സിദ്ധൻ പടലുകൾ

ആരാണ് 18 സിദ്ധന്മാർ? എന്താണ് സിദ്ധർ പാടലുകൾ 


18 എന്ന സംഖ്യ വളരെ മിസ്റ്റിക്കൽ ആയ ഒരു സംഖ്യയായാണ് ഭാരതത്തിൽ കണക്കാക്കപ്പെടുന്നത്. 18 എന്തിൻ്റെ കൂടെ ചേർത്ത് പറഞ്ഞാലും അതിന് ഒരു ദൈവീകമായ മാനമുണ്ട് എന്നാണ് ഏറ്റവും ചുരുങ്ങിയ അർത്ഥം. ആദിയും അന്ത്യവും ഒടുങ്ങുന്ന ഇടം അനാദി ഇതാണ് 18 സൂചിപ്പിക്കുന്നത് എന്നാണ് ഏറ്റവും വലിയ അർത്ഥം. 

18 സിദ്ധന്മാർ എന്ന് പറയുന്ന സമയത്ത് ഈ സംഖ്യ സൂചിപ്പിക്കുന്നത് അനാദിയായ ഒരു പാരമ്പര്യത്തെ തന്നെയാണ്. ചിദാനന്ദ സ്വരൂപമായ ശിവം എന്നു വിളിക്കുന്ന അനാദിയായ പൊരുളിൽ നിന്ന് ഒഴുകിവന്ന തത്വചിന്തയുടെ, വൈദ്യശാസ്ത്രത്തിൻ്റെ, യോഗയുടെ ആത്മധാരാ പ്രവാഹമാണ് സിദ്ധരിലൂടെ ഒഴുകിയ വിദ്യ.

ശിവൻ, നന്ദികേശ്വരൻ അഗസ്ത്യർ, തിരുമൂലർ, ഭോഗർ, കൊങ്കണവർ, പാമ്പാട്ടി ചിത്തർ, മച്ചമുനി കോരക്കർ, ഇടൈകാദർ, കുതുംബായ്‌, തേരയർ, ശിവവാക്യർ പട്ടിണത്താർ, ചട്ടൈമുനി, രാമതേവർ, പൂശുണ്ടർ, കരൂരവർ, പുലിപാണി തുടങ്ങിയ മഹാ സിദ്ധർ ഈ പരമ്പരയുടെ കെടാവിളക്കാണ്. 

പല സമ്പ്രദായത്തിലും പല പേരുകളും സിദ്ധർക്ക് കൊടുത്തു വരാറുണ്ട് , മച്ച മുനി എന്ന സിദ്ധ പാരമ്പര്യത്തിൽ വിളിക്കുന്ന ആൾ തന്നെയാണ് മത്സ്യേന്ദ്രിയനാഥൻ എന്ന ശാക്തപാര പാരമ്പര്യത്തിലെ യോഗിനി കൗള സ്ഥാപകനായ മഹായോഗി. നാഥ പരമ്പരയും സിദ്ധ പരമ്പരയും ഇങ്ങനെ മേളിക്കുന്ന സമയത്ത് ടിബറ്റൻ വജ്രയാന ബുദ്ധമതം മച്ചമുനിയെ ലൂയിപാദ എന്ന പേരിലാണ് വിളിക്കുന്നത് , അവലോകിതേശ്വരൻ എന്ന പേരിൽ അറിയപ്പെടുന്നതും മറ്റൊരാൾ അല്ല എന്ന് നേപ്പാളിലെ ബൗദ്ധ സങ്കല്പത്തിൽ കാണാം. കോരക്കർ എന്ന ആൾ തന്നെ ഗോരഖ്നാഥൻ ആകുന്നതും, യോഗ സമ്പ്രദായത്തിന് പുതിയ മാനം നൽകിയ പതഞ്ജലിയും, ഇതിഹാസ കർത്താവായ വാല്മീകിയും സിദ്ധ പാരമ്പര്യത്തിന് ഭാഗമായി വരുന്നതും ഈ പരമ്പരയുടെ വൈപുല്യത്തെ അടയാളപ്പെടുത്തുന്നു. പലയിടത്തും സൂഫി പരമ്പരയുമായി സിദ്ധ പരമ്പര ചേർന്നൊഴുകുന്നു.

നമ്മുടെ നവോത്ഥാനത്തിൻ്റെ പതാകാ വാഹകർ ആയ അയ്യാ വൈകുണ്ഡരും, തൈക്കാട്ട് അയ്യാവും, ശ്രീനാരായണ ഗുരുവും, ചട്ടമ്പിസ്വാമികളും സിദ്ധ പരമ്പരയിൽ കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. 

ഇങ്ങനെ മഹത്തായ ഒരു പരമ്പര എല്ലാവിധ ജാതി മത ലിംഗ വർണ്ണ ഭേദങ്ങൾക്കും അതീതമായി എല്ലാ ജീവനിലും ഈശ്വരനെ കാണുന്ന അവരുടെ മഹത്തായ ദർശനം ലളിതമായ പാട്ടുകൾ ആയാണ് രേഖപ്പെടുത്തി വെച്ചിരിക്കുന്നത്, അവയാണ് സിദ്ധർ പാടലുകൾ.
ആത്മദർശനങ്ങളെ ലളിതമായ പാട്ടുകളായി ആവിഷ്കരിച്ചിരിക്കുന്ന മറ്റൊരു സമ്പ്രദായം ഭൂമുഖത്ത് നിലവിലുണ്ടോ എന്നു നാം ഈ കാലത്തിൽ പോലും ആശ്ചര്യപ്പെടുന്നു. സിദ്ധർ പാടലുകൾ കേൾക്കുമ്പോൾ വളരെ ലളിതമെന്നു തോന്നുമെങ്കിലും അത് ചർച്ച ചെയ്യുന്ന അതിൻ്റെ ഉൾക്കാമ്പ് വളരെ ഗഹനമായി തന്നെ അറിയേണ്ടതാണ്, പലതും രഹസ്യമായി മാത്രം അറിയാൻ സാധിക്കുന്നത് മാത്രമാണ്. യോഗയുടെ രഹസ്യങ്ങളെ പരസ്യമായ പാട്ടുകളിൽ രഹസ്യമായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന മറൈ പൊരുളുകളാണവ. 

ദൗർഭാഗ്യകരമെന്നു പറയട്ടെ അതിൽ പലതും ഇന്ന് നഷ്ടമായിരിക്കുന്നു. എന്നാൽ
നമുക്ക് ഇന്ന് നഷ്ടമായി പോയ പല പാടലുകളെയും ശ്രീ മുരുകദാസ് ചന്ദ്രൻ അദ്ദേഹത്തിൻറെ അക്ഷീണമായ പ്രവർത്തന ഫലമായി എഴുതി എടുക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട് അതിൽ 18 പാട്ടുകൾ അദ്ദേഹം ട്യൂൺ ചെയ്തു ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇതേകുറിച്ച് മലയാളത്തിൻറെ നടനവിസ്മയം ആയ മോഹൻലാലിനോട് പറഞ്ഞപ്പോൾ ഇത് സംരക്ഷിക്കാൻ വേണ്ട എന്ത് കാര്യങ്ങൾക്കും ഞാൻ കൂടെയുണ്ട് എന്നാണ് അദ്ദേഹം തിരിച്ചു ഉറപ്പുനൽകിയത് . അത്രമാത്രം ആ പാട്ടുകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യ വിദ്യയെ അദ്ദേഹം അറിഞ്ഞിരിക്കുന്നു എന്ന് സാരം.

18 സിദ്ധർ പാടലുകളെ ആസ്പദമാക്കി  ശ്രീ മുരുകദാസ് ചന്ദ്രൻ അവതരിപ്പിക്കുന്ന സിദ്ധർ പാടലുകളുടെ സംഗീതാവിഷ്കാരം

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വളരെ ദുർലഭമായി മാത്രം കേൾക്കാൻ സാധിക്കുന്ന അറിയാൻ സാധിക്കുന്ന ഈ മഹനീയ പാരമ്പര്യത്തെ കേൾക്കാനും കാണാനും ഉള്ള അവസരമാണ്

https://youtu.be/m-9wgdu3FZ4

Comments

Popular posts from this blog

sreevidyopasana kaalyakrithyam

ശിവപൂജ ക്രമം

ശ്രീവിദ്യ - സമ്പ്രദായം, ചരിത്രം, വികാസം, പ്രയോഗം