ദീക്ഷ
ദീക്ഷ
വടിവീശ്വരത്തു കൂടി നടക്കുമ്പോള്‍ , വീതരാഗനായി, സ്വച്ഛന്ദചാരിയായി, അന്യരുടെ ദൃഷ്ടിയില്‍ വെറും ഭ്രാന്തനെന്നു തോന്നുന്നഒരു പ്രാകൃതമനുഷ്യന്‍, അതേ അവധൂതമഹാത്മാവ്, എവിടെ നിന്നോ
ചട്ടമ്പിസ്വാമികളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ആ മഹാത്മാവിനെ കണ്ടമാ
ത്രയില്‍ത്തന്നെ ശ്രീസ്വാമികള്‍ക്കു തോന്നിയത് ഭക്തവത്സലനായ ശ്രീശരവണഭഗവാന്‍തന്നെ അവധൂതവേഷമെടുത്ത് തന്നെ അനുഗ്രഹിക്കാന്‍
എഴുന്നള്ളുകയായിരുന്നുവെന്നാണ്. ''ജാതരൂപധര'' നായ ആ അവധൂതമഹാത്മാവ്, തന്നെ അനുഗമിച്ചു വന്ന പലരേയും അകറ്റിവിട്ടിട്ട്
ശ്രീസ്വാമികളുമൊന്നിച്ച് കുറേദൂരം പോയതിനുശേഷം ഒരു വിജനപ്രദേശത്തു ചെന്നിരുന്നു. ആ അവധൂതന്‍ ശ്രീസ്വാമികളെ സൂക്ഷിച്ചൊന്നു നോക്കി. ശരീരമാസകലം ഒന്നുതലോടി. ശിര സ്സില്‍ ഒന്നുരണ്ടു ചുംബിച്ചു. ചെവിയില്‍ എന്തോഒന്നു മന്ത്രിച്ചു. അഹോ! എന്തൊരത്ഭുതം!
''സ്ത്രീകള്‍ അന്തഃപുരത്തിലേക്കെന്നപോലെ ആര്യതയും ഹൃദ്യതയും
മിത്രതയും സൗമ്യതയും, സര്‍വ്വജ്ഞതയും മുക്തതയും ശ്രീസ്വാമികളുടെ
സമീപത്തേയ്ക്ക് ഓടിച്ചെല്ലുന്നു''. ''നല്ലമുളകളില്‍ മുത്തുമണികളെന്ന
പോലെ നിര്‍മ്മലമായ അദ്ധ്യാത്മവിദ്യ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വിളയുന്നു''
''വന്യമൃഗങ്ങള്‍ വേണുനാദത്തെയെന്നപോലെ
ലോകമെല്ലാം പേശലാചാരമാധുര്യമൂറുന്ന അദ്ദേഹത്തെ പ്രതീക്ഷിച്ചുകൊണ്ടു നില്ക്കുന്നു'' ''അവിടുന്നു കലാവാന്‍ ആണെങ്കിലും നിഷ്‌കളനായിച്ചമയുന്നു'' ''സചിത്തനാണെങ്കിലും നിശ്ചിത്തനാകുന്നു''. ''ജീവിക്കുന്നുണ്ടെങ്കിലും മുക്തനായി മാറുന്നു''.
ശാസ്ത്രപങ്തികള്‍ ഉദ്ധരിക്കാതെ, അദ്ധ്യാരോപാപവാദാദി യുക്തിവാദങ്ങളൊന്നും നടത്താതെ, ക്ഷണനേരംകൊണ്ട് ശ്രീചട്ടമ്പിസ്വാമികളെ
മനോവാഗതീതമായ ''സ്വരാജ്യാധിപതി'' യാക്കി വാഴിച്ച അവധൂതഗുരുവരന്റെ മാഹാത്മ്യം അവര്‍ണ്ണനീയമെന്നേ പറയേണ്ടൂ.
നാന്ദീമുഖാദിശ്രാദ്ധങ്ങളും വിരജഹോമവും കഴിഞ്ഞ് പ്രപഞ്ചഭാവനയെല്ലാം നശിപ്പിച്ചുവെന്നു സങ്കല്പിച്ചുവരുന്ന ശിഷ്യന് വിധിപൂര്‍വ്വം
കാഷായവസ്ത്രം നല്കി മഹാവാക്യോപദേശം കൊടുക്കുകയാണ് സാധാരണ ഗുരുക്കാരുടെ പതിവ്. ഗുരുവില്‍നിന്നും ശ്രവിച്ച മഹാവാക്യത്തിന്റെ അര്‍ത്ഥം നിരന്തരം മനനംചെയ്തുകൊണ്ടിരുന്നാല്‍പോലും ഇന്നത്തെ സാധാരണസംന്യാസിമാര്‍ക്കു ബ്രഹ്മജ്ഞാനാനുഭൂതി ഉണ്ടാകുക വിഷമമാണ്. എന്നാല്‍, അവധൂതഗുരു ഉത്തമാധികാരിയായ ശ്രീചട്ടമ്പിസ്വാമികളെ ''ദീക്ഷാ'' പൂര്‍വ്വമുള്ള മഹാവാക്യോപദേശംകൊണ്ട് ജീവുക്തനാക്കിത്തീര്‍ത്തത് ഗുരുവിന്റെയും ശിഷ്യന്റെയും മാഹാത്മ്യത്തിനു മതിയായ തെളിവാണ്.
ബ്രഹ്മാനന്ദാനുഭൂതിയുടെ
മൂര്‍ത്തീകരണമാണല്ലോ അവധൂതന്‍. അദ്ദേഹത്തില്‍നിന്നു പ്രസരിക്കുന്ന ആദ്ധ്യാത്മികശക്തിക്ക് മായാമോഹങ്ങളെയെല്ലാം നശിപ്പിക്കാന്‍ കഴിവുണ്ട്. ആ കഴിവുള്ള പരമാചാര്യൻമാരെയാണു ശാസ്ത്രങ്ങളില്‍
സദ്ഗുരുക്കന്മാര്‍ എന്നു വ്യപദേശിച്ചുകാണുന്നതും. ആ മഹാപുരുഷന്മാരില്‍ നിന്നും പുറപ്പെടുന്ന ആദ്ധ്യാത്മികശക്തിക്ക് ''ദീക്ഷ'' എന്നാണ് ശാസ്ത്രീയസംജ്ഞ.
''ദീയതേ ജ്ഞാനസദ്ഭാവഃ ക്ഷീയതേ പശുബന്ധനം
ദാനക്ഷപണസംയുക്താ ദീക്ഷാ തേനേഹ കീര്‍ത്തിതാ''
(ജ്ഞാനം, നല്കുകയും ജീവന്റെ സകലവിധബന്ധങ്ങളും നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ആ ശക്തിക്ക് ദീക്ഷ എന്നു പേരു
സിദ്ധിച്ചത്) എന്നാണ് അഭിനവഗുപ്താചാര്യര്‍ 'തന്ത്രാലോകം' എന്ന
ഗ്രന്ഥത്തില്‍ ദീക്ഷയ്ക്കു നിര്‍വചനം കൊടുത്തിരിക്കുന്നത്.
ദീക്ഷ,വളരെ രഹസ്യമായി സൂക്ഷിക്കപ്പെട്ടുപോരുന്ന സമ്പ്രദായമാണ്. വാസിഷ്ഠം,സൂതസംഹിത, ഒഴിവിലൊടുക്കം, കൈവല്യനവനീതം മുതലായ ഗ്രന്ഥങ്ങളില്‍ ദീക്ഷയെക്കുറിച്ച് സാമാന്യം വിവരിച്ചിട്ടുണ്ട്. ശ്രീശങ്കരഭഗവത്പാദര്‍ പരമശിവനോട് ദീക്ഷ യാചിക്കുന്നതായി ശിവാനന്ദലഹരിയില്‍ കാണാം.
ത്വത്പാദാംബുജമര്‍ച്ചയാമി, പരമം
ത്വാം ചിന്തയാമ്യന്വഹം,
ത്വാമീശം ശരണം വ്രജാമി, വചസാ
ത്വാമേവ യാചേ വിഭോ!
ദീക്ഷാം മേ ദിശ ചാക്ഷുഷീം സകരുണാം
ദിവൈ്യശ്ചിരം പ്രാര്‍ത്ഥിതാം
ശംഭോ! ലോകഗുരോ, മദീയമനസൗഖ്യോപദേശം കുരു.
ദിവ്യന്മാരായ മഹര്‍ഷിമാരും ദേവന്മാരുംകൂടി വളരെക്കാലമായി
പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ദീക്ഷയെന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നുണ്ടല്ലോ.
തിരുനോട്ടം, സ്പര്‍ശം, വാക്ക്, ഭാവന, യോഗം, ശാസ്ത്രം ഇങ്ങനെ ദീക്ഷയ്ക്ക് ആറംഗങ്ങളുണ്ട്. അവയില്‍, തിരുനോട്ടവും ഭാവനയും യോഗവും അന്തരംഗങ്ങളും, സ്പര്‍ശവും വാക്കും ശാസ്ത്രവും ബഹിരംഗങ്ങളുമാകുന്നു. സത്യസങ്കല്പനായ പരമാചാര്യന്‍ തിരുനോട്ടംകൊണ്ടോ യോഗശക്തികൊണ്ടോ, ഭാവനകൊണ്ടോ, മറ്റേതെങ്കിലും ദീക്ഷാംഗങ്ങള്‍കൊണ്ടോ ശിഷ്യനിലുള്ള അജ്ഞാനാദിമലങ്ങള്‍ നീക്കി
അവന് ആത്മാനുഭൂതി നല്കുമെന്നാണ് ശാസ്ത്രങ്ങളും മഹാന്മാരും പറഞ്ഞിട്ടുള്ളത്. പക്ഷേ, അങ്ങനെയുള്ള ഗുരുക്കന്മാര്‍ ഇന്നു വളരെ
ദുര്‍ല്ലഭമാണ്. ദീക്ഷാപുരസ്സരമുള്ള മഹാവാക്യോപദേശത്തിന് ക്ഷിപ്രഫലവും അല്ലാതുള്ള ഉപദേശത്തിന് കൃച്ഛ്‌റഫലവുമാണുണ്ടാകുക.
-ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികളുടെ ജീവചരിത്രത്തില്‍ നിന്നും🙏🙏🙏
കടപ്പാട് 🙏🙏🙏
Comments
Post a Comment