36 തത്വങ്ങൾ
ശാക്തേയ വിചാരം
ഷഡ് ത്രിംശദ് തത്വാനി വിശ്വം എന്ന കൽപ്പ സൂത്രവാക്യത്തിലൂടെ സർവ്വ പ്രപഞ്ചവും 36 തത്വങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ശാക്ത തന്ത്രം. വിശ്വം എന്നതിന് സമഷ്ടി പ്രപഞ്ചം എന്ന് അർത്ഥം.
"ശിവാദി ക്ഷിത്യന്തരൂപേണ പരിണമത ഇത്യർത്ഥ: ||
ശിവാദി ക്ഷിതിപര്യന്തം, ശിവതത്വം തുടങ്ങി ഭൂമി തത്വം വരെ 36 തത്വങ്ങളുടെ പരിണാമം ആണ് പ്രപഞ്ചം എന്ന് സാരം.
സ്വാഭിമത: പരിണാമ വാദ ഏവ സ്പുടീകൃത : ശാക്ത സൃഷ്ടി വാദം പരിണാമ വാദത്തെ അംഗീകരിക്കുന്നു എന്ന് വ്യക്തമാണ്.
യദാ ക്ഷീരം ദാദ്ധ്യാകാരേണ പരിണമത, താശ്ച ചിച്ശക്തിരേവ സർവാകാരേണ പരിണാമത.
എങ്ങിനെ ആണോ പാല് തൈരും വെണ്ണയുമായി പരിവർത്തനം ചെയ്യപ്പെടുന്നത്, അത് പോലെ ചിത്ശക്തി പ്രപഞ്ച രൂപമായി പരിണമിക്കുന്നു.
ശാക്ത പക്ഷത്തിൽ പരാശക്തി തത്വാതീയയും, വിശ്വധാരിണിയും ആണ്. പരാ ശക്തി വിശ്വാതീതയും ആണ്.
വിശ്വമായി പരിണമിച്ചിരിക്കുന്ന 36 തത്വങ്ങൾ ഇതുകൾ ആണ്,
ശിവൻ, ശക്തി, സദാശിവൻ, ഈശ്വരൻ, ശുദ്ധ വിദ്യ |
ഇവ അഞ്ചും ശുദ്ധ തത്വങ്ങൾ ആണ്.
മായ, കല, വിദ്യ, രാഗം, കാലം, നിയതി, പുരുഷൻ |
ഇവ ഏഴും ശുദ്ധാശുദ്ധ തത്വങ്ങൾ.
പ്രകൃതി, അഹംകാരം, ബുദ്ധി, മനസ്സ്, ശ്രോത്രം, ത്വക്, നേത്രം, ജിഹ്വ, ഘ്രാണം, വാക്, പാണി, പാദം, പായു, ഉപസ്‌തം, ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം, ആകാശം, വായു, അഗ്നി, ജലം, പൃഥ്‌വി | എന്നിവ അശുദ്ധ തത്വങ്ങളും ആണ്.
ഈ തത്വങ്ങളെ സാമാന്യമായി പറയാം
ശിവതത്വം :-
സിസൃക്ഷോ: പ്രഥമ സ്പന്ദ:ശിവ തത്വ.............. ||
സൃഷ്ടിക്കുന്നതിനുള്ള പരാശക്തിയുടെ പ്രഥമ സ്പന്ദനമാണ് ശിവ തത്വം.
യദാ സാ പരമാ ശക്തി: സ്വേച്ഛയാ വിശ്വരൂപിണി |
പരാശക്തി തന്റെ ഇച്ഛകൊണ്ടു പ്രപഞ്ച രൂപിണിയായി പരിണമിക്കുന്നു.
യദയമനുത്തര മൂർത്തിർ നിജേച്ഛയാ വിശ്വമേഷിതും
സ്രഷ്ട്ടം |പസ്പന്ദ സ :സ്പന്ദ പ്രഥമ ശിവതത്വമുച്യതേ |
അനുത്തര മൂർത്തിയായ പരാശക്തിയുടെ ജഗദ് സൃഷ്ടിക്കു വേണ്ടിയുള്ള ആദ്യ സ്പന്ദമാണ് ശിവ തത്വം.
ശക്തി തത്വം :---
ഇച്ചൈവാസ്യ പരിമ്ലാന ശക്തി തത്വമുച്യതേ........... |
ഈ സ്പന്ദ രൂപിയായ ശിവതത്വത്തിന്റെ ശുദ്ധവും, നിരങ്കുശവും ആയ ഇച്ഛ ആണ് ശക്തി തത്വം.
ചിദാനന്ദേച്ചയാ ജ്ഞാന ക്രിയാ രൂപാ.... എന്ന് തന്ത്രം.
ചിദ്, ഇച്ഛാ, ജ്ഞാന, ക്രിയാ രൂപയാകുന്നു ശക്തി.
ആനന്ദോച്ചാലിതാ ശക്തി : സൃജന്യമനസാത്മനാ |
ശക്തി ആനന്ദത്തിൽ ആറാടി തന്റെ തന്നെ സ്വരൂപത്തിൽ സൃഷ്ടി രൂപത്തിൽ പ്രകടമാകുന്നു.
സദാശിവ തത്വം :---
സ്വേച്ഛയാ സൂചിതം വിശ്വ.......... സ ഏവ തത്വം സദാശിവം ||
സ്വന്തം ഇച്ഛയാൽ സമസ്ത ലോകത്തെയും അനുഗ്രഹം ചെയ്യുന്ന അഹം തത്വം ആണ് സദാശിവൻ. [ ഈ സദാശിവനാണു ആദി ഗുരു ആയ ആദി നാഥൻ ]
ഈശ്വരൻ :----
സഏവൈശ്യര തത്വം സ്യാദ് പശ്യൻ വിശ്വമിദന്തയ........ ||
സൃഷ്ടിക്കപ്പെട്ട വിശ്വ പ്രപഞ്ചം തന്നിൽ നിന്നും അഭിന്നമായി, പ്രപഞ്ചം താൻ തന്നെയാണ് എന്ന് സ്വയം കാണുന്ന തത്വമാണ് ഈശ്വരൻ.
ശുദ്ധ വിദ്യ :----
അഹന്തേദന്തയൊരൈക്യം സാ വിദ്യേദി നിഗദ്യതേ.... |
ലോകാനുഗ്രഹ കർത്താവായ സദാശിവന്റെ അഹന്തയും, ലോകം താൻ തന്നെ ആണെന്ന ഈശ്വരന്റെ ഇഹന്തയും കൂടിച്ചേർന്ന ഐക്യതത്വം ആണ് ശുദ്ധ വിദ്യ.
ഈ 36 തത്വങ്ങളുടെയും, തത്വാതീതം ആയ പരാശക്തിയുടെയും വിവരണം ബൃഹത്തും, സങ്കീർണ്ണവും, തന്ത്ര തത്വ ചിന്താപരവും, സ്വഗുരുക്കാരിൽ നിന്നും അറിയേണ്ട അനുജ്ഞയും, സ്വ ഉപാസനാ ദാർഢ്യത്താൽ മാത്രം അറിയേണ്ടതും ആയതിനാൽ ഇവിടെ ചുരുക്കി പറഞ്ഞിരിക്കുന്നു..
Comments
Post a Comment