ബാണലിംഗം
*ബാണലിംഗം*
നർമ്മദാ നദിയിലെ മധ്യപ്രദേശ് ഭാഗത്തു നിന്നും ലഭിക്കുന്ന പുരാതനവും പവിത്രവുമായ പ്രകൃതി ദത്ത ശിവലിംഗത്തെ യാണ് ബാണലിംഗമെന്ന് പറയുന്നത്. നർമ്മദ യ്ക്ക് രേവ എന്ന് മറ്റൊരു പേരു കൂടിയുണ്ട്. രേവാനദിയെക്കുറിച്ച് രാമായണം, മഹാഭാരതം, മറ്റ് പുരാണങ്ങൾ എന്നിവയിലൊക്കെ പരാമർശമുണ്ട്.
വൈഷ്ണവർ സാളഗ്രാമത്തെ എപ്രകാരമാണോ പൂജനീയമായി കാണുന്നത് അപ്രകാരമാണ് ശൈവർ ബാണലിംഗത്തെ കണക്കാക്കുന്നത്..
ബാണലിംഗം വീടുകളിൽ പൂജയ്ക്ക് ഉപയോഗിക്കാൻ അത്യുത്തമമാണ്.
മൂന്നു തരം ലിംഗങ്ങളെക്കുറിച്ച് ബൃഹത് വൈവരത പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. സ്വയംഭൂലിംഗം, ബാണലിംഗം, ശൈല ലിംഗം എന്നിവയാണവ. വ്യക്തം, അവ്യക്തം, വ്യക്താവ്യക്തം എന്നും ഇവ അറിയപ്പെടുന്നു. ഇതിൽ ബാണലിംഗ (അവ്യക്തം) പൂജയിലൂടെ സന്തോഷം , ഐശ്വര്യം, മോക്ഷം എന്നിവ ലഭിക്കുന്നു എന്നും ഈ പുരാണത്തിൽ പരാമർശിക്കുന്നു.
ബാണലിംഗത്തിന്റെ ആകൃതി ഒരു മുട്ടയുടെ രൂപത്തിലാണ്. ഈ രൂപം ബ്രഹ്മാണ്ഡത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് കരുതുന്നത്.
മറ്റ് ലിംഗങ്ങളെ പൂജിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ കോടി പുണ്യം ബാണലിംഗത്തെ പൂജിച്ചാൽ ലഭിക്കുമെന്ന് യാജ്ഞവൽക്യസംഹിതയിൽ പറയുന്നു.
ബാണലിംഗത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്.
ബാണൻ എന്ന അസുരൻ കടുത്ത ശിവ ഭക്തനായിരുന്നു. ബാണൻ ശിവപ്രീതി നേടാനായി കടുത്ത ത പസ്സു തുടങ്ങി. തപസ്സിന്റെ കാഠിന്യം കൂടിയപ്പോൾ ഭഗവാൻ അയാൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു. താൻ മരണമില്ലാത്തവനായിരിക്കണം എന്നായിരുന്നു ബാണൻ ആവശ്യപ്പെട്ട വരം. പക്ഷേ അത്തരം ഒരു വരം നൽകാൻ നിർവാഹമില്ലാത്തതിനാൽ ഭഗവാൻ മറ്റൊരു വരം ചോദിക്കാൻ അയാളോട് ആവശ്യപ്പെട്ടു.
അങ്ങിനെയെങ്കിൽ താൻ ആകാശത്തിലൂടെ സഞ്ചരിക്കുന്ന മൂന്ന് പുരങ്ങൾ ഉണ്ടാക്കുമെന്നും അതിൽ ഓരോന്നിലും ഓരോ വർഷം താമസിക്കുമെന്നും , വർഷത്തിലൊരിക്കൽ തന്റെ താമസം മാറാനായി ഈ മൂന്ന് പുരങ്ങളും ഒന്നിക്കുന്ന വേളയിൽ ഒരൊറ്റ ആയുധം ഉപയോഗിച്ച് ഒരേ സമയത്ത് ആ തൃപുരങ്ങളെ തകർത്ത് തന്നെ വധിക്കുവാൻ കഴിയുന്ന ഒരാൾക്കേ തന്റെ ജീവനെടുക്കാൻ കഴിയാവൂ എന്നായിരുന്നു ബാണൻ ആവശ്യപ്പെട്ട വരം.
ക്ഷിപ്രപ്രസാദിയായ ഭഗവാൻ ബാണന് ആ വരം നൽകി.
വരലബ്ദിയാൽ അഹങ്കാരിയായ ബാണൻ ഭൂമിയിലും സ്വർഗ്ഗത്തിലും അക്രമം അഴിച്ചു വിടാൻ തുടങ്ങി. ഒടുവിൽ സഹികെട്ട ദേവന്മാർ ശിവന്റെ മുന്നിലെത്തി.
അങ്ങിനെ മൂന്ന് പുരങ്ങളും ഒന്നിക്കുന്ന അവസരത്തിൽ ഭഗവാൻ തന്റെ പിനാകം ഉപയോഗിച്ച് മൂന്ന് പുരങ്ങളേയും തകർത്ത് ബാണനെ വധിച്ചു.
ഇതിൽ ഒരു പുരം തകർന്നു വീണത് ശ്രീ ക്ഷേത്രമലയിലായിരുന്നു. മറ്റൊന്ന് വിന്ധ്യാ ചലത്തിന്റെ ഭാഗമായ അമരാന്തക മലയിലും .
ബാണനുണ്ടായിരുന്ന പുരം വീണത് പുണ്യ നദിയായ രേവയിലും . നൂറ് കഷ്ണങ്ങളായി ആ നദിയിൽ വീണ ബാണന്റെ ശരീരവും പുരവും ആയിരക്കണക്കിന് കഷ്ണങ്ങളായി മാറി. അവയൊക്കെ ബാണലിംഗങ്ങളുമായി മാറി. ഇതാണ് ബാണലിംഗത്തെക്കുറിച്ചുള്ള ഐതിഹ്യം.
അതീവ പുണ്യ പ്രദായകമായ ബാണലിംഗം ശിവപൂജയിൽ പങ്കെടുക്കുന്ന താല്പര്യമുള്ളവർക്കായി ഭാരതീയ ധർമ്മ പ്രചാര സഭ ഒരുക്കിയിട്ടുണ്ട്.
രുദ്ര പൂജാ വേളയിൽ ശ്രീ രുദ്രം ജപിച്ച് ബാണലിംഗത്തിൽ അഭിഷേകം നടത്തി ഐശ്വര്യവും മോക്ഷവും നേടാൻ മുഴുവൻ സാധകർക്കും സാധിക്കട്ടെ എന്ന് ശിവ ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ട്
ഭഗവത് പാദത്തിലും ആചാര്യ പാദത്തിലും പ്രണാമത്തോടെ
Comments
Post a Comment