ഹരിദ്വാർ യാത്ര ഏഴാം ഭാഗം

ഭാഗം 7 ഹരിദ്വാർ യാത്ര
ഹരിദ്വാർ യാത്രയുടെ ആറ് ഭാഗങ്ങൾക്കും നിങ്ങൾ തന്ന സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് ഏഴാം ഭാഗത്തിലേക്ക്

 ഋഷികേശിൽ എത്തിയ ഞങ്ങൾ ഗംഗയിലെ റിവർ റാഫ്റ്റിംഗും പരമാർത്ഥ ഘട്ടിലെ ഗംഗാരതിയും കണ്ടു ഹിമവാന്റെ മടിത്തട്ടിൽ
വിശ്രമിച്ച് രാവിലെ
നേരത്തെ എഴുന്നേറ്റ്
ഗംഗയിൽ സ്നാനം ചെയ്തു .


ഉദിച്ചുയരുന്ന സൂര്യനെ ഗംഗാനദിയുടെ ഓരത്ത് ഇരുന്ന് കാണുവാൻ ഒരു പ്രത്യേക അനുഭൂതിയാണ്

സന്യാസിമാർ രാവിലെതന്നെ അവിടെ വന്ന് പൂജയും ധ്യാനവും ചെയ്യുന്നത് നമുക്ക് കാണാം


ഗംഗാനദീതീരത്ത് ധാരാളം പാറക്കൂട്ടങ്ങൾ
ഉള്ളതിനാൽ എല്ലാവർക്കും തന്നെ അവിടെ ഇരുന്ന് ധ്യാനം ചെയ്യാനും ഗംഗാനദിയുടെ നൈർമല്യം ആസ്വദിക്കാനും സാധിക്കും

ഗംഗാനദി തരുന്ന തണുപ്പും സൂര്യൻ തരുന്ന ചൂടും
അച്ഛൻറെയും അമ്മയുടെയും കൈപിടിച്ച് നടക്കുന്ന ആത്മവിശ്വാസം നമുക്ക് നൽകും

രാവിലെ എട്ടുമണിക്ക് എല്ലാവരും തയ്യാറായി.

ആ ദിവസം ഞങ്ങൾ കാണുവാൻ തീരുമാനിച്ചത്
ഋഷികേശിലെ ആശ്രമങ്ങളും ക്ഷേത്രങ്ങളും ആണ് .

എന്നാൽ കൊറോണ കാലം ആയതിനാൽ ആശ്രമങ്ങളിൽ ഒന്നും തന്നെ പ്രവേശനം ഇല്ലാത്തതിനാൽ

ഉച്ചവരെയുള്ള സമയം ഋഷികേശ് നടന്നു കാണാൻ ഞങ്ങൾ തീരുമാനിച്ചു.

ഞങ്ങൾ ചെറിയ ഗ്രൂപ്പുകളിലായി പല ഭാഗങ്ങളിലേക്ക് യാത്ര ചെയ്തു.

എങ്ങും സന്യാസിമാരും വിദേശികളും ലോകത്തിൻറെ വിവിധ ഭാഗത്തുള്ളവർ യോഗ അഭ്യസിക്കാനും ധ്യാനത്തിനും ആയി ഋഷികേശിൽ വന്ന് താമസിക്കുന്നത് കാണാൻ സാധിച്ചു.

എവിടെ നോക്കിയാലും വിവിധ സമ്പ്രദായത്തിലുള്ള സന്യാസിമാർ .

ഞങ്ങളുടെ കൂടെ വന്നവർ പലരും സന്യാസിമാരോട് സംസാരിക്കാനും
അവർക്കൊപ്പം ഇരിക്കാനും
ആ സമയം ഉപയോഗിച്ചു.

പല സന്യാസിമാരിൽ നിന്നും വളരെ അത്ഭുതം നിറഞ്ഞ അനുഭവങ്ങളാണ് ഞങ്ങളിൽ പലർക്കും ഉണ്ടായിട്ടുള്ളത്.

പത്തിലധികം ഭാഷ സംസാരിക്കുന്ന സന്യാസിമാർ .

വലിയ ഡിഗ്രികളും
വലിയ സ്ഥാനമാനങ്ങളും ഉള്ളവർ
അതെല്ലാം ഉപേക്ഷിച്ച് ആത്മാന്വേഷണ ത്തിനായി ഗംഗാതീരത്ത് അഭയം പ്രാപിച്ചവർ .

ഓരോരുത്തരുടെ മുഖത്തും അതീവ തേജസ്സും ആനന്ദവും ഞങ്ങൾക്ക് കാണാൻ സാധിച്ചു.

ഞങ്ങൾ
സ്വർഗ്ഗാശ്രമം ട്രസ്റ്റും
ഖാലി കമലിവാലി (ആത്മ പ്രകാശ് ജി മഹാരാജ് ) സമാധി സ്ഥലവും അവിടെയുള്ള പഴയ മുരുക ക്ഷേത്രവും സന്ദർശിച്ചു.

രാം ജ്വാല പാലം കടന്നു കഴിഞ്ഞാൽ ഭാഗീരഥി ആശ്രമം വരെ വളരെ ദീർഘമായ മനോഹരമായ നടപ്പാത യാണ് .

 ഗംഗയിലേക്ക് നോക്കി ധ്യാനം ചെയ്യാനും സാധന അനുഷ്ഠിക്കാനുമായി
ധാരാളം മണ്ഡപങ്ങൾ അവിടെ കാണാം.

ഇടതുഭാഗത്ത് ഗംഗാനദി ആണെങ്കിൽ നമ്മുടെ വലതുഭാഗത്ത് സ്വർഗ്ഗ ആശ്രമം ട്രസ്റ്റ് സ്ഥലമാണ്.

അവിടെ മുഴുവൻ വിവിധ സമ്പ്രദായത്തിലുള്ള സന്യാസിമാരുടെ ആ ശ്രമങ്ങൾ കാണാം.

ഏതെങ്കിലും ഒരു സന്യാസി ആഗ്രഹം പ്രകടിപ്പിച്ചാൽ അവർക്ക് ആശ്രമം നിർമ്മിക്കാനുള്ള എല്ലാ സൗകര്യവും സ്വർഗ്ഗ ആശ്രമം ട്രസ്റ്റ് ഗംഗാനദീതീരത്ത് ചെയ്തു കൊടുക്കാറുണ്ട്.

11 മണി ആവുമ്പോഴേക്കും ഞങ്ങളെല്ലാവരും തിരിച്ചു ഭാഗീരഥി ആശ്രമത്തിലെത്തി
ഭക്ഷണം കഴിച്ചു. 

ആ സമയത്ത് ആശ്രമത്തിലെ മഠാധിപതിഎന്നെ കാണണം എന്ന് പറഞ്ഞ് അകത്തേക്ക് വിളിപ്പിച്ചു. 

കൂട്ടത്തിൽ നന്നായി ഹിന്ദി അറിയാവുന്ന വിനോദ് ജിയെയും കൂട്ടി അദ്ദേഹത്തെ കാണാൻ പോയി.

ഇപ്പോൾ പട്ടാമ്പിയിൽ താമസിക്കുന്ന വിനോദ് ജിവളരെ കാലം ഗുജറാത്തിൽ ആയിരുന്നു.

ഭാരതീയ ധർമ്മ പ്രചാര സഭ യുടെ പ്രവർത്തനങ്ങളെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ കുറിച്ചും സ്വാമിജി വിശദമായി ഞങ്ങളോട് ചോദിച്ചു മനസ്സിലാക്കി . 

വളരെ കാലം എംഎൽഎയും എംപിയും ആയി പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ സന്ന്യാസം സ്വീകരിച്ച് ഈ ആശ്രമത്തിന്റെ ചുമതലയിലാണ് .

വിവിധതരം സന്യാസി പരമ്പരകളെ കുറിച്ചും
ഋഷികേശിലെ അത്ഭുത സന്യാസിമാരെ കുറിച്ചും ഒക്കെ അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.

ഒരു ദിവസത്തിലധികം ഒരു സ്ഥലത്ത് താമസിക്കാത്ത സന്യാസിമാർ ,

ഭിക്ഷ സ്വീകരിച്ച് ജീവിക്കുന്ന സന്യാസിമാർ,

ആരെങ്കിലും കൊണ്ട് കൊടുത്താൽ മാത്രം ഭക്ഷണം കഴിക്കുന്ന സന്യാസിമാർ,

പത്തോ ഇരുപതോ ദിവസം കൂടുമ്പോൾ ഭക്ഷണം കഴിക്കുന്ന സന്യാസിമാർ,

എല്ലാ സന്യാസി പരമ്പര കളെയും സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട സന്യാസിമാർ,

വലിയ ഗോശാലയും കൃഷികളും നടത്തി 
സന്യാസിമാർക്ക് ഭക്ഷണം കൊടുക്കുന്ന
ആശ്രമങ്ങൾ,

അങ്ങനെ അനവധി സന്യാസി സമ്പ്രദായങ്ങളെ കുറി ച്ചും രീതികളെക്കുറിച്ചും അദ്ദേഹം ഞങ്ങൾക്ക് വിവരിച്ചു തന്നു .

സന്യാസി എന്ന് കേൾക്കുമ്പോൾ ഒരു ചിത്രം മാത്രം മനസ്സിൽ വരുന്ന ഞങ്ങൾക്ക് ആ അറിവ് വളരെയധികം വെളിച്ചം നൽകുന്നതായിരുന്നു

ധർമ്മ പ്രചരണത്തിനായി അദ്ദേഹം കേരളം സന്ദർശിക്കുന്നുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞപ്പോൾ കേരളത്തിലെ അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാം എന്ന് ഞങ്ങൾ ഉറപ്പു കൊടുത്തു.

പ്രസാദം സ്വീകരിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.


ഇനി ഞങ്ങളുടെ ലക്ഷ്യം
നീലകണ്ഠ മന്ദിരമാണ്
ഞങ്ങൾക്ക് പോവാനുള്ള വാഹനങ്ങൾ തയ്യാറായി.

അഞ്ച് ജീപ്പുകളിൽ ആയി ഞങ്ങൾ നീലകണ്ഠ മന്ദിരത്തിലേക്ക് പുറപ്പെട്ടു.

ഋഷികേശിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം വളരെ പഴക്കം ചെന്ന ഒരു പുണ്യ തീർത്ഥാടന കേന്ദ്രമാണ്. 

1330 മീറ്റർ ഉയരത്തിലാണ് ഈ ശിവ സന്നിധി സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന വനങ്ങളും പർവതനിരകളും ഈ ക്ഷേത്രത്തിന് ചുറ്റുമുണ്ട്. പങ്കജ, മധുമതി നദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 ക്ഷേത്രത്തിലേക്കുള്ള വഴി ആവേശകരമാണ്
അതിനാൽ തന്നെ ട്രക്കിംഗ് ചെയ്യുന്ന ഒരുപാട് പേരെയും നമുക്ക് വഴിയിൽ കാണാനാവും.

കയറ്റവും ഇറക്കവും ചുരങ്ങളും ഒക്കെയായി വളരെ മനോഹരമായ കാഴ്ചകൾ തരുന്ന യാത്രയാണ്.

ഏതാണ്ട് രണ്ട് മണിക്കൂർ സമയം കൊണ്ട് നമുക്ക് നീലകണ്ഠ മന്ദിരത്തിൽ എത്താൻ സാധിക്കും.

ക്ഷേത്രത്തിന് അര കിലോമീറ്റർ അടുത്ത് വരെ വാഹന സൗകര്യം ഉണ്ട് ബാക്കി ദൂരം നമ്മൾ നടന്നുതന്നെ പോകണം .

സമുദ്രമഥനം നടന്ന സമയത്ത് അതിൽ നിന്നും ഉയർന്നുവന്ന കാളകൂടവിഷം ലോകക്ഷേമാർതഥം കുടിക്കുന്ന ശിവൻറെ കണ്ഠത്തിൽ പാർവ്വതി പിടിക്കുകയും വിഷം കണ്ഠത്തിൽ ഉറച്ച് പോവുകയും നീലനിറം ആവുകയും ചെയ്തു.
അങ്ങനെയാണല്ലോ ശിവന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത്
ഈ സ്ഥലത്ത് വച്ചാണത്രേ ഇത് സംഭവിച്ചത്.

അതിനാൽ തന്നെ ശിവരാത്രി ദിവസം ഇവിടെ വളരെ പ്രധാനമാണ്.

ആ പർവ്വതത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന കാഴ്ചകൾ പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല.
അത്ര മനോഹരമായ പ്രകൃതി ഭംഗിയാണ്.

ഒരു മണിക്കൂർ കൊണ്ട് ക്ഷേത്രദർശനം നടത്തി ഞങ്ങൾ എല്ലാവരും തിരിച്ചു വാഹനത്തിൽ എത്തി.

ശേഷം നേരെ മാതാ പാർവതി മന്ദിറിലേക്ക് .


നീലകണ്ഠ ക്ഷേത്രത്തിൽനിന്നും
തിരിച്ച് വരുന്ന വഴി  
ജീപ്പ് കുറേദൂരം മനോഹരമായ മൺപാതയിലൂടെ സഞ്ചരിച്ച്
ഒരു ചെറിയ ചായക്കടയുടെ മുൻപിൽ നിർത്തി.

അതിന് പിന്നിൽ ഉള്ള വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ ചെറിയ ഒരു മന്ദിരത്തിൽ എത്തിച്ചേർന്നു.

പ്രത്യേകിച്ച് തിരക്കൊ കടകളോ ബഹളങ്ങളോ ഒന്നുമില്ലാത്ത ഒരു ഏകാന്ത സ്ഥലത്ത് ആണ് മാതാ പാർവ്വതി മന്ദിരം സ്ഥിതി ചെയ്യുന്നത്.

തൊട്ടടുത്ത് ഒന്നോ രണ്ടോ ചെറിയ കടകൾ മാത്രം.

എല്ലാവരും തന്നെ മന്ദിരത്തിന് അകത്തിരുന്ന് ജപിക്കുകയും ധ്യാനം ചെയ്യുകയും ചെയ്തു.

അവിടെ നിന്ന് നോക്കിയാൽ ചുറ്റും പർവ്വതങ്ങൾ കാണാം 
ആ പർവ്വതങ്ങളിൽ ധാരാളം ഗുഹകളും ആ ഗുഹയിൽ തപസ്സ് ചെയ്യുന്ന സന്യാസിമാരും ഉണ്ടത്രേ

അവിടെ നിന്നും തിരിച്ചു പോകുന്ന വഴിയിൽ വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടം കണ്ടു
വളരെ വലിയ ഒരു ഗുഹ യോട് ചേർന്ന് അതി മനോഹരമായ ഒരു വെള്ളച്ചാട്ടം.

 ഞങ്ങളിൽ പലരും ആ വെള്ളച്ചാട്ടത്തിൽ കുളിക്കുകയും ഗുഹയിൽ ധ്യാനം ചെയ്യുകയും ചെയ്തു.

വൈകീട്ട് 5 മണി ആവുമ്പോഴേക്കും ഞങ്ങൾ തിരിച്ചു ഋഷികേശിൽ എത്തി.

എല്ലാവരും തന്നെ ആരതി കാണുവാനായി പരമാർത്ഥ ഘട്ട്ലേക്ക് പോയി .ഗംഗാ ആരതി ക്കു ശേഷം കൂടെയുള്ള എല്ലാവരും തിരിച്ച് ഹരിദ്വാറിലേക്ക് തന്നെ തന്നെ പോയി .

ഞങ്ങൾ നാല് പേർ ഋഷികേശിൽ തന്നെ നിന്നു .

ഋഷികേശിൽ എപ്പോഴെങ്കിലും പോകുമ്പോൾ
അവിടെയുള്ള താരാ പീഠത്തിൽ പോവണമെന്ന് സുഹൃത്തായ രാമാനന്ദ് നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ ശാക്ത അഘോരികൾ താമസിക്കുന്ന ഈ സങ്കേതത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല .


ആ സ്ഥലം സന്ദർശിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ അവിടെ തന്നെ ഒരു ദിവസം കൂടി ചെലവഴിക്കാൻ തീരുമാനിച്ചത്.

ഞങ്ങൾ ആരതിയിൽ പങ്കെടുത്തത് ഋഷികേശിലെ മറ്റൊരു ആരതി ഘട്ട് ആയ ത്രിവേണി ഘട്ടിലാണ്.

ത്രിവേണി ഘട്ടിലെ ഗംഗ ആരതി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കാഴ്ചയാണ്.

ഗംഗാ ആരതിക്ക് ശേഷം ഭക്ഷണം കഴിച്ച് ഞങ്ങൾ ശാക്ത അഘോരികളുടെ വാസസ്ഥലമായ താരാപീഠം അന്ന്വേഷിച്ചിറങ്ങി.

പലരോടും അന്വേഷിച്ചെങ്കിലും ആർക്കും അറിയില്ല എന്നാണ് അവർ പറഞ്ഞത്.

അവസാനം ഒരു താരാ മന്ദിരം ഞങ്ങൾ കണ്ടുപിടിച്ചെങ്കിലും
അകത്തുകയറാൻ അവർ അനുവദിച്ചില്ല.

അപ്പോഴേക്കും സമയം രാത്രി ഒൻപത് മണി ആയിരുന്നു.

ഞങ്ങൾ ഗംഗയുടെ തീരത്തു കൂടി അലക്ഷ്യമായി നടന്നു.

കുറച്ചു ദൂരെ ഒരു അഘോരി സന്യാസിയെ കണ്ടു.
അദ്ദേത്തിനടുത്തു പോയി താരാപീഠം ചോദിച്ചു.

ഗംഗാ നദിയുടെ മറുകരയിൽ നിരനിരയായി നിൽക്കുന്ന വലിയ പർവ്വതങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു  

ആ കാണുന്ന മലകളിൽ നിങ്ങൾ കത്തുന്ന വലിയ പന്തങ്ങൾ കാണുന്നുന്നില്ലേ

അതെല്ലാം അഘോരി അഗാഢകളാണ് .

വിവിധ സമ്പ്രദായത്തിൽ പെട്ട അഘോരി സന്യാസിമാർ വസിക്കുന്നതും ഉപാസന ചെയ്യുന്നതും അവിടെയാണ് .

അത് അവരുടെ കേന്ദ്രമാണ് സാധാരണക്കാർക്ക് അവിടേക്ക് പ്രവേശനം ഇല്ല നിങ്ങൾ അവിടേക്ക് പോയാൽ ,അത് അവരുടെ ഉപാസനയ്ക്ക് തടസ്സം ആയാൽ ഒരു പക്ഷേ അവർ കയ്യിലുള്ള ഉള്ള മൂർച്ചയേറിയ ഇരുമ്പ് ശൂലങ്ങൾ കൊണ്ട് ഉപദ്രവിക്കാം.

വിനോദയാത്ര പോകുന്നതുപോലെ പോകാൻ പറ്റുന്ന സങ്കേതങ്ങൾ അല്ല ഇതൊന്നും . സന്യാസിമാർ അനുവദിച്ചാൽ ആഗ്രഹിച്ചാൽ മാത്രമേ നിങ്ങൾക്ക് അവിടെ എത്താൻ സാധിക്കുകയുള്ളൂ.

എന്നാണ്.


അഘോരി സന്യാസി കളുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് 
കാലം വഴി ഒരുക്കട്ടെ
എന്ന് പ്രാർത്ഥിച്ചുകൊണ്ട്
ഞങ്ങൾ തിരിച്ച് ഭാഗീരഥി ആശ്രമത്തിലേക്ക് തന്നെ പോയി..

യാ ദേവി സർവ്വ ഭൂതേഷു 
നിദ്ര രൂപേണ സംസ്ഥിതാ ................

ആരാണ്
അഘോരി സന്യാസികൾ ?

ആറുവരെ ഭാഗങ്ങൾ

ചിത്രങ്ങൾ, വീഡിയോകൾ

തുടങ്ങി
വിശദവായനക്ക് 
ബ്ലോഗ് 
ലിങ്ക് നോക്കുക

ആരാണ് അഘോരികൾ
http://sreenathji.blogspot.com/2021/04/blog-post.html

http://bharatheeyadharmapracharasabha.blogspot.com/2021/04/blog-post_12.html

ഖാലി കമലിവാലാ
സമാധി ഋഷികേശ്
https://youtu.be/am2JAG_GY_Q

ത്രിവേണി ഘട്ടിലെ ഗംഗാ ആരതി ഋഷികേശ്

https://youtu.be/iMdGR3O54oM

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം