാളികുലത്തിനോട് ചേർന്ന് പോകുന്ന ക്രമ സമ്പ്രദായം എന്നീ പിരിവുകളോട് കൂടെ നിലനിൽക്കുന്നു.
ഇത്തരുണത്തിൽ അതി വിശാലമായ ഒരു ഘടനയാണ് ശൈവ തന്ത്രങ്ങൾക്കു കണ്ടു വരുന്നത്. പലവഴിയായി പിരിഞ്ഞ ശൈവ തന്ത്രങ്ങൾക്കു എല്ലാം സ്വതന്ത്രമായ നിലനിൽപ്പ് ഉണ്ടെങ്കിലും അവയെല്ലാം എങ്ങനെയാണു പരസ്പരം ബന്ധപെട്ടു നിൽക്കുന്നത് എന്ന് കാണാനാണ് ഇവിടെ ശ്രമിച്ചത്.
ശൈവ തന്ത്രങ്ങളിൽ ശിവൻ ശക്തി നര അഥവാ പതി പാശം പശു അഥവാ പര പരാത്പര അപര തുടങ്ങിയ ശിവനും ശക്തിയും പ്രപഞ്ചവുമായുള്ള മുക്കൂട്ടു ബന്ധത്തെ പരാമർശിക്കുന്ന ദർശനമാണ് ത്രിക ദർശനം കാശ്മീര ശൈവം എന്ന് പുകൾപെട്ട ദർശനവും ഇത് തന്നെയാണ്. പതിയായി ഇരിക്കുന്ന ശിവൻ പാശമാകുന്ന ശക്തിയാൽ പുരുഷനാകുന്ന പശുവിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ശൈവം ചർച്ച ചെയ്യുന്നു. ശക്തൻ ആയ ശിവനും ശക്തിയായ പാശവും ഇതിനാൽ ബന്ധിക്കപ്പെട്ട പശുവായ പുരുഷനും ആണ് ശൈവ ചിന്തയുടെ പ്രധാന ആണികല്ല്. ശക്തിയെ കയ്യാളിയാൽ ശക്തനായി അഥവാ ശിവനായി എന്ന് ബോധ്യപെടുത്തുമ്പോൾ തത്വചിന്താപരമായ കർത്തവ്യം ത്രിക ദർശനം നിർവഹിച്ചു കഴിഞ്ഞിരിക്കുന്നു എന്നാൽ ക്രിയാപരമായി അത് നിർവഹിക്കേണ്ടി വരുമ്പോൾ ക്രിയാപരമായ ക്രമ സമ്പ്രദായത്തിലൂടെ അത് നിർവഹിക്കുകയും സാധകനെ ശിവനായി ഉയർത്തുകയും ചെയുന്നു കാശ്മീര ശൈവം. ആഗമ, സ്പന്ദ, പ്രത്യഭിജ്ഞാ ദർശനങ്ങളിലൂടെ ത്രിക ദർശനം ദർശനപരമായ ഗരിമ സ്വീകരിക്കുമ്പോൾ, ക്രമ സമ്പ്രദായത്തിലൂടെ ഉപാസനാ പദ്ധതിയുടെ ഔന്നത്യത്തിൽ എത്തുന്നു. കേൾക്കുമ്പോൾ നമ്മിൽ നിന്നേറെ അകലെയുള്ള സ്ഥലമാണ് കാശ്മീരം, അവിടുത്തെ തത്വചിന്ത നമ്മെ സ്പർശിച്ചിട്ടുണ്ടോ എന്ന് ചിന്തിച്ചാൽ നമ്മെ അദ്‌ഭുതപെടുത്തുന്ന ഒരു വസ്തുത ഇങ്ങു തെക്കേ മുനമ്പിലെ കേരളത്തിൽ കാശ്മീര ശൈവ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന പതിമൂന്നു കാവുകൾ ഉണ്ട് എന്നതാണ്. കേരളത്തിലെ പുകൾപെറ്റ പതിമൂന്നു ശാക്തേയ കാവുകൾ കാശ്മീരശൈവ ക്രമ പദ്ധതിയിലെ ദ്വാദശകാളിമാരെയും പതിമൂന്നാം കാളിയായ കലാസംകർഷിണിയെയും ഉപാസിക്കുന്ന കേന്ദ്രങ്ങൾ ആണ് എന്നതാണ്. ക്രമ സമ്പ്രദായത്തിലെ പൂജനം (ക്ഷേത്ര സങ്കേതങ്ങൾ ഉണ്ടാക്കി അവിടെ പൂജാ ക്രിയകൾ നടത്തുക), കഥനം (ക്രമ സംബന്ധിയായ വിഷയങ്ങൾ)ചർച്ച ചെയ്യുക പഠിക്കുക, സംക്രമണം (ഉയർന്ന അവസ്ഥയിൽ നേരിട്ട് പരാശക്തിയിൽ നിന്ന് അറിവ് സ്വീകരിക്കുക) എന്നീ ആചരണ പദ്ധതികളിൽ പൂജനം കേരളത്തിൽ നടക്കുന്നു പക്ഷെ എന്താണ് ചെയുന്നത് എന്ന് പൂജകർക്ക് അറിയാനുള്ള കഥനം ഇല്ല. അറിയാതെ ഉപാസിക്കയാൽ സംക്രമണവുമില്ല എന്നതാണ് വലിയ ദൗർഭാഗ്യം. നമ്മുടെ മലയാളി ജീവിതത്തിലെ ആത്മീയതയെ പോലും എത്രയോ ആഴത്തിൽ സ്പർശിച്ചിരിക്കുന്ന ദർശനമാണ് കാശ്മീര ശൈവ ദർശനം എന്ന് മേൽപ്പറഞ്ഞ ക്ഷേത്രങ്ങൾ വ്യക്തമാക്കുന്നു പക്ഷെ നാമീ തത്വചിന്തയെ അറിയുന്നുണ്ടോ?
കാശ്മീര ശൈവത്തിലെ തത്വചിന്താപദ്ധതി
ശൈവം ഈ പ്രപഞ്ചമുണ്ടായതിനെ കുറിച്ചും അതിന്റെ നിലനിൽപ്പിനെ കുറിച്ചും 36 തത്വങ്ങളിലൂടെ മനോഹരമായി പറഞ്ഞുവെച്ചിരിക്കുന്നു. ശിവൻ മുതൽ ഭൂമി വരെ എങ്ങനെയാണ് ഉണ്ടായി വരുന്നത് എന്ന് പറഞ്ഞിരിക്കുന്നു. അതൊക്കെ തമ്മിലുള്ള ബന്ധമെന്താണ് എന്ന് വ്യ്കതമാക്കുന്നു.
പരമശിവൻ എന്ന് തന്ത്രം വിളിക്കുന്നത് പരമമായ പൊരുളിനെയാണ്. അത് പൂർണമായും 'ചിദാനന്ദ' സ്വരൂപമാണ്. അതാണ് പരാശക്തി എന്നോ പരമശിവൻ എന്നോ പരാസംവിത് എന്നോ തന്ത്രം മാറി മാറി വിളിക്കുന്ന പൊരുൾ. ചിദാനന്ദമാണ് അതിന്റെ സ്വരൂപം എന്ന് പറഞ്ഞ സമയത്തു അവിടെ രണ്ടു കാര്യങ്ങൾ ഉണ്ട് ചിദ് പിന്നെ ആനന്ദം. ശിവനാണ് ചിദ്, ശക്തിയാണ് ആനന്ദം. ചിദും ആനന്ദവും വേർപിരിക്കാനാവാതെ ചേർന്നിരിക്കുന്നത് കൊണ്ട് ചിദാനന്ദഘനരൂപമാണത്. ശിവൻ ഏതാണ് ശക്തി ഏതാണ് എന്ന് തരം തിരിക്കാൻ സാധ്യമല്ലാത്ത വിധം ചേർന്നിരിക്കുന്നു. ഒരു ഉദാഹരണം എടുത്താൽ കോഴിമുട്ടയിൽ മഞ്ഞ കരുവുണ്ട്, വെള്ള കരുവുമുണ്ട്, ശിവൻ മഞ്ഞ കരുവും ശക്തി വെള്ള കരുവും ആണ് എന്ന് സങ്കൽപ്പിക്കുക. രണ്ടും നമ്മുക്ക് വേർതിരിച്ചറിയാൻ സാധ്യമാണ് എന്നാൽ ഇതേ കോഴിമുട്ട ഒന്ന് നന്നായി കുലുക്കിയാൽ വെള്ളകരുവും മഞ്ഞകരുവും ചേർന്ന് ഒന്നായി മാറും. അതിൽ വെള്ളക്കരുവും മഞ്ഞക്കരുവും ഉണ്ടെകിലും വേർതിരിക്കാൻ സാധ്യമല്ല. ഇങ്ങനെയാണ് പരാസംവിത്തിന്റെ അവസ്ഥ.
ചിദ് ശിവനാണ് , ബോധമാണ്, പ്രകാശമാണ്, നാദമാണ്. ആനന്ദം വിമർശമാണ് (കണ്ണാടി), ബിന്ദുവാണ്, ശക്തിയാണ്. അപ്പോൾ പരാസംവിത് ശിവശക്തിയാണ്, പ്രകാശവിമർശമയമാണ്, നാദാബിന്ദ്വാത്മികമാണ് ചിദാനന്ദമാണ്. ഇങ്ങനെ പ്രകാശ വിമർശമയമായ പരാസംവിത്തിൽ നിന്ന് സദാ പരിണാമ ത്വരയുള്ള ശക്തി (വിമർശം) ശിവനെ (പ്രകാശത്തെ) പുറത്തേക്കു തളളി നീക്കുന്നു. പരിണാമത്തിനുള്ള ത്വര ശക്തിയിൽ അന്തർലീനമായിരിക്കുന്നതാണ്. ശിവന്റെ പരിണാമ ത്വരയുള്ള സ്വാതന്ത്ര്യ ശക്തിയാണ് ശക്തി. അതിനാൽ രണ്ടായി അനുഭവപ്പെടുമെങ്കിലും തത്വത്തിൽ ശിവനും ശക്തിയും തമ്മിൽ യാതൊരു ഭേദവുമില്ല. ചലിക്കുന്ന ശിവനെയാണ് ശക്തി (dynamic) എന്ന് വിളിക്കുന്നത് ചലിക്കാത്ത ശക്തിയെ ആണ് ശിവൻ (static). എന്ന് വിളിക്കുന്നത്. ചലിക്കുന്നത് ശക്തിയും (dynamic) ചലിക്കാത്തതു ശിവനും (static)..
പരിണാമ ത്വരയുള്ള ശക്തി പരാസംവിത്തിൽ ശിവനെ പുറത്തേക്കു തള്ളി നീക്കുമെന്ന് കണ്ടല്ലോ അങ്ങനെ പുറത്തേക്കു വരുന്ന ശിവൻ ആണ് പ്രഥമസ്പന്ദനം. പരമശിവന്റെ പ്രഥമ സ്പന്ദനമാണ് ശിവൻ. അതിനു കാരണമാകുന്നതോ ശക്തിയും. ശിവന് കാരണമാകുന്നതാണ് ശക്തി. ശക്തി ഉള്ളത് കൊണ്ടാണ് ശിവൻ ഉണ്ടാകുന്നത്. എന്നാൽ ആ ശക്തി ശിവന്റെ തന്നെ സ്വാതന്ത്ര്യ ശക്തിയാണ്. ശിവനും ശക്തിയും തമ്മിലുള്ള ബന്ധത്തെ പറയാൻ നല്ല ഒരു ഉദാഹരണം പാട്ടുകാരനും പാട്ടും എന്ന ഉദാഹരണമാണ്. പാട്ടു പാടുന്നത് കൊണ്ടാണ് പാട്ടുകാരന് താനൊരു പാട്ടുക്കാരാനാണ് എന്ന അറിവുണ്ടാകുന്നത്. അപ്പോൾ പാട്ടാണ് പാട്ടുകാരനെ സൃഷ്ടിച്ചത് എന്ന് പറയാം എന്നാൽ പാട്ട് എന്നത് പാട്ടുകാരന്റെ സിദ്ധിയാണ്. പാട്ടു പാടുകയോ പാടാതിരിക്കുകയോ ചെയ്യുന്നത് പൂർണമായും പാട്ടുകാരന്റെ തീരുമാനമാണ്. എന്നാൽ ഒരു പാട്ടുകാരനു ഒരിക്കലും പാടാതിരിക്കാൻ ആകാത്തത് പോലെ ശിവന് പ്രപഞ്ചത്തെ തന്റെ സ്വാതന്ത്ര്യ ശക്തി കൊണ്ട് സൃഷ്ടിക്കാതിരിക്കാനും ആകുന്നില്ല
ഇങ്ങനെ ശിവനെ ശക്തി പുറത്തേക്കു തള്ളി നീക്കുമ്പോൾ, ശിവശക്തിയിൽ അന്തർലീനമായ മൂന്ന് ശക്തികൾ കൂടെ പുറത്തേക്കു വരുന്നു. ഇച്ഛ, ജ്ഞാന, ക്രിയ എന്നിവയാണ് ആ ശക്തികൾ, ഇവയെ യഥാക്രമം സദാഖ്യ കല അഥവാ സദാശിവൻ, ഈശ്വരൻ, ശുദ്ധവിദ്യ എന്ന് തന്ത്രം വിളിക്കുന്നു. ശിവൻ ശക്തി, സദാശിവൻ, ഈശ്വരൻ, ശുദ്ധവിദ്യ എന്നീ അഞ്ചു തത്വങ്ങളെയാണ് പഞ്ച ശുദ്ധതത്വങ്ങൾ എന്ന് തന്ത്രം വിളിക്കുന്നത്.
ശിവൻ പ്രകാശമാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവെല്ലോ ശക്തി വിമർശവുമാണ്. എന്നാൽ പ്രകാശിക്കുക എന്നത് ശിവന്റെ സ്വഭാവമാണ് മറിച്ചു ഒരു കർമ്മം അല്ല. ശക്തിയുടെ സ്വഭാവമാണ് വിമർശിക്കുക (പ്രതിഫലിപ്പിക്കുക ) എന്നത്. കണ്ണാടിയുടെ തന്നെ ഉദാഹരണം എടുത്താൽ പ്രതിഫലിപ്പിക്കുക എന്നത് കണ്ണാടിയുടെ ജോലി ആണോ അതോ സ്വഭാവമാണോ? സ്വാഭാവമാണ്, അല്ലെങ്കിൽ കൂടുതൽ സമയം നോക്കിയാൽ കണ്ണാടി കേടുവരണം. കർമ്മമാണെങ്കിൽ ക്ഷീണം സംഭവിക്കണം. നമ്മൾ കണ്ണാടിയുടെ മുന്നിൽ കുറെ നേരം നിന്നാൽ നമ്മുക്ക് ക്ഷീണം വരുന്നുണ്ടോ? ഇല്ല കാരണം കണ്ണാടിയിൽ പ്രതിഫലിക്കുക എന്നത് നമ്മുടെ സ്വഭാവമാണ്. ഇപ്രകാരത്തിൽ ആണ് ശിവനും ശക്തിയും തമ്മിലുള്ള പ്രകാശ-വിമർശനം. ഇങ്ങനെ ശക്തിയാകുന്ന കണ്ണാടിയിൽ ശിവൻ തട്ടി പ്രതിഫലിച്ചാണ് ഈ സമസ്ത പ്രപഞ്ചവും ഉണ്ടായിരിക്കുന്നത്. ശിവനെ പരാസംവിത്തിൽ നിന്ന് ശക്തി പുറത്തേക്കു തള്ളി നീക്കുമ്പോൾ ശിവനോടൊപ്പം ശക്തിയും പുറത്തേക്കു വരുന്നുണ്ട്. ശിവൻ പ്രതിഫലിക്കുമ്പോൾ തന്നെ ശക്തിയും പ്രതിഫലിക്കുന്നു. എന്നാൽ ശക്തിയും ശിവനും പ്രതിഫലിക്കുന്നത് തല കീഴായി ആണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ശിവൻ പ്രതിഫലിക്കുന്നത് പുരുഷൻ ആയാണ് ശക്തിയാകട്ടെ പ്രകൃതി ആയിട്ടും. ഇച്ഛ ജ്ഞാന ക്രിയ എന്നീ ശക്തികൾ സത്വം രജസ്സ് തമസ്സ് എന്നീ ഗുണങ്ങളായും പ്രതിഫലിക്കുന്നു.നാദം ബിന്ദുവിൽ തട്ടി പ്രതിഫലിക്കുന്ന പ്രപഞ്ചത്തെ കല എന്ന് വിളിക്കുന്നു. ഇങ്ങനെ തെളിഞ്ഞു കാണുന്ന പ്രപഞ്ചം എവിടെയാണ് കാണപ്പെടുന്നത്? തന്ത്ര പറയുന്നു നമ്മുടെ ചിത്തത്തിന്റെ പ്രതലത്തിൽ ആണ് ഇത് തെളിയുന്നത്. ശക്തി പ്രകൃതിയായി പ്രതിഫലിക്കുമ്പോൾ ഉണ്ടായി വരുന്ന തത്വങ്ങൾ ആണ് അഹംകാരം, മനസ്സ് (ചിത്തം), ബുദ്ധി എന്നീ തത്വങ്ങൾ. ഇതിൽ ചിത്തത്തിന്റെ പ്രതലത്തിൽ ആണ് പ്രപഞ്ചമെന്ന കല്പന തെളിഞ്ഞു വരുന്നത്. ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. സൂര്യന്റെ പ്രകാശം തട്ടി ആണ് ചന്ദ്രൻ പ്രതിഫലിക്കുന്നത്. ആ ചന്ദ്രനെ നമ്മൾ നോക്കുമ്പോൾ കാണുന്നത് എവിടെയാണ്? ചന്ദ്രനിൽ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണുകളിൽ തട്ടി തലച്ചോറിലെ ദൃശ്യ മേഖലയിൽ ആണ് പ്രതിഫലിക്കുന്നത് അപ്പോൾ ചന്ദ്രൻ എവിടെയാണ് ആകാശത്താണോ നമ്മുടെ ഉള്ളിലോ? ഇത് പോലെ ശിവൻ ശക്തിയിൽ തട്ടി പ്രതിഫലിക്കുമ്പോൾ അനുഭൂതമാകുന്ന പ്രപഞ്ചം പുരുഷനാകുന്ന നമ്മുടെ ചിത്തത്തിന്റെ പ്രതലത്തിൽ ആണ്. നോക്കു ഇത് പോലെയല്ലേ സർവ്വഅനുഭവങ്ങളും, ശബ്ദം അറിയാൻ ചെവി, രൂപം അറിയാൻ കണ്ണ്, സ്പർശത്തിനായി ത്വക്ക്, രസത്തിനായി നാക്ക്, ഗന്ധത്തിനായി മൂക്ക്. അഞ്ചു ഇന്ദ്രിയങ്ങളിലൂടെ നാം പ്ര-'പഞ്ചം' ആയ ആകാശ, വായു, അഗ്നി, ജല ഭൂമിയെ അറിയുന്നു, എവിടെ? നമ്മുടെ ചിത്തത്തിന്റെ പ്രതലത്തിൽ. ചിന്തിക്കൂ നമ്മുക്ക് ജനിക്കുമ്പോളെ ഈ അഞ്ചു ഇന്ദ്രിയങ്ങളും ഇല്ല എങ്കിൽ നമ്മുക്ക് ഈ പ്രപഞ്ചം ഉണ്ടോ? നാം ജനിച്ചു എന്ന് നാം എങ്ങനെ അറിയും? അതായതു പ്രപഞ്ചം പുരുഷനാകുന്ന നമ്മുടെ ചിത്തത്തിൽ അനുഭവപ്പെടുന്ന ഒരു കാര്യം മാത്രമാണ്. അഞ്ചു ഇന്ദ്രിയങ്ങളിലൂടെ ശബ്ദം തുടങ്ങിയ അഞ്ചു തന്മാത്രകളെ നാം സ്വീകരിച്ചു നമ്മുടെ മനസ്സിൽ വെച്ചു. മനസ്സ് എന്ന് പറയുന്നത് അഞ്ചു ഇന്ദ്രിയങ്ങളുടെ ഒരു സംഭരണിയാണ്. മനസ്സിൽ വരുന്ന കാര്യങ്ങളെ ബുദ്ധി ഇത് ശരി അത് തെറ്റ്, നല്ലതു ചീത്ത എന്നിങ്ങനെ രണ്ടായി തരം തിരിക്കും. ഇപ്പോൾ വേണ്ട അറിവുകളെ സ്‌മൃതിയായി (ഓർമ്മ) സൂക്ഷിക്കും. ഈ ജന്മത്തിൽ പഞ്ചേന്ദ്രിയങ്ങളിലൂടെ സ്വീകരിച്ച അറിവുകൾ സ്‌മൃതിയായി വരും ജന്മങ്ങളിൽ സംസ്കാരവും വാസനയുമായി മാറും, ഇതെല്ലം ബുദ്ധിയുടെ ഏർപ്പാടാണ്. അഹങ്കാരം എന്ന ഒരു ആൾ കൂടെയുണ്ട് അന്തകരണത്തിൽ. അഹങ്കാരമാണ് ഇത് എന്റേത് അത് നിന്റേതു എന്ന എല്ലാ തിരിവുകളും ഉണ്ടാക്കുന്നത്. ഇത് വായിച്ചു കൊണ്ടിരിക്കുന്ന സമയത്തു ഒന്ന് ചുറ്റും നോക്കൂ നിങ്ങളുടെ അഹങ്കാരം അവിടെയുള്ള വസ്തുക്കളെ നിങ്ങളുടേത് മറ്റുള്ളവരുടേതു എന്ന് തരം തിരിക്കുന്നില്ലേ? നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്ന ഈ പുസ്തകം നിങ്ങൾ വാങ്ങിയതാണ് എങ്കിൽ അഹങ്കാരം ഇത് നിങ്ങളുടേത് എന്ന് അടയാളപ്പെടുത്തി കഴിഞ്ഞു. എന്നാൽ ഇത് മറ്റൊരാൾ വായിക്കാൻ തന്നതാണ് എങ്കിലോ? അഹങ്കാരം അത് അയാളുടേത് എന്ന അടയാളപ്പെടുത്തൽ നടത്തും. എന്നാൽ അടുത്ത നിമിഷത്തിൽ അയാൾ ഇത് നിങ്ങൾക്ക് സമ്മാനിച്ചു എന്നിരിക്കട്ടെ ഇത് വരെ അയാളുടേതായിരുന്ന ആ പുസ്തകം നിങ്ങളുടേതായി മാറി കഴിഞ്ഞിരിക്കുന്നു. നോക്കൂ എന്താണ് സംഭവിക്കുന്നത്? അയാൾ ഈ പുസ്തകം ഞാൻ നിങ്ങൾക്ക് സമ്മാനിച്ചു എന്ന് പറഞ്ഞു ആ ശബ്ദം നിങ്ങളുടെ ചെവി സ്വീകരിച്ച് മനസ്സിൽ കൊണ്ട് വന്നു. മനസ്സിൽ എത്തിയ ആ അറിവിനെ അഹങ്കാരം ഇത് വരെ അയാളുടേത് എന്ന് വിളിച്ച പുസ്തകത്തെ നിങ്ങളുടേത് എന്ന് തരം തിരിച്ചു. നോക്കൂ, ഇങ്ങനെയല്ലേ നമ്മുടെ ലോകവുമായുള്ള എല്ലാ ഇടപെടലും? മനസ്സ് കേവലമൊരു സംഭരണിയാണ് അഞ്ചു ഇന്ദ്രിയങ്ങൾ സ്വീകരിക്കുന്ന അറിവുകളെ ശേഖരിച്ചു വെക്കൽ മാത്രമാണ് മനസ്സിന്റെ ജോലി. അതിൽ ഇടപെടലുകൾ നടത്തുന്നത് ബുദ്ധിയും അഹങ്കാരവും ആണ്. ഇത്രയും ആയാൽ നമ്മുക്ക് ലോകം ഉള്ളിൽ തെളിഞ്ഞു കഴിഞ്ഞു. എന്നാൽ ലോകത്തിനോട് ഇടപെടൽ നടത്താൻ കർമ്മേന്ദ്രിയങ്ങൾ കൂടെ വേണം. സംസാരിക്കണം (വാക്) കാര്യങ്ങൾ നടത്താൻ നടക്കണം (പാദ) എടുക്കുകയും കൊടുക്കുകയും വേണം (പാണി ) സന്താനോല്പാദനം നടത്തണം (ഉപസ്ഥം) മല മൂത്ര വിസർജ്ജനം നടത്തണം (പായു). ഇങ്ങനെ അഞ്ചു കർമേന്ദ്രിയങ്ങൾ കൂടെ ഉണ്ട്. അങ്ങനെ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളിലൂടെ (sensory organs ) സ്വീകരിച്ച അറിവ് മനസ്സിൽ നിന്ന് ബുദ്ധിയും അഹങ്കാരവും വേർതിരിച്ചു കർമ്മേന്ദ്രിയങ്ങളിലൂടെ (motor organs) നാം ഈ ലോകവുമായി ഇടപെടുന്നു.
ശിവൻ ശക്തി സദാശിവൻ (ഇച്ഛ) ഈശ്വരൻ (ജ്ഞാനം) ശുദ്ധവിദ്യ (ക്രിയാ) എന്നീ തത്വങ്ങൾ യഥാക്രമം പുരുഷൻ പ്രകൃതി സത്വം രജസ്സ് തമസ്സ് എന്നീ തത്വങ്ങളായി. ശിവൻ തുടങ്ങിയ അഞ്ചു ശുദ്ധ തത്വങ്ങൾ തന്നെ ആകാശം മുതൽ ഭൂമി വരെയുള്ള മഹാഭൂതങ്ങൾ ആയി മാറുന്നതും. ഇതിൽ ആകാശത്തിന്റെ തന്മാത്രയാണ് ശബ്ദം, ശബ്ദം കേൾക്കുന്നത് ചെവി കൊണ്ടാണ് , വാസ്തവത്തിൽ ശബ്ദം എന്ന തന്മാത്ര ശബ്ദം എന്ന കാര്യത്തിന്റെ ഇരിപ്പിടമാണ് അഥവാ ശബ്ദ തത്വം ശബ്ദതന്മാത്രയിൽ ആണ് വസിക്കുന്നത് എന്നാണ് തന്ത്രം പറയുന്നത്. വായുവിന് സ്പർശമാണ്, സ്പർശം അറിയുന്നത് ത്വക്ക് കൊണ്ടാണ് , അഗ്നിക്ക് രൂപമാണ്, രൂപം കണ്ണ് കൊണ്ടറിയുന്നു, ജലത്തിനു രസവും രസമറിയാൻ നാക്കും, ഭൂമി ഗന്ധ തന്മാത്രയാണ് അത് മൂക്ക് കൊണ്ടറിയുന്നു. അഞ്ചു ശുദ്ധ തത്വങ്ങൾ തന്നെയല്ലേ പലതായി പ്രതിബിംബിച്ചിരിക്കുന്നത്? സത്വ, രജസ്സ് തമസ്സ് തന്നെയാണ് ശരീരത്തിലെ വാത പിത്ത കഫം, അത് തന്നെയാണ് മനോ ബുദ്ധി അഹങ്കാരം.
പുരുഷൻ ശിവൻ തന്നെയാണ് യാതൊരു സംശയവുമില്ല പക്ഷെ തലതിരിഞ്ഞു പോയി അത് കൊണ്ട് പുരുഷന് സ്വയം ശിവനാണ് എന്ന ബോധം ഉണ്ടാകുന്നില്ല. നേരത്തെ സൂചിപ്പിച്ച കാര്യത്തിലേക്കു വീണ്ടും വരാം നമ്മുക്കു അഞ്ചു ഇന്ദ്രിയങ്ങൾ ഇല്ല എങ്കിൽ നമ്മുക്ക് ഈ ലോകം ഉണ്ടോ? ഇല്ല. ഇങ്ങനെ ഒരു അവസ്ഥ (ഇന്ദ്രിയങ്ങളില്ലാതെ ജനിച്ചാൽ അഥവാ അവ പ്രവർത്തന രഹിതമായാൽ) വന്നാൽ നാം അതിനെ ഇന്നത്തെ ഭാഷയിൽ എന്ത് വിളിക്കും? വികലാംഗത എന്ന് അല്ലെ? എന്നാൽ ഈ അവസ്ഥ കൈവരിക്കാനല്ലേ നാം ധ്യാനത്തിലൂടെ ഒക്കെ ശ്രമിക്കുന്നത്? കണ്ണടയ്ക്കുന്നു, ആരും സ്പർശിക്കാതെ മാറി ഇരിക്കുന്നു, ശബ്ദമില്ലാത്ത സ്ഥലത്തിരിക്കുന്നു, ഗന്ധങ്ങളിലാത്ത സ്ഥലത്തിരിക്കുന്നു, ധ്യാന സമയത്തു ഒന്നും രുചിക്കാതെ ഇരിക്കുന്നു. അഞ്ചു ഇന്ദ്രിയങ്ങളെ അടക്കുക അല്ലെ ചെയ്യുന്നത്? അത് വികലാംഗത ആണോ? അതോ അതിന്റെ ജയത്തിനെ നാം സമാധി എന്ന് വിളിക്കുമോ? സമമായ ധീ എന്ന് വെച്ചാൽ ഇന്ദ്രിയങ്ങളാൽ പിടിച്ചു വലിക്കപെടാത്ത ബുദ്ധി നമ്മുക്ക് സാക്ഷാത്കാരം ഉണ്ടാക്കുന്നു. സാക്ഷാത്കാരം ഞാൻ ശിവനാണ് എന്നത് തന്നെയാണ്. നാം ശിവനാണ് എന്ന അറിവിനെ തടയുന്ന ആണവ, മായിക, കാർമ്മിക മലങ്ങളെ കുറിച്ചും, അവയിൽ നിന്ന് മുക്തി നേടാനുള്ള ആണവ, ശാക്ത, ശാംഭവ, അനുപായങ്ങളെ കുറിച്ചും ഒക്കെ കാശ്മീര ശൈവം വിശദമായി ചർച്ച ചെയ്യുന്നു.
ലോകം ഈ അറിവ് തേടിയാണ് ഭാരതത്തിലേക്കു വന്നത്, ഇതാണാ വിദ്യ, സമവാർത്തനം കഴിഞ്ഞു വന്ന ശ്വേതകേതുവിനോട് എന്തറിഞ്ഞാലാണോ പിന്നെ മറ്റൊന്നും അറിയേണ്ടാത്തത് അറിഞ്ഞുവോ എന്ന് അച്ഛൻ ചോദിച്ചത്, ആ വിദ്യ! ഈ മഹാവിദ്യ അനസ്യുതം ഒഴുകി പരന്ന ഒരു നാട്ടിൽ അത് പഠിക്കാൻ ആളില്ലെങ്കിൽ അതൊരു ദുര്യോഗമാണ്, ഇന്നത് പഠിക്കാൻ നമുക്ക് വിദേശ പണ്ഡിതന്മാരെയും കാശ്മീര ശൈവം ഐച്ഛിക വിഷയവും പ്രധാന വിഷയവുമായി പഠിപ്പിക്കുന്ന വിദേശ യൂണിവേഴ്സിറ്റികളെയും ആശ്രയിക്കേണ്ടി വരുന്നു എങ്കിൽ, അതിനർത്ഥം നാം നമ്മുടെ ആത്മാവ് നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് തന്നെയാണ്... കശ്മീരിലെ ശാരദാപീഠം ഒരു നോവായി അവശേഷിക്കുന്ന പോലെ കാശ്മീരശൈവം എന്ന സ്റ്റീഫൻ ഹോക്കിൻസിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ ‘The theory of Everything’ ഒരു നോവായി മനസ്സിൽ അവശേഷിക്കുന്നു... ഇങ്ങനെ തളർന്നു കൂടാ നമ്മുക്ക് മുന്നോട്ട് വരേണ്ടതുണ്ട്, ഈ മഹാവിദ്യയെ പഠിക്കേണ്ടതുണ്ട്, പ്രചരിപ്പിക്കേണ്ടതുണ്ട്.
ഓം നമഃ ശിവായ!
Dr R Ramanand
സൂചിക
Nicholson, J. A. (2012) ‘Doxography and Boundary-Formation in Late Medieval India’, in Balcerowicz, P. (ed.) World View and Theory in Indian Philosophy. 1st edn. New Delhi: Manohar Publishers, pp. 1–433.
The Secret supreme- Swami Lakshman Joo
Sanderson, A. (1988) ‘Saivism and the Tantric Traditions’, in The World’s Religions. 1st edn. London: Routledge.
Spandakarika- Jaidev Singh
Prathyabhinja Hrudayam- Jaidev Singh
Krama Tantricism of Kashmir- Navjivan Rastogi
Tantra Illuminated- Christopher Wallis
പ്രസ്ഥാനഭേദം - മധുസൂദനസരസ്വതി
തന്ത്ര - സ്വാമി നിർമ്മലാന്ദ ഗിരി, മാതൃഭൂമി പബ്ലിക്കേഷന്
പരമരഹസ്യം- ആർ രാമാനന്ദ് , നിയതം ബുക്ക്സ്
വിജ്ഞാനഭൈരവ തന്ത്രം- ആർ രാമാനന്ദ്, ലോഗോസ് ബുക്ക്സ്
ബോധപഞ്ചദശിക - സ്വാമി ലക്ഷ്മൺ ജൂ/ രമേഷ് വാര്യർ, രാമകൃഷ്ണ മിഷൻ ബുക്ക്സ്.
കാശ്മീര ശൈവം- ആർ രാമാനന്ദ്, അനുത്തര ബുക്ക്സ്
Comments
Post a Comment