മരണവും പുനർ ജൻമവും

മരണവും പുനര്‍ജന്മവും
അനാദികാലം മുതല്‍ക്കേ മനുഷ്യബുദ്ധിയെ കുഴച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് മരണം. ഒരുപക്ഷെ ലോകത്തിലുള്ള ഒട്ടുമിക്കതത്ത്വശാസ്ത്രങ്ങളും ഉദയം ചെയ്തിട്ടുള്ളത് മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്നാവാം. മരണത്തിന്‍റെ രഹസ്യമന്വേഷിച്ച നചികേതസ്സിനെ പോലുള്ളവര്‍ നമ്മുടെ മുന്നില്‍ ദൃഷ്ടാന്തമായുണ്ട്. തികച്ചും സ്വസംവേദ്യമായ മരണമെന്ന വിഷയത്തെക്കുറിച്ച് എങ്ങനെയാണ് അറിയുക? എന്താണ് മരണം? അതെങ്ങനെ സംഭവിക്കുന്നു? മരണത്തിനു ശേഷം എന്താണ്? ഇത്തരം ചോദ്യങ്ങള്‍ നമ്മെ കുഴയ്ക്കുന്നതാണ്. അതീന്ദ്രിയമായ വിഷയത്തില്‍ നമുക്കുള്ള ഏക ആശ്രയം ശ്രുതിയാണ്. ഈ വിഷയത്തിലും ശ്രുതി മാത്രമാണ് നമുക്ക് വഴികാട്ടി. പല ഉപനിഷത്തുകളിലും മരണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മരണമെന്ന പ്രക്രിയയെ ദൃഷ്ടാന്തങ്ങളിലൂടെ കൃത്യമായി അവതരിപ്പിക്കുന്നത് ബൃഹദാരണ്യക ഉപനിഷത്തിലാണ്. യാജ്ഞവല്ക്യജനകസംവാദരൂപത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
വേദാന്തദര്‍ശനപ്രകാരം ആത്മാവ് അഥവാ ചൈതന്യം ഏകവും നിത്യവും അചലവും അദ്വൈതവുമാണ്. എന്നാല്‍ അനാദിയായ മായ നിമിത്തമുള്ള ശരീരാദി ഉപാധിഭേദത്താല്‍ അത് പലതായി ജീവഭാവത്തില്‍ തോന്നുകയാണ്. ഒരേ സൂര്യപ്രകാശം തന്നെ കുളങ്ങളിലും കിണറുകളിലും തടാകങ്ങളിലും എല്ലാം പ്രതിഫലിച്ച് അനേക സൂര്യന്മാരായി തോന്നുന്നതുപോലെ ഒരേ ചൈതന്യം തന്നെ അനേകം ശരീരങ്ങളിലൂടെ പല ജീവന്മാരായി പ്രതിഭാസിക്കുന്നു. ഈ ജീവന്‍റെ ഉപാധിയാണ് ശരീരം. അത് സ്ഥൂലം (പഞ്ചഭൂതാത്മകമായ ഈ ശരീരം), സൂക്ഷ്മം( അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ച് പ്രാണന്മാര്‍, അന്ത:കരണം അഥവാ മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ സൂക്ഷ്മമാത്രകള്‍ ചേര്‍ന്ന ശരീരം), കാരണം (അജ്ഞാനം) എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. ഇവയില്‍ പ്രാരബ്ധമനുസരിച്ച് രോഗം കൊണ്ടോ, വാര്‍ദ്ധക്യം കൊണ്ടോ മറ്റേതെങ്കിലും കാരണം കൊണ്ടോ സ്ഥൂലശരീരം നശിക്കുമ്പോള്‍ സൂക്ഷ്മകാരണശരീരങ്ങളോടുകൂടി ജീവന്‍ സ്ഥൂലശരീരത്തെ ഉപേക്ഷിക്കുന്നതിനാണ് മരണം എന്നു പറയുന്നത്. മനോഹരങ്ങളായ ദൃഷ്ടാന്തങ്ങള്‍കൊണ്ട് ഈ വിഷയം ഉപനിഷത്ത് വിശദീകരിക്കുന്നു.

അനേകം ഭാരം നിറച്ച ഒരു വണ്ടി ശബ്ദത്തെ ഉണ്ടാക്കി ഗമിക്കുന്നതുപോലെ ജീവന്‍ അഥവാ സൂക്ഷ്മശരീരമാകുന്ന ഉപാധിയോടു കൂടിയ ആത്മാവ് ശരീരത്തെ ത്യജിക്കുന്നു. സൂക്ഷ്മശരീരം ഗമിക്കുമ്പോള്‍ ആത്മാവു ചലിക്കുന്നത്പോലെ നമുക്ക് തോന്നുകയാണ് വാസ്തവത്തില്‍ ചലിക്കുന്നില്ല. “അത് ചലിക്കുന്നപോലെയും ധ്യാനിക്കുന്നപോലെയും ഇരിക്കുന്നു” എന്ന് ശ്രുതിയുണ്ട്. കാലംകൊണ്ട് പഴുത്തുജീര്‍ണ്ണിച്ച പഴംപോലെ ഈ സ്ഥൂലശരീരം രോഗംകൊണ്ടോ വാര്‍ദ്ധക്യം കൊണ്ടോ അത്യന്തം ചടച്ച് പോകുന്നു. അപ്പോള്‍ ഭാരം കയറ്റിയ വണ്ടി ശബ്ദമുണ്ടാക്കുന്നത്‌ പോലെ മരിക്കുന്ന ആള്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു. അപ്പോള്‍ ജീവന്‍ പ്രാണവായുവിനോടുകൂടി ഇന്ദ്രിയങ്ങളെ ഉപസംഹരിച്ച് കര്‍മ്മഫലമനുസരിച്ച് മറ്റൊരു ശരീരത്തെ സ്വീകരിക്കുവാനായി ഗമിക്കുന്നു. ജാഗ്രത്തില്‍ നിന്നും സ്വപ്നത്തിലേക്കുള്ള ജീവന്‍റെ സഞ്ചാരത്തെയാണ് ശ്രുതി ഇവിടെ ഉദാഹരണമാക്കിയിരിക്കുന്നത്. സ്ഥൂലശരീരത്തെ അചേതനമാക്കി ജാഗ്രത്തില്‍ നിന്നും സ്വപ്നത്തിലേക്ക് സഞ്ചരിക്കുന്ന ജീവന്‍ സ്വപ്നശരീരത്തില്‍ അഭിമാനിച്ചുകൊണ്ടാണ് അവിടെ വ്യവഹരിക്കുന്നത്. സ്വപ്നത്തില്‍ ജീവന്‍ വാസനാമാത്രമായ അന്തക്കരണവൃത്തി‍യാല്‍ ദൃശ്യരൂപത്തിലുള്ള സ്വപ്നപ്രപഞ്ചത്തില്‍ വ്യവഹരിക്കുന്നു. അപ്പോഴും സ്ഥൂലശരീരത്തില്‍ പ്രാണവ്യാപാരം ഉണ്ടാകും. മരിക്കുമ്പോള്‍ ജീവന്‍ പ്രാണന്‍ ഉള്‍പ്പടെ എല്ലാ ഇന്ദ്രിയങ്ങളെയും ഉപസംഹരിച്ച് സ്ഥൂലശരീരത്തെ അചേതനമാക്കി മറ്റൊരു ശരീരം സ്വീകരിക്കുവാനായി ഗമിക്കുന്നു. സ്വപ്നത്തിലെന്ന പോലെ വാസനാപ്രേരിതമായ കര്‍മ്മഫലം അനുസരിച്ചാണ് പുതിയൊരു ശരീരത്തെ ജീവനു സ്വീകരിക്കുവാന്‍ കഴിയുക. സാമാന്യരീതിയില്‍ കാലംചെന്നു മരിക്കുന്ന ജീവന്‍ ഈ ശരീരം ഉപേക്ഷിക്കുന്നതിനു മുന്‍പേ തന്‍റെ അടുത്ത ശരീരത്തെ കര്‍മ്മഫലമനുസരിച്ച് നിശ്ചയിച്ചിരിക്കും. ഉപനിഷത്ത് പറയുന്നു. 

“എപ്രകാരം രാജാവ് വരുമ്പോള്‍ അനുചരന്മാരും, സൂതന്മാരും, ഗ്രാമനേതാക്കന്മാരും അന്നം, പാനം, വാസസ്ഥാനം എന്നിവ തയ്യാറാക്കി ‘ഇദ്ദേഹം എഴുന്നെള്ളുന്നു ഇതിലെ എഴുന്നെള്ളുന്നു’ എന്നുപറഞ്ഞു പ്രതീക്ഷിച്ചിരിക്കുന്നുവോ അപ്രകാരം കര്‍മ്മഫലഭോക്താവായ ജീവനെ സര്‍വ്വഭൂതങ്ങളും (ശരീരകര്‍ത്താക്കളായ പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളുടെ അധിഷ്ഠാനദേവതകളായ ആദിത്യന്‍ മുതലായതും) ‘ഈ ബ്രഹ്മം വരുന്നു’ എന്ന് പറഞ്ഞ് പ്രതീക്ഷിച്ചിരിക്കുന്നു.” അതായത് കര്‍മ്മഫലമനുസരിച്ച് ആ ജീവന്‍റെ അടുത്ത ജന്മത്തിലെ ശരീരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന് സാരം.

ഇപ്രകാരം സ്ഥൂലശരീരത്തെ ഉപേക്ഷിച്ച് പോകുന്ന ജീവന്‍റെ കൂടെ ആരെല്ലാമാണ് പോകുക? മരിക്കുമ്പോള്‍ ആരും ഇവിടെ ഉള്ള ഒന്നും കൊണ്ടുപോകാറില്ല എന്ന് നാം പൊതുവേ പറയാറുണ്ട്. എന്നാല്‍ ചിലത് കൊണ്ടുപോയേ പറ്റൂ. അതെന്താണ്? എപ്രകാരമാണോ ഒരു രാജാവ് തന്‍റെ കൊട്ടാരത്തില്‍ നിന്നും മറ്റൊരു ഇടത്തേക്ക് പോകുമ്പോള്‍ അനുചരന്മാര്‍ കൂടെ പോകുന്നത് അതുപോലെ മരണസമയത്ത് സ്ഥൂലശരീരത്തിലെ പഞ്ചഭൂതങ്ങളുടെ സൂക്ഷ്മാംശങ്ങളും, കണ്ണ്, ചെവി, മൂക്ക്, വാക് തുടങ്ങിയ സൂക്ഷ്മമായ ഇന്ദ്രിയങ്ങള്‍ അഥവാ പ്രാണങ്ങളും ജീവനെ അഭിമുഖീകരിച്ച് ഒന്നിച്ചു ചേര്‍ന്നു നില്‍ക്കുന്നു. അപ്പോള്‍ മരിക്കുന്ന വ്യക്തിക്ക് ബോധക്കേടുപോലെ സംഭവിക്കുകയും ഈ പ്രാണങ്ങളുടെ തേജോമാത്രകള്‍ അഥവാ ഇന്ദ്രിയങ്ങളുടെ സൂക്ഷ്മമാത്രകള്‍ ഹൃദയത്തില്‍ (ശിരസ്സിലെ പുണ്ഡരീകാകാശമെന്ന സ്ഥാനത്ത്) ഉപസംഹരിച്ചിട്ട് (ഓരോ ഇന്ദ്രിയവും അതിന്റെതായ ദേവതകളെ പ്രാപിക്കുന്നു) ആ ജീവന്‍ വിജ്ഞാനത്തോടു കൂടിയവനായി ഭവിക്കുന്നു. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ആ വ്യക്തി ബോധരഹിതനെങ്കിലും ആ ജീവന്‍ വിജ്ഞാനത്തോട് കൂടിയവന്‍തന്നെ എന്നാണ് ശ്രുതി വ്യക്തമാക്കുന്നത്. അതായത് ഒരു ഉണ്മ അവിടെ സ്ഫുരിക്കുന്നുണ്ട്. ഇന്ദ്രിയങ്ങള്‍ ഓരോന്നും ഉപസംഹരിച്ചതിനാല്‍ ആ അറിവ് ബാഹ്യപ്രജ്ഞ എന്ന നിലയില്‍ അഭിവ്യക്തമല്ല. അപ്പോള്‍ അയാള്‍ കാണുകയോ, കേള്‍ക്കുകയോ, രുചിക്കുകയോ, മണക്കുകയോ, സ്പര്‍ശിക്കുകയോ, ചിന്തിക്കുകയോ ഇല്ല. വിജ്ഞാനത്തോട് കൂടിയ ആ ജീവന്‍ മുഖ്യപ്രാണനോട്‌ കൂടി കണ്ണു വഴിയോ, മൂര്‍ദ്ധാവ് വഴിയോ മറ്റേതെങ്കിലും സ്ഥാനം വഴിയോ ശരീരത്തിനു പുറത്തുകടക്കുന്നു. പുറത്ത് പോകുന്ന മുഖ്യപ്രാണനെ മറ്റു ഇന്ദ്രിയങ്ങള്‍ അനുഗമിക്കുന്നു. ഒരു ആതിവാഹികശരീരം സ്വീകരിച്ചാണ് ജീവന്‍ പോകുന്നതെന്നും ശ്രുതിയുണ്ട്. അങ്ങനെ പോകുന്ന ജീവന് അന്നമായി മൂന്നു കാര്യങ്ങള്‍ കൂടെയുണ്ട്. നാം മരിക്കുമ്പോള്‍ കൂടെ കൊണ്ടുപോകുന്ന സമ്പാദ്യങ്ങള്‍ ആണ് ആ മൂന്നെണ്ണം. അവയാണ് വിദ്യ, കര്‍മ്മം, പൂര്‍വപ്രജ്ഞ(വാസന). വിദ്യയെന്നാല്‍ എല്ലാ രീതിയിലും നാം അഭ്യസിച്ച വിഹിതവും പ്രതിഷിദ്ധവുമായ വിദ്യകളാണ്. കര്‍മ്മം എന്നാല്‍ വിഹിതവും, അവിഹിതവും, പ്രതിഷിദ്ധവും അപ്രതിഷിദ്ധവുമായി ചെയ്ത കാര്യങ്ങളാണ്. അനുഭവിച്ച കര്‍മ്മഫലങ്ങളുടെ അല്ലെങ്കില്‍ വിഷയാനുഭവങ്ങളുടെ വാസനയാണ് പൂര്‍വ്വപ്രജ്ഞ. ചിലര്‍ക്ക് ജന്മനാ തന്നെ പാടാനും, ചിത്രം വരയ്ക്കാനും മറ്റും യാതൊരു അഭ്യാസവും ഇല്ലാതെ കഴിയുന്നത് നാം കാണുന്നുണ്ടല്ലോ. അതെല്ലാം ഈ പൂര്‍വ്വാനുഭവ വാസനയാലാണ്. അതിനാല്‍ നല്ല വിദ്യകള്‍ അഭ്യസിക്കുകയും നല്ല കര്‍മ്മങ്ങള്‍ ചെയ്യുകയും സദ്‌വാസനകള്‍ വളര്‍ത്തുകയും ചെയ്‌താല്‍ ദേഹാന്തരപ്രാപ്തിയില്‍ അതിനനുഗുണമായ ശരീരം ലഭിക്കും. 

ഇപ്രകാരം ഈ മൂന്നു കാര്യങ്ങളെ സംഭരിച്ച് ജീവന്‍ മുഖ്യപ്രാണനോട്‌ കൂടി ഏതെങ്കിലും ഒരു ശരീരഭാഗത്തിലൂടെ പുറത്ത് കടക്കുന്നു. കണ്ണിലൂടെയാണ് പ്രാണന്‍റെ ഗമനമെങ്കില്‍ ആദിത്യലോകത്തെയും, മൂര്‍ദ്ധാവിലൂടെയെങ്കില്‍ ബ്രഹ്മലോകത്തെയും പ്രാപിക്കും. മറ്റുള്ള ഭാഗങ്ങളില്‍കൂടി എങ്കില്‍ അതിനു അനുസരിച്ചുള്ള ലോകങ്ങളില്‍ എത്തും എന്നും പറയപ്പെടുന്നു. 
ഈ ദേഹാന്തരഗമനത്തെ പുല്ലട്ടയുടെ ദൃഷ്ടാന്തംകൊണ്ടാണ് ശ്രുതി വിശദീകരിക്കുന്നത്. ഒരു പുല്ലട്ട ഒരു പുല്ലില്‍ പിടി ഉറപ്പിച്ച ശേഷമാണ് താന്‍ ഇരുന്നിരുന്ന പുല്ലിനെ ഉപേക്ഷിക്കുന്നത്. അതുപോലെ ജീവന്‍ തന്‍റെ കര്‍മ്മം അനുസരിച്ച് അടുത്തൊരു ശരീരം കണ്ടിട്ടാണ് ഈ ശരീരത്തെ ഉപസംഹരിച്ച് ദേഹാന്തരപ്രാപ്തി നേടുന്നത്. ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍ തന്‍റെ കയ്യിലുള്ള സ്വര്‍ണ്ണകഷ്ണങ്ങളെ ഉപമര്‍ദ്ദനം ചെയ്ത് മനോഹരമായ ആഭരണമാക്കി മാറ്റും പോലെ ജീവന്‍ തന്‍റെ സ്ഥൂലശരീരത്തിലെ പഞ്ചഭൂതങ്ങളുടെ സൂക്ഷ്മമാത്രകളെ ഉപമര്‍ദ്ദനം ചെയ്ത് മറ്റൊരു ശരീരം നിര്‍മ്മിക്കുന്നു. നമുക്ക് ഇപ്പോള്‍ ഉള്ള ഈ ശരീരത്തില്‍ നാം കടന്നുവന്ന അനേകം ജന്മങ്ങളിലെ ശരീരങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ ഉണ്ട്. ജീവന്‍ തന്‍റെ കര്‍മ്മഫലത്താല്‍ ഏതേതു ഭോഗത്തെയാണോ അനുഭവിക്കേണ്ടത് അതനുസരിച്ച് മനുഷ്യശരീരമോ, ഗന്ധര്‍വശരീരമോ, ദേവശരീരമോ, ബ്രാഹ്മശരീരമോ മറ്റും എടുക്കുന്നു. പാപകര്‍മ്മങ്ങള്‍ അധികരിച്ചവര്‍ സ്ഥാവരാദി രാജസതാമസപ്രധാനമായ ശരീരത്തെ സ്വീകരിക്കേണ്ടി വരുന്നു. പുണ്യകര്‍മ്മം കൊണ്ട് പുണ്യവും പാപകര്‍മ്മം കൊണ്ട് പാപവും ആയ ലോകങ്ങളെ ജീവന്‍ പ്രാപിക്കുന്നു. ഇതാണ് ഉപനിഷത്പ്രതിപാദിതമായ ദേഹാന്തരപ്രാപ്തി

ഒരു ജീവന്‍റെ അനുഭവമണ്ഡലങ്ങളെ തീരുമാനിക്കുന്നത് കര്‍മ്മവും വിദ്യയും വാസനയുമാണ്. അതിനാലാണ് സത്കര്‍മ്മങ്ങള്‍ ചെയ്യുവാനും ഈശ്വരാഭിമുഖമാകുവാനും ധര്‍മ്മശാസ്ത്രങ്ങള്‍ നമ്മെ അനുശാസിക്കുന്നത്. ജ്ഞാനോദയം വരെ ജീവന് ജനനമരണങ്ങളാകുന്ന സംസാരബന്ധനത്തില്‍ പെട്ട് ഉഴലേണ്ടി വരും. ഏകവും പൂര്‍ണ്ണവുമായ സച്ചിദാനന്ദസ്വരൂപമാണ് തന്‍റെ യഥാര്‍ത്ഥസ്വരൂപം എന്ന് അപരോക്ഷാനുഭൂതിയാല്‍ നിര്‍ണ്ണയിക്കുന്നതാണ് സമ്യക്കായ ജ്ഞാനം. ആ സാക്ഷാത്കരത്തിലൂടെ മാത്രമേ ആത്യന്തികമായ മുക്തി ഉണ്ടാവുകയുള്ളു.🙏🙏🙏
കടപ്പാട് 🙏🙏🙏

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം